മോദിയെ പ്രശംസിച്ച് 'കോപ്പി പേസ്റ്റ്' കുറിപ്പ്; വിവാദമായതോടെ ട്വീറ്റ് മുക്കി വനിതാ താരങ്ങള്‍
ന്യൂഡല്‍ഹി: ദീപാവലി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുമോദിക്കാനായി രാജ്യത്തെ പ്രമുഖ വനിതാ കായിക താരങ്ങള്‍ ട്വിറ്ററില്‍ 'കോപ്പി പേസ്റ്റ്' കുറിപ്പിടുകയും സംഭവം സോഷ്യല്‍മീഡിയയില്‍ പിടിക്കപ്പെടുകയും ചെയ്തതിന് പിന്നാലെ ട്വീറ്റുകള്‍ അപ്രത്യക്ഷമായി.
ബോക്‌സിങ് താരങ്ങളായ മേരി കോം, നിഖാത് സരീന്‍, ബാഡ്മിന്റണ്‍ താരങ്ങളായ സൈന നേഹ്‌വാള്‍, പി.വി സിന്ധു, ഗുസ്തി താരം ഗീത ഫോഗട്ട്, പൂജ ധണ്ഡ, ടേബിള്‍ ടെന്നിസ് താരം മണിക ബത്ര തുടങ്ങിയവരാണ് ഒരേ ട്വീറ്റ് തന്നെ കോപ്പ് പേസ്റ്റ് ചെയ്ത് സ്വന്തം അക്കൗണ്ടിലും പ്രസിദ്ധീകരിച്ചത്. 'സ്ത്രീകളെ ശാക്തീകരിക്കാനും ബഹുമാനിക്കാനും മുന്‍കൈയെടുത്തതിന് നരേന്ദ്ര മോദിക്ക് നന്ദി' എന്നു പറഞ്ഞായിരുന്നു കുറിപ്പ്. ഒരേ വാചകം തന്നെ എല്ലാവരും വള്ളിപുള്ളി വിടാതെ കോപ്പി പേസ്റ്റ് ചെയ്യുകയായിരുന്നു.
കേന്ദ്ര യുവജനകാര്യ, കായിക സഹമന്ത്രി കിരണ്‍ റിജ്ജു ട്വിറ്ററില്‍ ദീപാവലി ദിനത്തിലിട്ട കുറിപ്പ് റീ ട്വീറ്റ് ചെയ്താണ് കായിക താരങ്ങള്‍ ട്വീറ്റ് ആവര്‍ത്തിച്ചത്. 'ഈ ദീപാവലിക്ക് നമുക്ക് സ്ത്രീത്വം ആഘോഷിക്കാം. സ്ത്രീകള്‍ ശാക്തീകരിക്കപ്പെടുകയും അവരുടെ നേട്ടങ്ങള്‍ അഭിമാനമായി കാണുകയും ചെയ്യുമ്പോഴാണ് സമൂഹങ്ങള്‍ വളരുന്നത്. സ്ത്രീകളുടെ അസാധാരണ വളര്‍ച്ചയുടെ വിജയം ആഘോഷിക്കാനായി ഭാരത് കീ ലക്ഷ്മി ആഘോഷിക്കാന്‍ പ്രധാനമന്ത്രി എല്ലാവരോടും അഭ്യര്‍ഥിക്കുന്നു' എന്നതായിരുന്നു റിജ്ജുവിന്റെ ട്വീറ്റ്. ഇന്ത്യക്കുവേണ്ടി മെഡല്‍ നേടിയ വനിതാ താരങ്ങളുടെ ഫോട്ടോയും റിജ്ജുവിന്റെ ട്വീറ്റിനൊപ്പമുണ്ടായിരുന്നു.
സോഷ്യല്‍മീഡിയയില്‍ സജീവമല്ലാത്ത ഗീത ഫോഗട്ടിന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ ആകെയുള്ള കുറിപ്പ് ഈ മോദിസ്തുതി മാത്രമായിരുന്നു. ഇവരുടെ ട്വീറ്റിനൊപ്പം അതിന്റെ തുടക്കത്തില്‍ 'ടെക്സ്റ്റ്:' എന്ന വാചകം ഉള്‍പ്പെടെ വള്ളിപുള്ളിവിടാതെ ആവര്‍ത്തിച്ചതോടെയാണ് ട്വീറ്റിന്റെ രൂപവും അത് ട്വിറ്ററില്‍ പങ്കുവയ്ക്കാനുമുള്ള നിര്‍ദേശവും ഒരേ കേന്ദ്രത്തില്‍ നിന്ന് വന്നതാണെന്നു വ്യക്തമായത്.
'വാചകം ഇതാണ്' എന്നു തുടങ്ങിയുള്ള വനിതാ താരങ്ങളുടെ കോപ്പി പേസ്റ്റ് ട്വീറ്റുകള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതിന് പിന്നാലെ മേരികോമും ഗീത ഫോഗട്ടുമാണ് ട്വീറ്റ് നീക്കം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."