കാലത്തിനപ്പുറത്തു നിന്ന് ഇപ്പുറത്തേക്ക്
♦ ഷിജിത്ത് കാട്ടൂര്‍
കാലത്തിനിപ്പുറത്തു നിന്നു പുസ്തകം വായിക്കുമ്പോള്‍ ആരൊക്കെയോ ചേര്‍ന്നു നമ്മെ കാലത്തിനപ്പുറത്തേക്കും നടത്തിക്കുന്നുവെങ്കില്‍ അതു വായനയുടെയും എഴുത്തിന്റെയും മനോഹാരിതയാണു വെളിപ്പെടുത്തുന്നത്. അത്തരത്തിലുള്ള മികച്ച വായനാനുഭവമാണ് കെ.ടി ബാബുരാജിന്റെ 'ജീവിതത്തോട് ചേര്‍ത്തുവെച്ച ചില കാര്യങ്ങള്‍' എന്ന പുസ്തകം. ഓരോ തവണ വായിക്കുമ്പോഴും മധുരം ഇരട്ടിക്കുന്ന വായനാനുഭവമാണ് അനുഭവങ്ങളും ഓര്‍മകളും നിറച്ചുവച്ച ഈ പുസ്തകം സമ്മാനിക്കുന്നത്.
കഴിഞ്ഞുപോയ ഓരോ കാലഘട്ടത്തിലൂടെയും സഞ്ചരിക്കുന്ന പുസ്തകം വായനക്കാരന്റെ മനസിനെ ഒരിക്കലും ഒരിടത്തു തന്നെ നില്‍ക്കാന്‍ അനുവദിക്കുന്നില്ല. പകരം, പോയകാലത്തിന്റെ ഇടനാഴിയില്‍ അവന്റെ കൈയും പിടിച്ചു കാലം സഞ്ചരിക്കുകയാണ്. ഈ ഇടനാഴിയില്‍ അവനു പരിചയമുള്ള പലരെയും കണ്ടെത്താനാകും. ചിലപ്പോഴൊക്കെ അവനവനെ തന്നെയും.
ഒരു ഗൃഹാതുരത സമ്മാനിക്കുന്ന നൊമ്പരത്തിനു പുറമെ ചരിത്രത്തിന്റെ ചില മുഹൂര്‍ത്തങ്ങളും ഈ പുസ്തകം മുന്നോട്ടുവയ്ക്കുന്നുണ്ട്. ഒരു കാലത്തു പത്താം ക്ലാസ് കഴിഞ്ഞ എല്ലാ കുട്ടികളുടെയും പ്രത്യേകിച്ചു ദാവണിക്കാരികളുടെ ഇടത്താവളമായിരുന്ന ടൈപ്പ് റൈറ്റിങ് സെന്ററുകളെ ഏറെ ഹൃദയസ്പര്‍ശിയായി ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു. ഒരിക്കലെങ്കിലും ടൈപ്പ് റൈറ്റിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ അരികത്തുകൂടി പോയവരുടെ മനസിലേക്ക് അതിന്റെ കട കട ശബ്ദം പതുക്കെയെത്തും. പിന്നെയതു വര്‍ധിക്കുകയും വായന തീരുന്നതിനനുസരിച്ച് അല്‍പാല്‍പമായി മാറുകയും ചെയ്യും. അപ്പോഴും നേരിയ തോതില്‍ ഒരു മുഴക്കം മനസില്‍ ബാക്കി നില്‍ക്കും. അതു വായനക്കാരന്‍ അറിയാതെ ഇരമ്പിയെത്തുന്ന മുഴക്കമാണ്. ഒരു വായനക്കാരന് ഇത്തരം ഉണര്‍വുകള്‍ സമ്മാനിക്കുക എന്നതിനപ്പുറം എന്ത് അനുഭവമാണ് ഒരെഴുത്തുകാരനു നല്‍കാനാകുക.
പുസ്തകത്തിന്റെ ആദ്യ അധ്യായത്തിനു തന്നെ 'തറടിക്കറ്റ് 'എന്നാണു പേര്. സാധാരണ സിനിമാ ടാക്കീസുകള്‍ പോലും ഇല്ലാതായി മള്‍ട്ടിപ്ലക്‌സ് തിയറ്ററുകള്‍ വന്നു കൊണ്ടിരിക്കുന്ന കാലത്ത് തറടിക്കറ്റില്‍ സിനിമ കണ്ടിരുന്ന കാലം പുതിയ തലമുറയ്ക്ക് അറിയില്ല. സിനിമയ്ക്കു മുന്നോടിയായി തിയറ്ററിനു പുറത്തേക്ക് ഒഴുകിയെത്തിയിരുന്ന പാട്ടുകളും ഗൃഹാതുരമായി.
വായനക്കാരന്റെ ഇഷ്ടത്തിനനുസരിച്ച് ഈ പുസ്തകത്തെ വായിച്ചു പോകാം എന്ന സവിഷേതയുണ്ട്. കഥയുടെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് നോവലിന്റെ ഒഴുക്കില്‍ കവിതയുടെ ഇമ്പത്തില്‍ പുസ്തകം നമുക്കു വായിച്ചുപോകാം. വായന എന്നതിനപ്പുറം അനുഭവം കൂടിയാണിത്. എഴുത്തുകാരന്റെ അനുഭവത്തില്‍ നിന്നും ജീവിത പരിസരത്തു നിന്നും എടുത്തു ചേര്‍ത്തതാണ് ഇതിലുള്ള കുറിപ്പുകള്‍ ഓരോന്നും.
ഓഫ്‌സെറ്റ് പ്രസിന്റെ കാലത്തു വിസ്മൃതിയിലായ അച്ചുകൂടം, അരിപ്പത്തിരി, ഒരു കേക്കുണ്ടാക്കിയ കഥ, ഡോ. ടി.പി സുകുമാരനെ കുറിച്ചുള്ള 'പച്ചമനുഷ്യനിലേക്കു നടന്ന ഒരാള്‍' എന്നിങ്ങനെ ഒട്ടേറെ ഭാഗങ്ങളുള്ള പുസ്തകത്തില്‍ 'സ്മാരകങ്ങളില്ലാത്ത ചരിത്രസ്മാരകങ്ങള്‍' എന്ന ഭാഗം മാറ്റിവച്ചിരിക്കുന്നത് കൗമുദി ടീച്ചര്‍ക്കു വേണ്ടിയാണ്. ഹരിജനോദ്ധാരണത്തിനായി കേരളത്തിലേക്കു വന്ന ഗാന്ധിജിക്ക് ആഭരണങ്ങള്‍ ഊരിനല്‍കിയ പെണ്‍കുട്ടിയായിരുന്നു പിന്നീട് ടീച്ചറായ കൗമുദി. ചതുര്‍ഭാഷാ നിഘണ്ടുവിനു രൂപംകൊടുത്ത ഡോ.ഞ്ഞാറ്റിയാല ശ്രീധരനെ കുറിച്ചുള്ള ഭാഗവും പുതിയ അറിവുകളാണു വായനക്കാരനു നല്‍കുക. ഓരോ വിഷയം അവതരിപ്പിക്കുമ്പോഴും അതിന്റെ പരിസരം കൂടി പരിചയപ്പെടുത്താന്‍ എഴുത്തുകാരന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇ.പി രാജഗോപാലനാണ് അവതാരികയെഴുതിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."