കരുണയാണ് തിരുനബി (സ്വ)
മനുഷ്യന്റെ ഏറ്റവും ഉത്തമമായ വികാരമാണ് കരുണ. കരുണയില്ലാതെ ഈ ലോകത്ത് ജീവനുതന്നെ നിലനില്‍പ്പില്ല. പരസ്പരം കരുണ കാണിക്കാനുള്ള മനസ് ജീവജാലങ്ങള്‍ക്കുള്ളതിനാലാണ് ജീവന്‍ നിലനില്‍ക്കുന്നത്. തിരുനബി(സ്വ)യുടെ കരുണ എന്ന് പറയുന്ന വിശേഷണം വിശുദ്ധ ഖുര്‍ആന്‍ എടുത്തു പറഞ്ഞതായി കാണാം. അല്ലാഹു അവനെ തന്നെ പരിചയപ്പെടുത്തുന്നത് കാരുണ്യവാന്‍ (റഹ്മാന്‍) എന്നാണ്. അതേ വിശേഷണം തന്നെയാണ് തിരുദൂതര്‍ക്കും നല്‍കിയിരിക്കുന്നത്. ഈ പ്രപഞ്ചത്തിലെ സര്‍വചരാചരങ്ങളോടും പ്രപഞ്ചസ്രഷ്ടാവായ അല്ലാഹു കാണിക്കുന്ന കരുണ എത്രയോ ഉന്നതമാണ്. അവനെ അംഗീകരിക്കുന്നവര്‍ക്കും അംഗീകരിക്കാത്തവര്‍ക്കും അവന്റെ കരുണയുടെ അംശം അവന്‍ പകര്‍ന്നുനല്‍കുന്നു.
കാരുണ്യം എന്നാല്‍ മനസ്സലിവ് ആണ്. ഇതിന്റെ പര്യായ പദങ്ങള്‍ നിരവധിയുണ്ട്. മനുഷ്യന്റെ മനസിന്റെ വികാരങ്ങളില്‍നിന്ന് ഏറ്റവും ഉത്തമമായതാണിത്. ഒരു ഹദീസില്‍ ഇപ്രകാരം കാണാം, നബി (സ്വ) പറയുന്നു, 'അല്ലാഹുവിന് 100 റഹ്മത്ത് ഉണ്ട്, അതില്‍ ഒരു റഹ്മത്ത് മാത്രമാണ് അവന്‍ ഇഹലോകത്തേക്ക് ഇറക്കിയത്, ആ കാരുണ്യം കൊണ്ടാണ് മനുഷ്യരും ജിന്നുകളും മൃഗങ്ങളുമെല്ലാം പരസ്പരം കരുണ ചെയ്യുന്നത്. ബാക്കി 99 കാരുണ്യവും തന്റെ അടിമകള്‍ക്ക് അന്ത്യനാളില്‍ കരുണ ചെയ്യാനായി അല്ലാഹു നീട്ടിവച്ചിരിക്കുകയാണ്'.
ഈ ലോകത്തേക്ക് അല്ലാഹു ഇറക്കിയ കരുണ നൂറില്‍ ഒരു അംശം മാത്രം. അതില്‍നിന്ന് ഏറ്റവും കൂടുതല്‍ കാരുണ്യവാനായി മാതൃക തീര്‍ത്തത് മുഹമ്മദ് നബി(സ്വ) ആണ്. അവിടുത്തെ ജീവിതത്തിന്റെ ഏറ്റവും വലിയ വിശേഷണമായി ഖുര്‍ആന്‍ എടുത്തുപറയാനുള്ള കാരണം ഇത് തന്നെയാണ്. 'ലോകത്തിനാകമാനം കാരുണ്യമായിട്ടല്ലാതെ അങ്ങയെ നാം നിയോഗിച്ചിട്ടില്ല'. ഇത് വിശുദ്ധ ഖുര്‍ആന്‍ തിരുനബിയെ കുറിച്ച് പറയുന്ന വാക്യമാണ്. ഇവിടെ പ്രയോഗിച്ച പദം സര്‍വലോകത്തെ, ചേതനങ്ങളും അചേതനങ്ങളുമായ വസ്തുക്കളെ ഉള്‍പ്പെടുത്തുന്ന പ്രയോഗമാണ്. സാമാന്യ അറബി പരിജ്ഞാനമുള്ളവര്‍ക്ക് അതിന്റെ ഘടനാ പ്രയോഗത്തില്‍നിന്ന് ഇതു മനസിലാക്കാം.
