വയനാടിന് അഭികാമ്യം പരിസ്ഥിതി സൗഹൃദ വികസനം: കലക്ടര്‍
കല്‍പ്പറ്റ: വയനാടിന് അഭികാമ്യം പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസനമാണെന്ന് ജില്ലാ കലക്ടര്‍ വി. കേശവേന്ദ്രകുമാര്‍. വയനാട് ജില്ലാ പക്ഷി ഭൂപട നിര്‍മാണവുമായി ബന്ധപ്പെട്ട ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്റ് വൈല്‍ഡ് ലൈഫ് ബയോളജി, സോഷ്യല്‍ ഫോറസ്ട്രി വയനാട് ജില്ലാ വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തില്‍ പൂക്കോട് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂനിവേഴ്‌സിറ്റിയില്‍ നടന്ന ജില്ലാതല ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ വളരെ പിന്നാക്കം നില്‍ക്കുന്ന ഒരു ജില്ലയാണ് വയനാട് എന്നാണ് പൊതുവെ പറയുന്നതെങ്കിലും ജൈവ വൈവിധ്യത്തിലും കാലാവസ്ഥയിലും വന്യജീവികളുടെ സമ്പുഷ്ടതയിലും വയനാട് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പ്രദേശമാണെന്ന് കലക്ടര്‍ പറഞ്ഞു. വയനാട്ടില്‍ അടുത്തകാലത്തായി നടന്നുവരുന്ന വന്‍തോതിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും വികസനവും പരിസ്ഥിതി സൗഹൃദമായി രൂപപ്പെടുത്തിയാല്‍ മാത്രമേ വയനാടിന് ഭാവിയില്‍ പുരോഗതി കൈവരിക്കാന്‍ കഴിയൂ.
ആഗോളതാപനം വന്‍തോതിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് കാരണമാകുമ്പോള്‍ ജീവിജാതികളുടെ നിരോധനം മനുഷ്യന്റെ തന്നെ നിലനില്‍പ്പിനെ അപകടപ്പെടുത്തുമെന്ന് ചടങ്ങില്‍ അധ്യക്ഷനായ വെറ്ററിനറി ആനിമല്‍ സയന്‍സ് കോളജിന്റെ ഡീന്‍ പ്രൊ. വിജയകുമാര്‍ പറഞ്ഞു.
പക്ഷിഭൂപട നിര്‍മാണത്തിന്റെ ഭാഗമായുള്ള വിവരങ്ങള്‍ വ്യത്യസ്ഥ ഇനത്തില്‍പ്പെട്ട പക്ഷികളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന വിവരങ്ങള്‍ നല്‍കുമെന്ന് നോര്‍ത്ത് വയനാട് ഡി.എഫ്.ഒ. നരേന്ദ്രനാഥ് വേളൂരി പറഞ്ഞു.
സാധാരണ ജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ശാസ്ത്രീയമായ പഠന പ്രക്രിയയായി പങ്കാളികളാക്കാന്‍ പക്ഷിഭൂപടം എന്ന ജനകീയ ശാസ്ത്ര പരിപാടി സഹായിച്ചുവെന്ന് മുഖ്യപ്രഭാഷണം നടത്തിയ സി.കെ. വിഷ്ണുദാസ് പറഞ്ഞു. സോഷ്യല്‍ ഫോറസ്ട്രി ഡി.എഫ്.ഒ. ഷജ്‌ന കരീം, കേരള യൂനിയന്‍ ചെയര്‍പേഴ്‌സണ്‍ അഖില മോഹന്‍, ഡോ. ആര്‍.എന്‍ രതീഷ് സംസാരിച്ചു. സ്ഥലം മാറിപോകുന്ന കേശവേന്ദ്രകുമാറിന് ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്റ് വൈല്‍ഡ്‌ലൈഫ് ബയോളജിയുടെ മെമെന്റോ ഡോ. വിജയകുമാര്‍ സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."