ബലൂണ്‍
ക്വാര്‍ട്ടേഴ്‌സില്‍ നിന്നു കടല്‍ തീരത്തേക്ക് അധികം ദൂരമൊന്നുമില്ല. പക്ഷേ അവിടെയൊന്നും പോയിരിക്കാന്‍ സമയം കിട്ടാറില്ല. ഇന്നെന്തായാലും കടയില്‍ നിന്നിത്തിരി നേരത്തെ ഇറങ്ങാന്‍ കഴിഞ്ഞപ്പോള്‍ മോളെയും കൂട്ടി ബീച്ചില്‍ പോകാമെന്നു കരുതി.
''ബീച്ചില് പലതും കാണും. അത് വേണം ഇതു വേണം എന്നൊന്നും പറഞ്ഞേക്കല്ലേ മോള് .''
നടത്തം ഒന്നു നിര്‍ത്തി മകളെ നോക്കി.
കുഞ്ഞു മുഖത്തു വിഷാദം നിഴലിച്ചെങ്കിലും പെട്ടെന്നു തന്നെ പുഞ്ചിരിയിലേക്കു വഴിമാറി.
ഈയിടെയായി അന്നക്കുട്ടി പ്രായത്തില്‍ കവിഞ്ഞ പക്വത കാണിക്കുന്നുണ്ട്.
അമ്മയുടെ സാരിത്തുമ്പില്‍ തൂങ്ങിയാടിയ അച്ഛന്റെ ശരീരം അവളും കണ്ടതാണ്.
കടബാധ്യതകളുടെ ഭാണ്ഡങ്ങള്‍ക്കൊപ്പം തന്റെ പ്രിയ ലോകവും അച്ഛനുപേക്ഷിച്ചു പോയെങ്കില്‍ അതു നിവൃത്തികെട്ടിട്ടു തന്നെയെന്നവള്‍ക്കറിയാം.
അന്ന് ഒന്നേ അവള്‍ പറഞ്ഞുള്ളൂ, അമ്മ മരിക്കരുതെന്ന്, നമുക്ക് ജീവിക്കാമെന്ന്.
ആളുകളുടെ തുറിച്ചുനോട്ടത്തിനും സഹതാപത്തിനും പ്രണയിച്ച പുരുഷനൊപ്പം ജീവിച്ചുവെന്ന പാപത്തിന്റെ ഫലമാണിതെന്ന കുത്തുവാക്കുകള്‍ക്കും മുന്നിലന്നു തീരുമാനിച്ചതാണു ജീവിക്കണമെന്ന്.
പക്ഷേ, രണ്ടറ്റവും വേര്‍പെട്ടു കിടക്കുന്ന ജീവിതമൊന്നു കൂട്ടിമുട്ടിക്കാനുള്ള പെടാപ്പാട്...അന്നക്കുട്ടിയുടെ കൈകളെ തലോടി കടല്‍തീരത്തിരുന്നപ്പൊ വല്ലാത്തൊരാശ്വാസം. വീശിയടിച്ച കാറ്റില്‍ കണ്ണുകളടച്ചു...
മനസില്‍ ഓര്‍മകളുടെ കടലിരമ്പി...
കണ്ണു തുറന്നപ്പോള്‍ തൊട്ടുമുന്നില്‍ ബലൂണ്‍ വില്‍പനക്കാരനുമായി അന്ന സംസാരത്തിലാണ്. കൈയില്‍ തെരുത്തിട്ട ചരടുകളില്‍ നിന്നു രക്ഷപ്പെടാന്‍ ആവതു ശ്രമിക്കുന്ന പലവര്‍ണത്തിലുള്ള പക്ഷിരൂപങ്ങള്‍, ഹൈഡ്രജന്‍ ബലൂണുകള്‍.
''അമ്പതു രൂപയാണ് അമ്മേ, ഒരെണ്ണം നമ്മള് വാങ്ങിയാലോ?''
''അനു, നീ പറഞ്ഞതെല്ലാം മറന്നോ?''
അവളില്‍ നിന്നു മിഴിമാറ്റി.
പേഴ്‌സ് തുറന്നുനോക്കി. മുഷിഞ്ഞ നാലു പത്തുരൂപ നോട്ടുകള്‍.
അന്നക്കുട്ടിയുടെ കണ്ണുകള്‍ അപ്പോഴും ബലൂണുകളുടെ പലവര്‍ണങ്ങളെ പിന്തുടര്‍ന്ന്...
അമ്മയുടെയും അച്ഛന്റെയും വിരലില്‍ തൂങ്ങിയാടി ഒരു കുസൃതിക്കാരന്‍ ബലൂണുകള്‍ക്കു മുന്നില്‍ വന്നുനിന്നു.
''അത് മുഴുവനും...''
കുട്ടി ഗൗരവത്തില്‍ അച്ഛനെ നോക്കി.
മുഴുവന്‍ ബലൂണുകളും വാങ്ങി എല്ലാം കൂട്ടിക്കെട്ടി അച്ഛനവന്റെ കുഞ്ഞിക്കയ്യില്‍ പിടിപ്പിച്ചു.
കുട്ടി സന്തോഷത്തോടെ അമ്മയെ നോക്കി, അമ്മയപ്പോഴും കടലിലേക്കു തന്നെ നോക്കി നില്‍പ്പായിരുന്നു.
പിടയ്ക്കുന്ന ഹൃദയത്തോടെ അനുവിന്റെ മുഖത്തു നോക്കവേ അവളുടെ കണ്ണുകള്‍ നക്ഷത്രം പോലെ തിളങ്ങി.
