കായികമേളയില്‍ അപകടം ഒഴിവാക്കാന്‍ സീനിയര്‍ കോച്ചിനെ നിരീക്ഷകനാക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് നടത്തുന്ന കായിക മേളകളില്‍ ത്രോ മത്സരങ്ങള്‍ ഒരു സമയത്ത് ഒരു ഇനം മാത്രമേ നടത്താവൂ എന്നും സ്‌കൂള്‍ മീറ്റില്‍ ജില്ലാതലം മുതലുള്ള മത്സരങ്ങള്‍ക്ക് ഒരു സീനിയര്‍ കോച്ചിനെ നിരീക്ഷകനായി നിയോഗിക്കുമെന്നതും സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയതായി മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനിടെ ഹാമര്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ സബ്മിഷന്‍.
അപകടത്തില്‍പെട്ട അഫീല്‍ ജോണ്‍സന്റെ മരണകാരണം എന്താണെന്നുപോലും കുടുംബത്തോട് പറഞ്ഞില്ലെന്നും ഹാമറില്‍ പുരണ്ട രക്തം തുടച്ചുമാറ്റി മത്സരം തുടര്‍ന്നുവെന്നും ഉത്തരവാദികളായ സംഘാടകര്‍ക്കെതിരേ ദുര്‍ബലമായ കുറ്റങ്ങള്‍ ചുമത്തിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സ്‌കൂള്‍ കായികമേളയുടെ ഭാഗമായ ഉപജില്ലാ, ജില്ലാ, സംസ്ഥാനതല മത്സരങ്ങള്‍ക്ക് സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് വിശദമായ സര്‍ക്കുലര്‍ എല്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും നല്‍കിയെന്ന് മന്ത്രി പറഞ്ഞു.
സ്‌കൂള്‍ മീറ്റിന് ജില്ലാതല മത്സരങ്ങള്‍ മുതലുള്ളവക്ക് കായിക, യുവജന കാര്യാലയത്തിലേയോ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിലേയോ ഒരു സീനിയര്‍ കോച്ചിനെ നിരീക്ഷകനായി നിയോഗിക്കും.
പാലായിലെ അപകടം സംബന്ധിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച മൂന്നംഗ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കുലറെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മരിച്ച വിദ്യാര്‍ഥിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ആശ്വാസ ധനസഹായമായി നേരത്തെ അനുവദിച്ചിരുന്നു.
സമിതിയുടെ റിപ്പോര്‍ട്ടുകള്‍ വിശദമായി പരിശോധിക്കുകയാണ്. സമിതി നിര്‍ദേശങ്ങളും ഇതുമായി ബന്ധപ്പെട്ട മറ്റു വിദഗ്ധ നിര്‍ദേശങ്ങളും പരിഗണിച്ച് കായികമേളകള്‍ സുരക്ഷിതമായി സംഘടിപ്പിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."