വ്യക്തിഹത്യയെ നേരിട്ടത് സംയമനത്തോടെ
കല്‍പ്പറ്റ: ഒരു പതിറ്റാണ്ടിനടുത്ത് വയനാടിനായി പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തിയ എം.ഐ ഷാനവാസ് എം.പിക്ക് നേരിടേണ്ടി വന്നത് രൂക്ഷമായ വ്യക്തിഹത്യകള്‍. എന്നാല്‍ ഇവയെല്ലാം സംയമനത്തോടെ നേരിട്ട് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മാതൃക കാണിച്ചാണ് ഷാനവാസ് വിടവാങ്ങിയത്. ആദ്യം അസുഖബാധിതനായത് മുതല്‍ എതിര്‍ കക്ഷികളില്‍ ചിലര്‍ വയനാട് എം.പിയെ കണ്ടവരുണ്ടോയെന്ന പേരില്‍ കാംപയിന്‍ നടത്തിയിരുന്നു. ഇക്കഴിഞ്ഞ പ്രളയ കാലത്ത് വര്‍ഷങ്ങള്‍ മുന്‍പുള്ള വിഡിയോയില്‍ കൃത്രിമം കാട്ടിയും രാഷ്ട്രീയ എതിരാളികള്‍ ഷാനവാസിനെതിരേ ഒളിയമ്പെയ്തു.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ജില്ലയിലുണ്ടായ പ്രതിഷേധങ്ങളിലും ഷാനവാസിനെ എതിര്‍ കക്ഷികള്‍ ബലിയാടാക്കിയിരുന്നു. എന്നാല്‍ ഇവയെയെല്ലാം സംയമനത്തോടെ നേരിടാന്‍ അദ്ദേഹത്തിനായി. നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെത്തിക്കാനും ഷാനവാസിന് കഴിഞ്ഞു. എന്നാല്‍ ശ്രീചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒരു സെന്റര്‍ വയനാട്ടില്‍ സ്ഥാപിക്കുകയെന്ന അദ്ദേഹത്തിന്റെ സ്വപ്നപദ്ധതി എങ്ങുമെത്തിയില്ല. എം.പിയായ ആദ്യ മാസങ്ങളിലൊന്നിലായിരുന്നു ശ്രീചിത്തിര വയനാട്ടില്‍ തുടങ്ങുമെന്ന പ്രഖ്യാപനം. ഇതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളും ദ്രുതഗതിയില്‍ മുന്നോട്ട് നീങ്ങിയിരുന്നു.എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇത് യാഥാര്‍ഥ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. ശാരീരിക അസ്വസ്ഥതകള്‍ അനുഭവിക്കുമ്പോഴും ജില്ലയിലെ മുഴുവന്‍ പരിപാടികളിലും തന്റെ സാന്നിധ്യം ഉറപ്പാക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു. കഴിഞ്ഞ പ്രളയകാലത്തും വയനാട്ടുകാര്‍ അത് നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്. വലിയ പദ്ധതികള്‍ വയനാട്ടിലെത്തിക്കാന്‍ സാധിച്ചില്ലെങ്കിലും സ്‌കൂളികളിലും ഗ്രാമങ്ങളിലുമടക്കം എം.പി ഫണ്ടുകള്‍ ഉപയോഗിച്ചുള്ള നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ എം.ഐ ഷാനവാസിന് സാധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."