ട്രംപ് യുഗം വരുമോ!
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള റിപ്പബ്ലിക്കന്‍പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി ഹിലരി ക്ലിന്റനും പോരാട്ടം തുടക്കത്തില്‍നിന്നും വ്യത്യസ്തമായി മാറുകയാണ്. ഇപ്പോള്‍ ട്രംപിനാണ് ഒരടി മുന്നേറ്റമെന്നാണു വാര്‍ത്ത.
227 വര്‍ഷത്തെ അമേരിക്കന്‍ ചരിത്രത്തില്‍ ഒരു വനിത, പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരരംഗത്തിറങ്ങുമ്പോള്‍ നിരവധി അനുകൂലഘടകങ്ങളുണ്ടായിരുന്നു. മുന്‍പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഭാര്യയെന്നതില്‍നിന്നു വ്യത്യസ്തമായി സ്വന്തമായ അസ്തിത്വവും വ്യക്തിത്വവും ഹിലരി ക്ലിന്റനുണ്ട്.
എട്ടുവര്‍ഷംമുന്‍പ് ഇപ്പോഴത്തെ അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രധാനഎതിരാളിയായി രംഗപ്രവേശംചെയ്ത ഹിലരി, വനിതവേണോ കറുത്തവര്‍ഗക്കാരന്‍വേണോയെന്ന തീര്‍പ്പിനുമുന്നില്‍ തോല്‍ക്കുകയായിരുന്നു.
1889-1920വരെ സ്ത്രീകള്‍ക്കു വോട്ടവകാശമില്ലാത്ത നീണ്ടവര്‍ഷങ്ങള്‍ക്കുശേഷം ഇന്നു പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഒരു വനിത വരണമെന്ന നിലയിലേയ്ക്കു അമേരിക്കന്‍ ജനത ചിന്തിക്കാന്‍ തുടങ്ങി. അതിന്റെ ഫലമായാണു ഹിലരിയുടെ വരവ്.
സ്ഥാനാര്‍ഥിപ്രഖ്യാപനത്തിനുമുന്‍പ് എഴുപത്തഞ്ചിലധികം ശതമാനം അമേരിക്കക്കാര്‍ വനിതാപ്രസിഡന്റിന്റെ കാലമായെന്നു രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, ഹിലരി-ട്രംമ്പ് പോരാട്ടചിത്രം തെളിഞ്ഞതിനുശേഷമുള്ള സര്‍വേയില്‍ ഹിലാരിക്ക് അതു കേവലം 37 ശതമാനം മാത്രമായി. ട്രംപ് 39 ശതമാനം നേടി ഒരുപിടി മുന്‍പിലായിരുന്നു.
ഒരു വര്‍ഷക്കാലത്തെ ദീര്‍ഘമായ പ്രീമാരിറ്റല്‍ കണ്‍വന്‍ഷനുകളിലൂടെ എതിര്‍സ്ഥാനാര്‍ഥികളെയെല്ലാം തോല്‍പ്പിച്ചു മുഖ്യഎതിരാളിയായ ടെഡ്ക്രൂസിനെ പിന്നിലാക്കി റൊണാള്‍ഡ് ട്രംപ് മത്സരം തുടങ്ങിയപ്പോള്‍ മുന്നേറ്റത്തിന്റെ സൂചനകളാണു പ്രചരണരംഗങ്ങളിലുണ്ടായിക്കൊണ്ടിരിക്കുന്നത്. ടെഡ്ക്രൂംസ് മനഃസാക്ഷിവോട്ടിന് തന്റെ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കിയതും ബുഷ് കുടുംബം ഒന്നായിത്തന്നെ കണ്‍വന്‍ഷനുകളില്‍നിന്നു വിട്ടുനിന്നതുമെല്ലാം തീവ്രമായ ദേശീയതയെ കൂട്ടുപിടിച്ച് ട്രംപ് അതിജീവിച്ചതായാണു വാര്‍ത്തകള്‍.
