കൈവശഭൂമിയുടെ രേഖയ്ക്കായി കാത്തിരിക്കുന്നത് 2500 കുടുംബങ്ങള്‍
മാനന്തവാടി: റവന്യു സര്‍വേ വകുപ്പുകളിലെ ഉദ്യാഗസ്ഥരും സ്വകാര്യ എസ്‌റ്റേറ്റ് മാനേജ്‌മെന്റും തമ്മിലുള്ള ഒത്തുകളി മൂലം വടക്കേ വയനാട്ടിലെ മൂന്ന് വില്ലേജുകളിലെ 2500 കുടുംബങ്ങള്‍ വഴിയാധാരമായി. മാനന്തവാടി, തവിഞ്ഞാല്‍, തൊണ്ടര്‍നാട് വില്ലേജുകളില്‍പ്പെട്ട നിര്‍ധന കുടുംബങ്ങളാണ് തങ്ങളുടെ കൈവശഭൂമിക്ക് രേഖക്കായി കാത്തിരിക്കുന്നത്.
പട്ടയം ലഭിക്കുന്നത് ഇനിയും വൈകിയാല്‍ ഇവിടെയും ചെമ്പനോട ആവര്‍ത്തിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. വള്ളിയൂര്‍ക്കാവ് ദേവസ്വത്തില്‍ നിന്ന് സ്വകാര്യ തോട്ടം ഉടമകള്‍ പാട്ടത്തിനെടുത്ത് കൈവശം വച്ചതും എസ്‌റ്റേറ്റിന്റെ പുറമ്പോക്ക് ഭൂമിയില്‍ ഉള്‍പ്പെട്ടതുമായ എണ്ണൂറോളം ഏക്കര്‍ ഭൂമിയില്‍ 1970മുതല്‍ താമസിക്കുന്നവരാണ് രണ്ടായിരത്തി അഞ്ഞൂറിലധികം കുടുംബങ്ങള്‍.
അഞ്ച് സെന്റ് മുതല്‍ ഒരേക്കര്‍ വരെ ഭൂമി കൈവശം ഉള്ളവരാണ് ഇവര്‍. വര്‍ഷങ്ങളോളം പ്രക്ഷോഭം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സര്‍വേ നടത്താനും രേഖ നല്‍കാനും തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍വേ തുടങ്ങി. ഏപ്രില്‍ മാസത്തിനുള്ളില്‍ എല്ലാവര്‍ക്കും പട്ടയം നല്‍കാമെന്ന് ആറ് മാസം മുമ്പ് റവന്യൂ വകുപ്പ് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍ സര്‍വേ ഇടക്ക് വച്ച് നിര്‍ത്തി സംഘം മടങ്ങിയിട്ട് നാളെറെയായി. മുമ്പ് നടന്ന സമരത്തിന്റെ ഭാഗമായി നികുതി സ്വീകരിക്കാന്‍ തീരുമാനമാവുകയും കുറച്ചു പേരുടെ നികുതി സ്വീകരിക്കുകയും ചെയ്‌തെങ്കിലും ആ രസീത് കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഈ വിഷയത്തില്‍ സ്വകാര്യതോട്ടം ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയും ഇപ്പോഴും കേസ് നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്. പുറമ്പോക്ക് ഭൂമിയെ ചൊല്ലിയാണ് കേസ്. കേസ് ഒത്തുതീര്‍പ്പാക്കാനും കൈവശം ഭൂമിയുള്ളവര്‍ക്ക് പട്ടയം നല്‍കാനും സര്‍ക്കാര്‍ തയാറാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
ജെസ്സി, ചിറക്കര, തലപ്പുഴ, തവിഞ്ഞാല്‍, തേറ്റമല എന്നിവിടങ്ങളിലാണ് ഇത്തരം ഭൂപ്രശ്‌നം നിലനില്‍ക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും തോട്ടം തൊഴിലാളികളും മൂന്ന് തലമുറകളായി ഇതേ സ്ഥലത്ത് താമസിക്കുന്നവരുമാണ്. എല്ലാവര്‍ക്കും വീട്ടുനമ്പറും ഇതേ വിലാസത്തില്‍ റേഷന്‍ കാര്‍ഡുമുണ്ട്. പ്രശ്‌നം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."