ശബരിമലയില്‍ സംഘടിച്ചെത്താന്‍ ബി.ജെ.പിയുടെ സര്‍ക്കുലര്‍
തിരുവനന്തപുരം: പ്രവര്‍ത്തകരെ സംഘടിപ്പിച്ച് സന്നിധാനത്തെത്തിക്കാന്‍ നേതാക്കളെ ചുമതലപ്പെടുത്തി ബി.ജെ.പി പുറപ്പെടുവിച്ച സര്‍ക്കുലര്‍ പുറത്ത്.
ഇതിനായി സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രത്യേകം ചുമതല വീതിച്ചു നല്‍കിയിട്ടുള്ളതായും സര്‍ക്കുലറില്‍ പറയുന്നു. ഓരോ ദിവസവും ഓരോ ജില്ലയിലെ പ്രവര്‍ത്തകരെ എത്തിക്കാനാണ് സര്‍ക്കുലറിലൂടെ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനായി അതാത് ജില്ലയില്‍ നിന്നുള്ള സംസ്ഥാന നേതാക്കള്‍ക്ക് ചുമതല നല്‍കിയിട്ടുമുണ്ട്.
അതാതു സ്ഥലങ്ങളിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍, യുവമോര്‍ച്ച ഭാരവാഹികള്‍, മേഖല ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ക്കാണ് ആളുകളെ എത്തിക്കുന്നതിനുള്ള ചുമതല ഓരോ നിയോജകമണ്ഡലത്തിലും നല്‍കിയിട്ടുള്ളത്.
ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്റെ പേരിലാണ് പാര്‍ട്ടി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
നിയോജക മണ്ഡലം കമ്മിറ്റികള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ മണ്ഡലം ഭാരവാഹികള്‍ക്കും ചുമതല നല്‍കിയിട്ടുണ്ട്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍, മറ്റ് സംഘ്പരിവാര്‍ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ എത്തിക്കുന്നത് സംബന്ധിച്ച് പട്ടിക നല്‍കണമെന്നും നിയോജക മണ്ഡലം കമ്മിറ്റികളോട് ആവശ്യപ്പെടുന്നു.
കുറഞ്ഞത് മൂന്ന് നിയോജക മണ്ഡലത്തില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ഒരു ദിവസം ശബരിമലയിലെത്തണമെന്നാണ് നിര്‍ദേശം. ഡിസംബര്‍ 15 വരെയുള്ള ചുമതലകളാണ് ഈ സര്‍ക്കുലറില്‍ തീരുമാനിച്ചു നല്‍കിയിട്ടുള്ളത്. പ്രവര്‍ത്തകര്‍ എവിടെയെത്തണം, എവിടെ സംഘടിക്കണം എന്നീ കാര്യങ്ങള്‍ ചുമതലക്കാരന്‍ അറിയിക്കുമെന്നു പറയുന്ന സര്‍ക്കുലറില്‍ ചുമതലക്കാരനെ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും ചേര്‍ത്തിട്ടുണ്ട്.
ഇതോടെ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ആളുകളെ തടയാനില്ലെന്ന ബി.ജെ.പിയുടെ പ്രഖ്യാപനമാണ് പൊളിയുന്നത്.
മാത്രമല്ല സംഘര്‍ഷത്തെ തുടര്‍ന്ന് ശബരിമല സന്നിധാനത്തും പരിസരത്തും നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സംഘടിച്ചെത്താന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."