അമേരിക്കയെ പഴയ പ്രതാപത്തിലേയ്ക്കു തിരിച്ചുകൊണ്ടുപോവുകയെന്നതില്‍ തുടങ്ങി അനധികൃത കുടിയേറ്റക്കാര്‍ അമേരിക്കയുടെ തൊഴിലവസരം നശിപ്പിക്കുന്നുവെന്നു പറഞ്ഞു മെക്‌സിക്കോയില്‍നിന്നുള്ള 1.8 ലക്ഷം കുടിയേറ്റക്കാരെ നിശിതമായി വിമര്‍ശിച്ച്, അമേരിക്കക്കാര്‍ക്കു തൊഴില്‍ നഷ്ടപ്പെടുത്തുന്ന പുറംരാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികളെ പുറത്താക്കണമെന്നഭിപ്രായപ്പെട്ട്, ഐ.എസ് ഭീകരരെ കടുത്തരീതിയില്‍ വിമര്‍ശിച്ച് അമേരിക്കക്കാരുടെ ദേശീയതയെ തൊട്ടുണര്‍ത്തുന്നതാണു ട്രംപിന്റെ രീതി.
കൂടാതെ രാജ്യത്തെ തൊഴില്‍ കുറയ്ക്കുന്ന ഔട്ട്‌സോഴ്‌സിങ്ങിലൂടെ ലാഭമുണ്ടാക്കുന്ന കമ്പനികള്‍ക്കു കനത്ത നികുതി ചുമത്തുമെന്നുള്ള പ്രസംഗങ്ങള്‍ ഭീകരത, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, കുടിയേറ്റം എന്നിവകൊണ്ടെല്ലാം പ്രയാസം അനുഭവിക്കുന്ന അമേരിക്കക്കാരുടെ മനസില്‍ സ്ഥാനംനേടാന്‍ കാരണമായിട്ടുണ്ട്. ബറാക് ഒബാമയുടെ അര്‍ധസഹോദരന്‍ മാലിക് ഒബാമവരെ ദേശീയതയുടെ വക്താവായി ട്രംപിനെ കണക്കാക്കി അദ്ദേഹത്തിനൊടൊപ്പം ചേര്‍ന്നു. 1968 മുതല്‍ പൊതുപ്രവര്‍ത്തനത്തിലുള്ള കോടീശ്വരനായ ബിസിനസ്സുകാരന്‍, മാധ്യമ ഉടമ, ടെലിവിഷന്‍ അവതാരകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലെല്ലാം സ്വാധീനമുണ്ട് 70 കാരനായ ട്രംപിന്. ട്രംപിന്റെ മാധ്യമശ്രദ്ധ കിട്ടുന്ന വിവാദ പ്രസ്താവനകള്‍ ഹീറോ പദവിയിലേയ്ക്ക് അദ്ദേഹത്തെ ഉയര്‍ത്തിയിട്ടുണ്ട്.
ബോണീ സാന്റേഴ്‌സുമായി ബന്ധപ്പെട്ടും മറ്റും അതീവരഹസ്യസ്വഭാവമുള്ള ഇ-മെയിലുകള്‍ വിക്കിലീക്‌സിലൂടെ പുറത്തായത് ഹിലാരിയെ ഒരിക്കലും വിശ്വസിക്കാന്‍ കൊള്ളില്ലെന്നതിന്റെ തെളിവാണെന്നാണു ട്രംപിന്റെ പ്രഖ്യാപനം.
മറ്റുള്ളവരെ വരുതിയിലാക്കിനിര്‍ത്തുകയെന്ന അടുത്തകാലത്തെ അമേരിക്കയെപ്പറ്റിയുള്ള വിമര്‍ശനം ശരിയാണെങ്കില്‍ ട്രംപിന്റെ പ്രചരണം അമേരിക്കക്കാരെ നന്നായി സ്വാധീനിക്കുമെന്നുവേണം അനുമാനിക്കാന്‍. കാരണം ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ വ്യത്യാസം അമേരിക്കന്‍ വിദേശനയത്തില്‍ ഒരിക്കലും കാണാറില്ലെന്നത് ആഗോള കാര്യങ്ങളിലുള്ള അമേരിക്കക്കാരുടെ പൊതുചിന്തയായി കാണാവുന്നതാണ്.
തൊഴിലാളികളെ ചൂഷണം ചെയ്തു കോടീശ്വരനായയാളാണു ട്രംപ് എന്നും മാനസികപക്വതയില്ലാത്ത ട്രംപിന്റെ കൈയില്‍ അണ്വായുധത്തിന്റെ നിയന്ത്രണം വന്നുചേര്‍ന്നാല്‍ അപകടമാകുമെന്നും തോക്ക് ലോബിയുടെ വക്താവിനെ കമാന്റര്‍ ഇന്‍ ചീഫാക്കാന്‍ പാടില്ലെന്നും തുടങ്ങിയ ഹിലരിയുടെ പ്രസ്താവനകള്‍ എങ്ങനെ സ്വാധീനിക്കാമെന്നതു കാത്തിരുന്നു കാണേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."