മഴക്കാല രോഗങ്ങള്‍: വിദ്യാലയങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
വിദ്യാലയങ്ങളില്‍ നടപ്പിലാക്കിയ ശുചീകരണ പ്രവര്‍ത്തനങ്ങളെ ക്കുറിച്ച് 30നകം റിപ്പോര്‍ട്ട് നല്‍കണം
ചെറുവത്തൂര്‍: മഴക്കാല രോഗങ്ങള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാലയങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടിയന്തര പ്രാധാന്യത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണമെന്നാണ് നിര്‍ദേശം. സ്‌കൂള്‍ പരിസരത്ത് ഒഴിഞ്ഞ പാത്രങ്ങള്‍ ചിരട്ടകള്‍ എന്നിവയില്‍ വെള്ളം കെട്ടിക്കിടക്കാതെ സൂക്ഷിക്കണം. അത്തരം വസ്തുക്കള്‍ ഉടന്‍ നീക്കം ചെയ്യണം.
അപകടകാരികളായ കൊതുകുകളുടെ പ്രജനനം തടയുന്നതിന് കിണറുകള്‍, ജലസംഭരണികള്‍ എന്നിവയുടെ മുകളില്‍ കമ്പിവലയോടൊപ്പം കൊതുകുവലകള്‍ കൂടി ഉറപ്പിക്കണം. ജലസംഭരണികള്‍ ശുചീകരിച്ചിട്ടില്ലെങ്കില്‍ ഉടന്‍ അവ ശുചീകരിക്കണം. കുട്ടികളുടെ വ്യക്തിശുചിത്വത്തില്‍ ശ്രദ്ധചെലുത്തണമെന്നും നിര്‍ദേശമുണ്ട്. ആഹാരം കഴിക്കുന്നതിനു മുന്‍പ് കുട്ടികള്‍ കൈകള്‍ കഴുകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കുട്ടികള്‍ക്ക് കുടിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം തന്നെ നല്‍കണം.
ഉച്ചഭക്ഷണം പാചകം ചെയ്യുന്ന പാചക ശാലയും പരിസരവും ഓരോ ദിവസവും വൃത്തിയായി സൂക്ഷിക്കണം. പാചകപ്പുരയോടും കൈകഴുകുന്ന ടാപ്പുകളോടും ചേര്‍ന്നുള്ള ഓവുചാലുകള്‍ ദിവസേന വൃത്തിയാക്കേണ്ടതും, അവിടങ്ങളില്‍ മലിനജലം കെട്ടിനില്‍ക്കുന്നില്ല എന്ന് ഉറപ്പാക്കേണ്ടതുമാണ്. ഭക്ഷണ അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും സ്‌കൂള്‍ മുറ്റത്തും ഓവുചാലുകളിലും നിക്ഷേപിക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതും, അവ ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും ഫലപ്രദമായ സംവിധാനങ്ങള്‍ ഒരുക്കേണ്ടതുമാണ്.
ഇക്കാര്യങ്ങളെല്ലാം തങ്ങളുടെ പരിധിയിലെ വിദ്യാലയങ്ങളില്‍ നടപ്പിലാക്കി എന്നുറപ്പാക്കി ഉപജില്ലാ, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ വിദ്യാഭ്യാസ ഉപഡയരക്ടര്‍മാര്‍ക്ക് 30നകം റിപ്പോര്‍ട്ട് നല്‍കണം. വിദ്യാലയങ്ങളിലെ ശുചിത്വം ഉറപ്പാക്കുന്നതിന് ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിദ്യാലയസന്ദര്‍ശനവും ബോധവല്‍ക്കരണക്ലാസുകളും നടന്നു വരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."