മറ്റൊരു സൂക്തത്തില്‍ ഇങ്ങനെ കാണാം. 'അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ട് നിങ്ങള്‍ അവരോട് ഹൃദയ നൈര്‍മല്യതയോടെ പെരുമാറുന്നു' (ആലു ഇംറാന്‍ 159). അല്ലാഹു ഈ മനസ്സലിവോട് കൂടിയിട്ടാണ് പ്രവാചക തിരുമേനി(സ്വ)യെ പ്രപഞ്ചത്തിലേക്ക് നിയോഗിച്ചത്. ആര്‍ദ്രമായ നിലപാടുകള്‍ക്ക് അവിടുത്തെ മനസ് പാകപ്പെടാന്‍ കാരണം അല്ലാഹുവിന്റെ ഔദാര്യം തന്നെയായിരുന്നു. അതിനാല്‍ തിരുജീവിതം കാരുണ്യത്തിന്റെ നീരുറവയായി വര്‍ത്തിച്ചു.
ശത്രുക്കളോട് പോലും അവിടുന്ന് ഈ സമീപനം ആയിരുന്നു സ്വീകരിച്ചത്. ഒരു സംഭവം ഇങ്ങനെ കാണാം. ഒരു യുദ്ധ ഭൂമിയാണ് രംഗം. ശത്രുസേനാധിപന്‍ നിരായുധനായി ഒരു മരച്ചുവട്ടില്‍ വിശ്രമിക്കുന്ന തിരുമേനി(സ്വ)യെ കണ്ടു. പ്രവാചകന്റെ അനുചരന്മാര്‍ പല ദിക്കുകളിലേക്ക് മാറിയിട്ടുണ്ട്. അന്നേ ദിവസം മഴപെയ്തിരുന്നതിനാല്‍, നനഞ്ഞ വസ്ത്രങ്ങള്‍ ഉണങ്ങാനായി മരക്കമ്പില്‍ തൂക്കിയിട്ടായിരുന്നു തിരുമേനി(സ്വ) മരച്ചുവട്ടില്‍ വിശ്രമിക്കാന്‍ കിടന്നത്. ഇതു കണ്ട ശത്രു സൈന്യാധിപന്‍, മലമുകളില്‍നിന്ന് ഇറങ്ങിവന്ന് തിരുദൂതരുടെ അടുക്കല്‍ വന്ന് ഉറയില്‍നിന്നു വാളൂരി നബി(സ്വ)യോടു അലറിക്കൊണ്ട് ചോദിച്ചു: 'ഏയ്, മുഹമ്മദ്. നിന്നെ ഇപ്പോള്‍ എന്റെ കൈകളില്‍നിന്ന് രക്ഷിക്കാന്‍ ആരാണ് ഉള്ളത്' തിരുമേനി (സ്വ) വളരെ ശാന്തമായി തന്നെ മറുപടി പറഞ്ഞു: 'അല്ലാഹു'. ഊരിപ്പിടിച്ച വാളുമായി നില്‍ക്കുന്ന അയാളുടെ കൈകള്‍ നബി(സ്വ) യുടെ മറുപടി കേട്ടു വിറച്ചു. അയാളുടെ വാള്‍ താഴെ വീണു. ആ വാളെടുത്ത് തിരുമേനി(സ്വ) അയാള്‍ക്കു നേരെ ചൂണ്ടിയിട്ടു ചോദിച്ചു: 'ഇപ്പോള്‍ എന്റെ കൈയില്‍നിന്ന് നിന്നെ രക്ഷിക്കാന്‍ ആരുണ്ട്' ശത്രു സൈന്യാധിപന്‍ പറഞ്ഞു: 