അകാരണമായി അവധിയെടുക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരേ കര്‍ശന നടപടി: ആരോഗ്യമന്ത്രി കെ.കെ ശൈലജ
കോഴിക്കോട്: പകര്‍ച്ചപ്പനി വ്യാപകമായ സാഹചര്യത്തില്‍ അകാരണമായി അവധിയെടുക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കോഴിക്കോട് കലക്ടറേറ്റില്‍ ചേര്‍ന്ന പകര്‍ച്ചപ്പനി പ്രതിരോധ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇത്തരത്തില്‍ അവധിയെടുത്ത ചിലരെ ഇതിനകം പിടികൂടിയിട്ടുണ്ട്. യഥാര്‍ഥ കാരണത്തോടെയല്ല അവധിയെടുത്തതെന്ന് ബോധ്യപ്പെട്ടാല്‍ ഇനി ആപ്‌സന്റ് രേഖപ്പെടുത്തും. ഡ്യൂട്ടി സമയത്തിന് മുന്‍പ് മുങ്ങുന്നവര്‍ക്കെതിരേയും കര്‍ശനമായ നടപടിയുണ്ടാകുമെന്നും ശൈലജ പറഞ്ഞു.
ഓരോ വാര്‍ഡിലും ആരോഗ്യസേന രൂപികരിക്കണമെന്ന് മൂന്നു മാസം മുന്‍പ് നിര്‍ദേശം കൊടുത്തിട്ടും പലയിടത്തും നടപ്പായിട്ടില്ല. അറവു മാലിന്യത്തിനെതിരേയും ചിലയിടത്ത് നടപടിയില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പനിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഭീതിതമായ സാഹചര്യമില്ല. പനിബാധിതരുടെ എണ്ണം കൂടിയെങ്കിലും നിയന്ത്രണ വിധേയമാണ്. ജനുവരി മുതല്‍ ആരോഗ്യവകുപ്പ് ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം നടത്തുന്നുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നും 'അനുഷ്ഠാനകല'യാകരുതെന്നും മന്ത്രി നിര്‍ദേശിച്ചു. നാളെ മുതല്‍ 29 വരെ തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ ശുചീകരണയജ്ഞം നടത്തും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഒന്ന് വീതവും സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ രണ്ട് വീതവും ഡോക്ടര്‍മാരെയും നഴ്‌സുമാരെയും നിയമിക്കാനും യോഗത്തില്‍ തീരുമാനമായി.
എം.കെ രാഘവന്‍ എം.പി, എം.എല്‍.എമാരായ ഡോ. എം.കെ മുനീര്‍, സി.കെ നാണു, ഇ.കെ വിജയന്‍, എ.കെ ശശീന്ദ്രന്‍, കെ. ദാസന്‍, പുരുഷന്‍ കടലുണ്ടി, കാരാട്ട് റസാഖ്, എ. പ്രദീപ് കുമാര്‍, പി.ടി.എ റഹീം, വി.കെ.സി മമ്മദ് കോയ, കലക്ടര്‍ യു.വി ജോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, അലോപതി, ആയുര്‍വേദ, ഹോമിയോ മെഡിക്കല്‍ ഓഫിസര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."