സെക്രേട്ടറിയറ്റിലെ ഫയല്‍ തീര്‍പ്പാക്കല്‍ മാമാങ്കം പൊളിഞ്ഞു, തീര്‍പ്പാക്കിയത് - 68,606; തീര്‍പ്പാക്കാനുള്ളത് - 1,30,270
തിരുവനന്തപുരം: ഏറെ കൊട്ടിഘോഷിച്ച് സര്‍ക്കാര്‍ നടപ്പിലാക്കിയ സെക്രട്ടേറിയറ്റിലെ ഫയല്‍ തീര്‍പ്പാക്കല്‍ മാമാങ്കം പൊളിഞ്ഞു. വിവിധ വകുപ്പുകളില്‍ കെട്ടിക്കിടക്കുന്ന രണ്ടു ലക്ഷത്തോളം ഫയലുകള്‍ ഈ മാസം 31നകം തീര്‍പ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും സര്‍ക്കാര്‍ കാര്യം മുറ പോലെയായി.
ഫയല്‍ തീര്‍പ്പാക്കാന്‍ സോഫ്റ്റ്‌വെയറും പ്രത്യേക കമ്മിറ്റികളുമൊക്കെ രൂപീകരിച്ചാണ് മാമാങ്കം നടത്തിയതെങ്കിലും വേണ്ടത്ര മുന്നൊരുക്കമില്ലാതെയും ആസൂത്രണമില്ലാതെയും നടപ്പാക്കാന്‍ ശ്രമിച്ചതിനാലാണ് സുപ്രധാന ഭരണപരിഷ്‌കാര നീക്കം പാളിയത്.
വകുപ്പുകള്‍ ഫയല്‍ അദാലത്തുകള്‍ നടത്തി കെട്ടിക്കിടക്കുന്ന 1,98,000 ഫയലുകള്‍ തീര്‍പ്പാക്കണമെന്നായിരുന്നു മുഖ്യമന്ത്രി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് നിര്‍ദേശം നല്‍കിയത്. ഇതേതുടര്‍ന്ന് അദാലത്തുകള്‍ കൃത്യമായി നടത്തി. പക്ഷേ തീര്‍പ്പാക്കിയത് 68,606 ഫയലുകള്‍ മാത്രം. നാളെ കഴിഞ്ഞ് മുഖ്യമന്ത്രി അവലോകന യോഗം വിളിക്കുമെന്ന് അറിഞ്ഞതോടെ ഇനിയും തീര്‍പ്പാക്കാനുള്ള 1,30,270 ഫയലുകള്‍ എന്തുകൊണ്ട് തീര്‍പ്പാക്കാന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ തയാറെടുക്കുകയാണ് ഉദ്യോഗസ്ഥര്‍.
ഫയല്‍ തീര്‍പ്പാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഉള്‍പ്പെടുത്തിയും പറ്റിയ വീഴ്ചകള്‍ നിരത്തിയും റിപ്പോര്‍ട്ട് തയാറാക്കി അവലോകന യോഗത്തില്‍ സമര്‍പ്പിക്കാനുള്ള തീരുമാനത്തിലാണ് വകുപ്പ് മേധാവികള്‍. ഓഗസ്റ്റിലെ പ്രളയവും ഓണക്കാലത്തെ 13 ദിവസത്തെ തുടര്‍ച്ചയായ അവധിയും ഉപതെരഞ്ഞെടുപ്പുകളും കാരണമാണ് പറഞ്ഞ സമയത്തിനുള്ളില്‍ ഫയല്‍ തീര്‍പ്പാക്കാന്‍ കഴിയാത്തതെന്നാണ് വകുപ്പ് മേധാവികള്‍ നല്‍കാന്‍ പോകുന്ന റിപ്പോര്‍ട്ട് എന്നാണ് സൂചന. സെക്രട്ടേറിയറ്റില്‍ 44 വകുപ്പുകളുണ്ട്. പ്രതിമാസം ശരാശരി 20,000 ഫയലുകള്‍ ഓരോ വകുപ്പുകളിലും പുതുതായി ഉണ്ടാകും. ഇതില്‍ ഏതാണ്ട് 17,000 ഫയലുകള്‍ മാസത്തില്‍ തീര്‍പ്പാക്കും. ബാക്കി വരുന്ന ഫയലുകള്‍ കെട്ടി വയ്ക്കും. അതു മാസം തോറും ഓരോ വകുപ്പിലും കുന്നുകൂടിക്കിടക്കും. ഫയല്‍ തീര്‍പ്പാക്കല്‍ മാമാങ്കം ആരംഭിച്ചപ്പോള്‍ മാസത്തില്‍ തീര്‍പ്പാക്കിയത് ശരാശരി 22,700 ഫയലുകളാണ്.
നിയമസഭയില്‍ ഉബൈദുല്ലയുടെ
ചോദ്യത്തിനും മറുപടിയില്ല
നിയമസഭയില്‍ ലീഗ് എം.എല്‍.എ പി. ഉബൈദുല്ലയുടെ ചോദ്യത്തിനും മുഖ്യമന്ത്രിക്ക് ഉത്തരമില്ല.
2019 ഒക്ടോബര്‍ 2നുമുന്‍പ് കെട്ടിക്കിടക്കുന്ന എല്ലാ ഫയലുകളും തീര്‍പ്പാക്കണമെന്ന മന്ത്രിസഭാ തീരുമാനമനുസരിച്ച് നാളിതുവരെ ഏതെല്ലാം വകുപ്പുകളില്‍ ഫയല്‍ അദാലത്തുകള്‍ സംഘടിപ്പിച്ചു, ഇതുവഴി എത്ര ഫയലുകള്‍ തീര്‍പ്പാക്കി, വിശദാംശം നല്‍കുമോ എന്ന ചോദ്യത്തിനും സെക്രട്ടേറിയറ്റില്‍ മാത്രം എത്ര ഫയലുകള്‍ തീര്‍പ്പാക്കി, കണക്കുകള്‍ വെളിപ്പെടുത്തുമോ എന്ന ചോദ്യത്തിനും ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിനുശേഷം ഇ ആപ്ലിക്കേഷന്‍ വഴി മാത്രം എത്ര പരാതികള്‍ ലഭിച്ചു, അവയില്‍ എത്രയെണ്ണം തീര്‍പ്പാക്കി എന്ന ചോദ്യത്തിനുമാണ് ഉത്തരം നല്‍കാത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."