വ്യാപാരികള്‍ക്കു പാരയായി അനധികൃത പാര്‍ക്കിങ്
ഇരിക്കൂര്‍: ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന പാതയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നായ ഇരിക്കൂര്‍ നഗരത്തിലെ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് വ്യാപാരികള്‍ക്ക് ദുരിതമാവുന്നു.
റമദാന്‍ വ്യാപാരം തകൃതിയായി നടക്കുന്ന സമയങ്ങളിലും വാഹനങ്ങള്‍ കടകള്‍ക്കു സമീപം നിര്‍ത്തിയിടുന്നത് കാരണം കടകളിലേക്കെത്തുന്ന ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ വാങ്ങാനും വാങ്ങിയതുമായി പുറത്തിറങ്ങാനും സാധിക്കുന്നില്ലെന്നാണ് പരാതി.
ഇരിക്കൂര്‍ ടൗണില്‍ ടാക്‌സി സ്റ്റാന്‍ഡും ബസ് സ്റ്റാന്‍ഡും ഒഴിഞ്ഞുകിടക്കുന്ന പാതയോരമടക്കം ഉണ്ടായിട്ടും വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തുന്ന പലരും കടകള്‍ക്ക് മുന്‍പിലാണ് വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നത്.
സംസ്ഥാന പാതയോരത്ത് ഇരിക്കൂര്‍ പാലം മുതല്‍ കനറാ ബാങ്കുവരെയുള്ള ഒരു കി.മീറ്റര്‍ ദൂരത്തില്‍ ഇരു ഭാഗങ്ങളിലുമായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ഗതാഗത തടസവും ഉണ്ടാവാന്‍ കാരണമാവുന്നു.
മണിക്കൂറുകളോളം വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നത് കച്ചവടത്തെ ബാധിക്കുന്നതായി വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇത്തരം അനധികൃത പാര്‍ക്കിങ്ങുകള്‍ നിയന്ത്രിക്കാന്‍ കര്‍ശന നടപടിയെടുക്കണമെന്നും ഇത്തരക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നുമാണ് വ്യാപാരി കളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."