നഗരസഭാ പരിധിയിലെ മാലിന്യ നിക്ഷേപം രാത്രി സ്‌ക്വാഡുകള്‍ നിരീക്ഷിക്കും
പാലക്കാട്: നഗരസഭാ പരിധിയില്‍ പൊതു സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ നൈറ്റ് സ്‌ക്വാഡുകള്‍ നിരീക്ഷണം ശക്തമാക്കുമെന്ന് നഗരസഭാ സെക്രട്ടറി രഘുരാമന്‍ അറിയിച്ചു.
നഗരസഭയിലെ ആറ് ഡിവിഷനുകളിലായി 300 തൊഴിലാളികള്‍ എന്നും രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ശുചീകരണം നടത്തുന്നുണ്ട്. ഇവര്‍ അവധിയാകുന്ന ദിവസങ്ങളില്‍ ഡെയ്‌ലി ലേബര്‍ രജിസ്റ്റര്‍ ( ഡി.എല്‍.ആര്‍) ലുള്ള ജീവനക്കാരെ നിയോഗിച്ചും ശുചീകരണം നടത്തുന്നുണ്ട്. എന്നാല്‍ പൊതുജനങ്ങള്‍ യാതൊരു സാമൂഹിക ബോധവുമില്ലാതെ പകര്‍ച്ചവ്യാധികള്‍ക്ക് സാഹചര്യമൊരുക്കുന്ന വിധം പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് തുടരുകയാണ് .
വിലകൂടിയ വാഹനങ്ങളിലും ഇരുചക്ര വാഹനങ്ങളിലുമെത്തി സ്വന്തം മാലിന്യം പൊതു സമൂഹത്തിലേക്ക് വലിച്ചെറിയുന്നവര്‍ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. 1994 കേരള മുനിസിപ്പാലിറ്റി ആക്റ്റ് 340-ം വകുപ്പ് പ്രകാരം പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നതിന് ആറ് മാസം തടവും 25,000 രൂപ പിഴയും വിധിക്കാം.
സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതിന് രാവിലെയും വൈകീട്ടും നടക്കാനിറങ്ങുമ്പോള്‍ വീട്ടിലെ മാലിന്യം പ്ലാസ്റ്റിക് പൊതിയില്‍ കെട്ടി വഴിയരികില്‍ നിക്ഷേപിക്കുന്നവര്‍ മുതല്‍ മാലിന്യം നിക്ഷേപിക്കാന്‍ മാത്രം വാഹനമെടുത്ത് പുറത്തിറങ്ങുന്നവരുമുണ്ട്.
പൊതു സമൂഹത്തില്‍ പകര്‍ച്ചവ്യാധി പടര്‍ത്തി ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് നഗരസഭയില്‍ വിവരങ്ങള്‍ അറിയിക്കാം. ഇക്കാര്യത്തില്‍ നഗരസഭാ സ്‌ക്വാഡുകള്‍ 24 മണിക്കൂറും നിരീക്ഷണമേര്‍പ്പെടുത്തുമെന്ന് സെക്രട്ടറി അറിയിച്ചു. ചില മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ പൂന്തോട്ടങ്ങളാക്കിയതിന് ശേഷവും സ്ഥിരമായ ശീലംകാരണം ഇപ്പോഴും ഇവിടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരുണ്ടെന്ന് നഗരസഭാ ജീവനക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."