'ആരുമില്ല'. ഭയവിഹ്വലനും നിസഹായനുമായി തന്റെ മുന്‍പില്‍ നില്‍ക്കുന്ന ആ ശത്രുവിന് വാള്‍ തിരികെ നല്‍കി നബി അയാളെ പോകാന്‍ അനുവദിച്ചു. ആ നിമിഷംതന്നെ അയാള്‍ ഇസ്‌ലാം സ്വീകരിച്ചു. അയാള്‍ തിരികെ അദ്ദേഹത്തിന്റെ ഗോത്രക്കാരുടെ അടുക്കല്‍ ചെന്ന് നബി(സ്വ)യുടെ ഈ മഹാമനസ്‌കതയെ കുറിച്ചു പറയുകയും അവര്‍ക്കിടയില്‍ ഇസ്‌ലാമിന്റെ പ്രചാരകനായി മാറുകയും ചെയ്തു. ഇസ്‌ലാം വ്യാപനത്തില്‍ അവിടുത്തെ കരുണയുടെ സ്വാധീനം പ്രകടമാണ്.
കരുണയുടെ കാര്യത്തില്‍ കുട്ടികളോട് തിരുനബി(സ്വ) കാണിച്ച കാരുണ്യവും വാത്സല്യവും പ്രത്യേകം പ്രതിപാദ്യമാണ്. ഉസാമ ബിന്‍ സൈദ്(റ) നിവേദനം ചെയ്യുന്നു: 'നബി(സ്വ) എന്നെ ഒരു തുടയിലും ഹസന്‍ ബിന്‍ അലിയെ മറ്റേ തുടയിലും ഇരുത്തുമായിരുന്നു. എന്നിട്ട് ഞങ്ങള്‍ക്കു മേല്‍ കാരുണ്യം വര്‍ഷിക്കാന്‍ അല്ലാഹുവോട് പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു'. ഒരു ഗ്രാമീണ അറബി നബി(സ്വ)യുടെ സദസില്‍ കയറിവന്നു. അപ്പോള്‍ നബി(സ്വ) തന്റെ പേരമകന്‍ ഹസന്‍ എന്ന കുഞ്ഞിനെ ചുംബിക്കുന്നു. ആഗതന്‍ പറഞ്ഞു: താങ്കള്‍ ഈ കുഞ്ഞിനെ ചുംബിക്കുകയോ, എനിക്ക് പത്ത് മക്കളുണ്ട്. അവരില്‍ ഒരാളെയും ഞാന്‍ ഉമ്മവച്ചിട്ടില്ല. പ്രവാചകന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: കരുണചെയ്യാത്തവനോട് ആരും കരുണ കാണിക്കില്ല (മുസ്‌ലിം). കൊടുക്കുന്നതേ ലഭിക്കൂ എന്ന സാമാന്യ തത്വം പഠിപ്പിക്കുകയാണ് അവിടുന്ന്. സ്‌നേഹം ലഭിക്കാതെ വാര്‍ധക്യത്തില്‍ വിലപിക്കുന്നവര്‍ക്ക് മുന്നില്‍ ഒരു പാഠമാണിത്. കുഞ്ഞുനാളില്‍ കുരുന്നുകള്‍ക്ക് സ്‌നേഹം പകരുക. അതായിരിക്കും ഭാവിയില്‍ ഉപകരിക്കുക. കരുണ വറ്റിയ ഹൃദയത്തില്‍നിന്ന് എങ്ങനെയാണ് ധര്‍മബോധം ഉണ്ടാകുക!
