അപൂര്‍വ റെക്കോര്‍ഡുകള്‍ നേടി മിതാലി രാജ്
ലണ്ടന്‍: വനിതാ ലോകകപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരും മുന്‍ ചാംപ്യന്മാരുമായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് മികച്ച തുടക്കമിട്ട ഇന്ത്യയുടെ ക്യാപ്റ്റന്‍ മിതാലി രാജ് ഒരപൂര്‍വ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. തുടര്‍ച്ചയായ ഏഴ് അര്‍ധ സെഞ്ച്വറികള്‍ നേടുന്ന വനിത ക്രിക്കറ്റിലെ ആദ്യ താരമെന്ന റെക്കോര്‍ഡ് ഇനി മിതാലിക്ക് സ്വന്തം. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ചര്‍ലോട്ട് എഡ്വേര്‍ഡ്സ്, ആസ്ത്രേലിയന്‍ താരങ്ങളായ ലിന്‍ഡ്സി റീലര്‍, എല്ലിസെ പെറി എന്നിവരുടെ ആറ് തുടര്‍ അര്‍ധ സെഞ്ച്വറികളെന്ന റെക്കോര്‍ഡാണ് മിതാലി മറികടന്നത്. മത്സരത്തില്‍ 71 റണ്‍സെടുത്ത ക്യാപ്റ്റന്റെ കരുത്തിലാണ് ഇന്ത്യ വിജയിക്കാനാവശ്യമായ റണ്‍സ് കണ്ടെത്തിയത്. ലോകകപ്പിലെ ആദ്യ മത്സരം ഉള്‍പ്പെടെ അവസാനം കളിച്ച ഏഴ് കളികളില്‍ 70, 64, 73, 51, 54, 62, 71 എന്നിങ്ങനെയാണ് മിതാലി സ്കോര്‍ ചെയ്തത്. പുരുഷ ക്രിക്കറ്റില്‍ ഈ നേട്ടം പാകിസ്താന് മുന്‍ ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദിന്റെ പേരിലാണ്. ഒന്‍പത് തുടര്‍ അര്‍ധ സെഞ്ച്വറികള്‍ നേടിയതാണ് മിയാന്‍ദാദിന്റെ നേട്ടം. ഈ റെക്കോര്‍ഡും മിതാലിക്ക് തിരുത്താന്‍ അവസരമുണ്ട്. വനിതാ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറികള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും മിതാലി ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിലെ പ്രകടനത്തോടെ സ്വന്തം പേരിലാക്കി. ചര്‍ലോട്ട് എഡ്വേര്‍ഡ്സിന്റെ 46 അര്‍ധ സെഞ്ച്വറികളുടെ റെക്കോര്‍ഡാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ 47ആക്കി തിരുത്തിയത്.
വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമെന്ന റെക്കോര്‍ഡ് ചര്‍ലോട്ട് എഡ്വേര്‍ഡ്സിന്റെ പേരിലാണ്. ആ റെക്കോര്‍ഡ് മറികടക്കാന്‍ മിതാലിക്ക് 141 റണ്‍സ് കൂടിയേ ഇനി ആവശ്യമുള്ളു. ഈ ലോകകപ്പില്‍ തന്നെ മിതാലി മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്റെ റെക്കോര്‍ഡും മറികടക്കും. 148 റണ്‍സ് കൂടി നേടിയാല്‍ വനിതാ ക്രിക്കറ്റ് ചരിത്രത്തില്‍ 6000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും മിതാലിക്ക് സ്വന്തമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."