ഗെയില്‍: മലപ്പുറത്തെ ചര്‍ച്ചയിലും തീരുമാനമായില്ല
മലപ്പുറം: നിര്‍ദിഷ്ട ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ടു മലപ്പുറത്തു നടന്ന ചര്‍ച്ചയും അലസി. മലപ്പുറം നഗരസഭയില്‍ പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന സ്ഥല ഉടമകളുമായി നടന്ന ചര്‍ച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്.
നഗരസഭയിലെ ജനവാസ മേഖലകള്‍, കെട്ടിടങ്ങള്‍ എന്നിവയെ പൈപ്പ്‌ലൈന്‍ പദ്ധതി കാര്യമായി ബാധിക്കില്ലെന്ന ഗെയില്‍ അധികൃതരുടെ വിശദീകരണം നാട്ടുകാര്‍ അംഗീകരിച്ചില്ല. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല വിളിച്ചുചേര്‍ത്ത യോഗം സബ് കലക്ടര്‍ ജാഫര്‍ മാലിക്കിന്റെ അധ്യക്ഷതയിലാണ് നടന്നത്. രാവിലെ 9.30ന് ആരംഭിച്ച യോഗം 12.30 വരെ നീണ്ടെങ്കിലും സര്‍വേ നടത്തുന്നതുമായി ബന്ധപ്പെട്ടു തീരുമാനത്തിലെത്താനായില്ല. പൈപ്പ്‌ലൈന്‍ ഇടുന്നതുമായി ബന്ധപ്പെട്ടു നാട്ടുകാര്‍ക്കുള്ള ആശങ്ക യോഗത്തില്‍ എഴുതിനല്‍കി. ഇതുസംബന്ധിച്ചു ഗെയില്‍ അധികൃതര്‍ പ്രതികരണമറിയിച്ചെങ്കിലും മറുപടിയില്‍ തൃപ്തരല്ലെന്നാണ് നാട്ടുകാരും നഗരസഭാ ജനപ്രതിനിധികളും അറിയിച്ചത്.
ജില്ലയില്‍ 58 കിലോമീറ്റര്‍ നീളമാണ് പദ്ധതിക്ക് ആകെ വേണ്ടത്. ഇതുവരെ 26 കിലോമീറ്റര്‍ ലൈനിന്റെ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയതായി ഗെയില്‍ അധികൃതര്‍ പറയുന്നു. സ്ഥലമുടമകളെ പ്രതിനിധീകരിച്ച് കോഴിക്കോട് സ്വദേശിയായ അഭിഭാഷകന്‍ സംസാരിച്ചെങ്കിലും ഇതു പരിഗണിക്കാന്‍ ഗെയില്‍ അധികൃതര്‍ തയാറായില്ല. കോഡൂര്‍ പഞ്ചായത്തിലെ സര്‍വേ നടപടികള്‍ക്കു ശേഷം മലപ്പുറം നഗരസഭയിലേക്കു കടന്ന സര്‍വേ നടപടികള്‍ മച്ചിങ്ങല്‍ ബൈപാസ് പരിസരത്തുവച്ചാണ് നാട്ടുകാര്‍ തടഞ്ഞത്.
നാട്ടുകാരുടെ ആശങ്ക പരിഹരിക്കാതെ സര്‍വേ നടപടികളുമായി സഹകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് മലപ്പുറം നഗരസഭ. ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കിലും പെരുന്നാള്‍ അവധിക്കു ശേഷം ചൊവ്വാഴ്ച മുതല്‍ സര്‍വേ നടപടികളുമായി മുന്നോട്ടുപോകുമെന്നു ഗെയില്‍ അധികൃതര്‍ സുപ്രഭാതത്തോടു പറഞ്ഞു. അതിനിടെ ഗെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് 28 മുതല്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ജനപ്രതിനിധികളെയും നാട്ടുകാരെയും പങ്കെടുപ്പിച്ച് മച്ചിങ്ങലില്‍ പന്തല്‍ കെട്ടി സമരം നടത്താനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."