ഉള്ളില്‍ വീണ്ടും കടലിരമ്പി, പുറത്തു കാറ്റ് വീശിയടിച്ചു. കുഞ്ഞിക്കയ്യില്‍ ബലൂണുകള്‍ ഇളകിയാടി. പിടിവിട്ടുപോകാതിരിക്കാന്‍ കുട്ടി ആവതു ശ്രമിച്ചു. പക്ഷേ, കാര്യമുണ്ടായില്ല. ബലൂണുകള്‍ ആകാശത്തേക്കു കൂട്ടത്തോടെ പൊങ്ങിപ്പറന്നത് ഒരു വിസ്മയക്കാഴ്ച പോലെ ആളുകള്‍ നോക്കിനിന്നു. കുട്ടി അലറിക്കരഞ്ഞു...കൂടെ അന്നയും.
മോളെ ചേര്‍ത്തുപിടിച്ചു മെല്ലെ ചോദിച്ചു, ''അല്ല ആ കുട്ടീടെ ബലൂണുകള്‍ പോയതിന് നീയെന്തിനാ കരയണത്?''
''പാവം ആ കൊച്ച് വേഷമിക്കുന്നമ്മെ, ഇനിയെങ്ങനെ അത് തിരികെ കിട്ടും?''
''അതിനി തിരിച്ചു വരില്ല, അത് ഏഴാകാശവും കടന്ന് നക്ഷത്രങ്ങളെ തേടി പോയതാ. അന്നക്കുട്ടിക്ക് അടുത്ത മാസം അമ്മ നിറയെ ബലൂണ്‍ വാങ്ങിക്കുന്നുണ്ട്, പല നിറങ്ങളുള്ളത്...''
''സ്വപ്നത്തിലായിരിക്കും ല്ലേ..''
ഗ്രാമപ്രദേശത്തെ വിറ്റുവരവു കുറഞ്ഞ ഒരു തുണിക്കടയില്‍ സെയില്‍സ് ഗേളായ തനിക്കു മുന്നില്‍ നിറമുള്ള ആഗ്രഹങ്ങളൊക്കെയും സ്വപ്നങ്ങള്‍ മാത്രമാകുന്നു.
സമയം സന്ധ്യ കഴിഞ്ഞിരിക്കുന്നു. ഏകയായുദിച്ച ആദ്യ താരകം ജീവിതം മുഴുവന്‍ ഇരുട്ടിലല്ലെന്ന തോന്നലുണ്ടാക്കി.
അന്നയുടെ കൈപിടിച്ച് റോഡിലൂടെ തിരികെ നടക്കുമ്പോള്‍ തെരുവുവിളക്കുകള്‍ ഒന്നിനു പിറകെ ഒന്നായി തെളിഞ്ഞു.
രാത്രി, ഉറക്കം വരാതെ തിരിഞ്ഞുമറിഞ്ഞു കിടന്നു. കണ്ണടച്ചാല്‍ കൈയില്‍ നിന്നു പറന്നുപോകുന്നു ബലൂണുകള്‍.
അസ്വസ്ഥമായ മനസോടെ ഉറങ്ങാന്‍ കിടന്നതു കൊണ്ടാവാം എഴുന്നേറ്റപ്പോള്‍ വല്ലാത്ത ക്ഷീണം. ദൂരെ കടലിരമ്പം നേര്‍ത്തു കേള്‍ക്കാം. അന്നക്കുട്ടിയെ ഉണര്‍ത്താതെ എഴുന്നേറ്റു മുന്‍വാതില്‍ തുറന്നതാണ്. കണ്ണുകളെ വിശ്വസിക്കാനാവുന്നില്ല. കാറ്റിനൊപ്പം അകത്തേക്കു തള്ളിക്കയറിവരുന്നു ഒരുകൂട്ടം ഹൈഡ്രജന്‍ ബലൂണുകള്‍. അവയെ വകഞ്ഞുമാറ്റി പുറത്തേക്കു നോക്കി.
മുറ്റത്തെ അതിരിലെ പടര്‍ന്നുനീണ്ട മുളയില്‍ ചുറ്റിത്തടഞ്ഞ ബലൂണിന്റെ ചരടുകള്‍ മെല്ലെ പൊട്ടിച്ചെടുത്ത് ശ്രദ്ധാപൂര്‍വം കൂട്ടിക്കെട്ടി അകത്തേക്കു നടന്നപ്പോള്‍ ദൈവമരികെ തൊട്ടിട്ടു പോയപോലെ.
'ആകാശത്തിലെ നക്ഷത്രങ്ങളെ കാണാന്‍ പോയവര്‍ നിന്നെത്തേടി വന്നിരിക്കുന്നു...നീ മണ്ണില്‍ വീണ നക്ഷത്രമെന്ന് അവര്‍ക്ക് തോന്നീണ്ടാവും.' എന്നു മനസില്‍ മന്ത്രിച്ചു കൈയിലെ ബലൂണ്‍ ചരടില്‍ മുറുകെപ്പിടിച്ച് അന്നയെ ഉണര്‍ത്തുമ്പോള്‍ പുറത്തുനിന്നു തണുപ്പരിച്ചെത്തി, മനസിലൊരു മഴ തിമിര്‍ത്തുപെയ്തു. കണ്ണീരില്‍ ഒരു പൂപുഞ്ചിരി നിറഞ്ഞു കത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."