മനുഷ്യരോട് മാത്രമല്ല, മൃഗങ്ങളോടും അവിടുത്തെ സമീപനം കരുണയോടെയായിരുന്നു. പക്ഷിക്കുഞ്ഞുങ്ങളെ കൂട്ടില്‍നിന്ന് എടുത്ത് കൊണ്ടുവന്ന് കളിപ്പിച്ച അനുചരന്മാരോട് തള്ളപ്പക്ഷിയുടെ അടുക്കലേക്ക് തന്നെ വിടാന്‍ ആജ്ഞാപിച്ചു. മറ്റൊരിക്കല്‍ ഒരൊട്ടകം തിരുനബിയെ കാണാനിടയായി. നിറഞ്ഞ കണ്ണുകളുമായി അത് അരുമയോടെ നബിയുടെ മുന്‍പില്‍ വന്നുനിന്നു: അവിടുന്നതിനെ തടവി സമാധാനിപ്പിച്ചു. 'ആരുടേതാനീ ഒട്ടകം' അവിടുന്ന് വിളിച്ചു ചോദിച്ചു. അപ്പോള്‍ അരു അന്‍സാരി യുവാവ് 'അല്ലാഹുവിന്റെ പ്രവാചകരേ, അതെന്റേതാണ്' എന്നു പറഞ്ഞു കൊണ്ട് അങ്ങോട്ട് ചെന്നു. തിരുനബി അയാളെ ഇങ്ങനെ ഉപദേശിച്ചു. 'അല്ലാഹു നിന്റെ ഉടമയിലാക്കിത്തന്ന ഈ മൃഗത്തിന്റെ കാര്യത്തില്‍ നിനക്ക് അല്ലാഹുവിനെ അനുസരിച്ചു കൂടെ. നീ അതിനെ വേദനിപ്പിക്കുകയും ക്ഷീണിപ്പിക്കുകയും ചെയ്യുന്നുവെന്ന് അതെന്നോട് വേവലാതി പറഞ്ഞിട്ടുണ്ട്'. അറവ് മൃഗത്തിനോട് പോലും ദയാവായ്‌പോടെ സമീപിക്കാനായിരുന്നു അവിടുത്തെ അധ്യാപനം.
പരലോകത്ത് പോലും അവിടുത്തെ കരുണയുടെ ചിറകിലാണ് നമ്മുടെ രക്ഷ. മഹ്ശറയില്‍ സര്‍വ പ്രവാചകന്മാരുടെ സന്നിധിയിലേക്കും അല്ലാഹുവിനോട് ശുപാര്‍ശ ചെയ്യാന്‍ അപേക്ഷിച്ച് ജനങ്ങള്‍ സമീപിക്കുമ്പോള്‍ അവരെല്ലാവരും തങ്ങള്‍ക്ക് സംഭവിച്ച സൂക്ഷമതക്കുറവ് കാരണം പറഞ്ഞ് കൈയൊഴിയുമ്പോള്‍ അവരുടെ അപേക്ഷ സ്വീകരിക്കപ്പെടുക മുഹമ്മദ് നബി (സ്വ)യുടെ സന്നിധിയില്‍വച്ച് മാത്രമാണ്. സുജൂദില്‍ വീഴുന്ന റസൂല്‍ (സ്വ) യോട് തലയുയര്‍ത്താനും, ചോദിക്കുവാനും, ശുപാര്‍ശ ചെയ്യുവാനും അല്ലാഹു ആവശ്യപ്പെടും. തുടര്‍ന്ന്, മഹ്ശറക്ക് ശേഷമുള്ള അടുത്ത ഘട്ടം ആരംഭിക്കുകയും ചെയ്യും. ലോകജനതക്ക് ഒന്നാകെ ഈ സന്ദര്‍ഭത്തില്‍ മുഹമ്മദ് നബി (സ്വ) കാരണമായി അല്ലാഹു കാരുണ്യം ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."