വെളിച്ചപ്പാടിനെ കള്ളക്കേസില്‍ കുടുക്കിയെന്ന് പരാതി
ഹരിപ്പാട്: മുതുകുളം ഈരയില്‍ ദേവീക്ഷേത്രത്തിലെ വെളിച്ചപ്പാട് ദാമോദരനെ കനകക്കുന്ന് സബ് ഇന്‍സ്‌പെക്ടര്‍ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതാണെന്നും റിമാന്‍ഡ് ചെയ്‌തെന്ന് വാര്‍ത്താ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചതാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ ബന്ധപ്പെട്ടവര്‍ പറഞ്ഞു.
കഴിഞ്ഞ 32 വര്‍ഷമായി വെളിച്ചപ്പാടായി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം ക്ഷേത്രത്തിന്റെ അവകാശികൂടിയാണ്. ക്ഷേത്രം ഇപ്പോള്‍ ഭരിക്കുന്നവരും എസ്.ഐയും കൂടി വ്യക്തി വൈരാഗ്യം തീര്‍ക്കുന്നതിന് ദാമോദരനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു. നവംബര്‍ അഞ്ചിന് ഭദ്രവാളും ദേവീ ശൂലവും , 6 ന് വൈകിട്ട് 7ന് പിത്തള പറയും വലിയ മയില്‍ വിളക്കും സെര്‍ച്ച് വാറണ്ടില്ലാതെയും വനിതാ പൊലിസില്ലാതെയും വീട്ടില്‍ അതിക്രമിച്ചു കയറി കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി തൊണ്ടിമുതലാണെന്ന് പറഞ്ഞ് എടുത്തു കൊണ്ടു പോകുകയും ചെയ്തു.
എടുത്തു കൊണ്ടുപോയ സാധനങ്ങള്‍ പൊലിസ് സ്റ്റേഷനില്‍ സൂക്ഷിക്കുന്നതിന് പകരം ക്ഷേത്ര കമ്മിറ്റിക്കാരെ ഏല്‍പിക്കുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ദാമോദരന് കോടതി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച് സത്യാവസ്ഥ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ജാമ്യമനുവദിക്കുകയായിരുന്നു. തന്റെ ജീവനോപാധികളായ ഭദ്രവാളും ദേവീ ശൂലവും തിരികെ തരണമെന്ന് സ്റ്റേഷനില്‍ ഹാജരായി കേണപേക്ഷിച്ച ദാമോദരനോട് എസ്.ഐ ജി.സുരേഷ് കുമാര്‍ തട്ടിക്കയറുകയും കള്ളക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയിട്ടുള്ളതുമാണ്. അംഗീകാരമില്ലാത്ത ക്ഷേത്ര ഭരണാധികാരികള്‍ തെറ്റിദ്ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ നടത്തിയ പരാക്രമങ്ങള്‍ മൂലം ഭക്തജനങ്ങളുടേയും ജനങ്ങളുടേയും മുന്നില്‍ വെളിച്ചപ്പാട് അവഹേളിക്കപ്പെട്ടു. വെളിച്ചപ്പാടിന്റെ ജീവനോപാധികളായ ഭദ്രവാളും ദേവീ ശൂലവും മുട്ടം ചവറയ്ക്കല്‍ സുരാജ് പണി കഴിപ്പിച്ച് വെളിച്ചപ്പാടിന് നല്‍കിയിട്ടുള്ളതും, പിത്തളപ്പറയും മയില്‍ വിളക്കും 15000 രൂപ വില നല്‍കി മുതുകുളം വടക്ക് അനില്‍ ഭവനത്തില്‍ രാജനില്‍ നിന്ന് വാങ്ങിയിട്ടുള്ളതുമാണ്. തന്റെ വീട്ടിലെ പൂജാമുറിയില്‍ സൂക്ഷിച്ച് പൂജിച്ചുവരുന്ന ഈ വസ്തുക്കള്‍ക്ക് ക്ഷേത്രവുമായി ഒരു ബന്ധവുമില്ല. ഇവ തിരികെ വാങ്ങി നല്‍കണമെന്ന് കാണിച്ച് ആലപ്പുഴ പൊലിസ് ചീഫിനും കായംകുളം ഡിവൈ.എസ്.പിക്കും പരാതി നല്‍കിയിരുന്നു. സുപ്രിം കോടതി നിരോധിച്ച കോഴിവെട്ടും ആള്‍ദൈവം തുള്ളലും ക്ഷേത്രത്തില്‍ നടത്തി വന്നത് വെളിച്ചപ്പാടിന്റെ നേതൃത്വത്തില്‍ ഭക്തജനങ്ങള്‍ എതിര്‍ത്തതില്‍ വൈരാഗ്യം പൂണ്ട കമ്മിറ്റിക്കാരും തനിക്കെതിരേ മേലധികാരികള്‍ക്ക് പരാതി നല്‍കിയതില്‍ പ്രകോപിതനായ എസ്.ഐയും ചേര്‍ന്ന് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് നിരപരാധിയായ വെളിച്ചപ്പാടിനെ കള്ളക്കേസില്‍ കുടുക്കിയതെന്നും പൊതുജനമധ്യത്തില്‍ അപഹാസ്യനാക്കിയതെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത തുണ്ടില്‍ ഭാസ്‌ക്കരന്‍, വെളിച്ചപ്പാട് ദാമോദരന്‍ ,കെ.കെ.ദാമോദരന്‍, കെ.കെ.യശോധരന്‍, എസ്.സുരേഷ് കുമാര്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."