താനൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം: കുടുംബ വഴക്കാക്കി തീര്‍ക്കാന്‍ മുഖ്യമന്ത്രിയും രംഗത്ത് , അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: താനൂരിലെ മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം കുടുംബവഴക്കാക്കി അവസാനിപ്പിക്കാനുള്ള നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയനും.
ഇന്ന് നിയമസഭയില്‍ താനൂര്‍ കൊലപാതകം സഭ നിറുത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. മലപ്പുറത്ത് സി.പി.എം നേതാക്കള്‍ ഉന്നയിക്കുന്ന അതേ വാദവുമായിട്ടാണ് മുഖ്യമന്ത്രിയും രംഗത്തെത്തിയത്.
താനൂര്‍ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രി
പ്രതികളില്‍ ഒരാളുടെ സഹോദരനെ ആക്രമിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും വ്യക്തമാക്കി. ഇതുതന്നെയാണ് സി.പി.എം പ്രാദേശിക നേതൃത്വം മുതല്‍ ജില്ലാ നേതൃത്വവും ആവര്‍ത്തിക്കുന്നത്. ഇതിനൊപ്പിച്ചാണ് പൊലിസ് അന്വേഷണവുമെന്നാണ് ആരോപണം. കുറ്റക്കാര്‍ ആരായാലും നടപടി സ്വീകരിക്കുമെന്നും കേസില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംഭവത്തെ ഗൗരവായി തന്നെ കാണുന്നു. നാട്ടില്‍ സമാധാന അന്തരീക്ഷം വേണമെന്ന് തന്നെയാണ് സര്‍ക്കാര്‍ ലക്ഷ്യം. സമാധാന ചര്‍ച്ചയില്‍ എടുത്ത തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കൊലപാതകം രാഷ്ട്രീയവൈരാഗ്യം മൂലമാണോയെന്ന് പരിശോധിച്ചുവരികയാണെന്ന ജില്ലാ പൊലിസ് മേധാവിയുടെ പ്രസ്താവനയും കൊലക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന സി.പി.എം ജില്ലാ സെക്രട്ടറിയുടെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകളും മുഖ്യമന്ത്രിയുടെ ഇന്നത്തെ മറുപടിയും കൂട്ടിവായിക്കുമ്പോള്‍ കേസിന്റെ പോക്ക് എങ്ങോട്ടാണെന്ന് വ്യക്തമാവുകയാണ്. ഈ മാസം 25 നാണ് താനൂരില്‍ മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുപ്പന്റെപുരക്കല്‍ ഇസ്ഹാഖ് വെട്ടേറ്റുമരിച്ചത്.
വ്യക്തിപരമായ പ്രശ്‌നങ്ങളും കുടുംബവഴക്കുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് തുടക്കം മുതല്‍ സി.പി.എം നേതൃത്വം ആവര്‍ത്തിക്കുന്നത്. സി.പി.എം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് നടത്തിയ പ്രസ്താവനയിലും ആവര്‍ത്തിച്ചുപറയുന്നത് ഇതുതന്നെ. കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്ന് പറയാന്‍ ജില്ലാ പൊലിസ് മേധാവിയും തയാറായിട്ടില്ല. കഴിഞ്ഞ ദിവസം എസ്.പി വ്യക്തമാക്കിയത് കൊലപാതകം രാഷ്ട്രീയപ്രേരിതമാണോയെന്ന് അന്വേഷിച്ചുവരുന്നുവെന്നാണ്. പിന്നില്‍ രാഷ്ട്രീയമാണെന്നതിന് കൃത്യമായ തെളിവുകളുണ്ടായിട്ടും കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ഉറപ്പിച്ചുപറയാന്‍ അദ്ദേഹം തയാറാകുന്നില്ല.
കൊല്ലപ്പെട്ട ഇസ്ഹാഖിന്റെ അയല്‍വാസികളാണ് കൊലക്ക് പിന്നിലെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഇസ്ഹാഖ് വധക്കേസ് വ്യക്തിവൈരാഗ്യമാക്കി ഒതുക്കിത്തീര്‍ക്കാന്‍ തുടക്കം മുതല്‍ ഗൂഡാലോചന നടന്നുവെന്നാണ് സംശയം. അതിപ്പോള്‍ കൂടുതല്‍ വ്യക്തമാവുകയാണ്. മാത്രമല്ല, പ്രതികള്‍ കൊല്ലപ്പെട്ട ഇസ്ഹാഖിന്റെ ബന്ധുക്കളാണെന്ന നിലക്കുള്ള പ്രചാരണങ്ങളും സജീവമാണ്.
കേസിലെ ഗൂഡാലോചന സംബന്ധിച്ചും വ്യക്തമായ അന്വേഷണം പൊലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. കേസില്‍ സി.പി.എം നേതാവ് പി. ജയരാജന്റെ പങ്കിനെക്കുറിച്ച് ചോദ്യം ചെയ്യാനോ ഗൂഡാലോചന കണ്ടത്താനോ അന്വേഷണങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. പി.ജയരാജന്റെ സന്ദര്‍ശന ശേഷം പ്രദേശത്തെ സി.പി.എം പ്രവര്‍ത്തകരുടെ വാട്‌സ് ആപ്പ് സ്റ്റാറ്റസില്‍ 'കൗണ്ട് ഡൗണ്‍' എന്ന സന്ദേശം പ്രചരിപ്പിച്ചതിന്റെയുള്‍പ്പടെ തെളിവുകള്‍ ലഭ്യമായിട്ടും ഈ വഴിക്ക് അന്വേഷണം നടക്കുന്നില്ല.
ഉന്നതങ്ങളില്‍നിന്നുള്ള തിരക്കഥക്കനുസരിച്ചാണ് പൊലിസ് അന്വേഷണം നടത്തുന്നത് എന്ന ആരോപണവും ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."