ആരോടും ചര്‍ച്ചക്ക് തയാര്‍; നടക്കുന്നത് വ്യാജ പ്രചാരണം: എ. പദ്മകുമാര്‍
തിരുവനന്തപുരം: ശബരിമലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആരുമായും ചര്‍ച്ചക്ക് തയാറാണെന്നും സര്‍ക്കാരിനും ഈ നിലപാട് തന്നെയാണെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലവിഷയം രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമം ശരിയല്ലെന്നും മണ്ഡലകാലത്തിനു മുന്നോടിയായി ഒരുക്കങ്ങള്‍ ഒന്നും നടത്തിയില്ലെന്നുള്ള പ്രചാരണം വ്യാജമാണെന്നും പ്രസിഡന്റ് എ. പദ്മകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മണ്ഡല മകരവിളക്ക് കാലത്തോടനുബന്ധിച്ച് മികച്ച രീതിയിലുള്ള ഒരുക്കങ്ങളാണ് ദേവസ്വം ബോര്‍ഡ് നടത്തിയത്. അപ്രതീക്ഷിതമായുണ്ടായ പ്രളയം കാര്യങ്ങള്‍ മാറ്റിമറിച്ചു. പിന്നീട് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയുമായി ചര്‍ച്ച നടത്തിയും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുമാണ് ഒരുക്കങ്ങള്‍ നടത്തിയത്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങള്‍ ക്ഷേത്രങ്ങളെ തകര്‍ക്കുന്ന തരത്തിലാണ്. ദേവസ്വം ബോര്‍ഡിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായാല്‍ അത് പെന്‍ഷന്‍കാരും ജീവനക്കാരുമായിട്ടുള്ള 12,000ത്തോളം കുടുംബങ്ങളെയാകും ബാധിക്കുകയെന്നും ചിലരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് തീരുമാനങ്ങളെടുക്കാനാകില്ലെന്നും പദ്മകുമാര്‍ പറഞ്ഞു. ശബരിമലയില്‍ സമാധാനം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ആരുമായും ചര്‍ച്ച നടത്തും. കേന്ദ്രമന്ത്രിമാര്‍ സന്ദര്‍ശനം നടത്തി പറഞ്ഞതുപോലെ പറയാന്‍ ആഗ്രഹിക്കുന്നില്ല. ശബരിമലയില്‍ ബോര്‍ഡ് രാഷ്ട്രീയവല്‍കരണത്തിന് ആഗ്രഹിക്കുന്നില്ല.
ശബരിമല സംബന്ധിച്ച കോടതി വിധിയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് ഇതുവരെയെടുത്ത നിലപാടില്‍ ഒരു കുഴപ്പവുമില്ലെന്നാണ് വിശ്വാസം. സാവകാശ ഹര്‍ജി എത്രയും പെട്ടെന്ന് എടുക്കണമെന്നാണ് ആഗ്രഹമെന്നും ഹര്‍ജിയില്‍ കോടതിയുടെ തീരുമാനം വരുന്നതിനനുസരിച്ച് അടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബോര്‍ഡ് അംഗം കെ.പി ശങ്കരദാസും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."