പങ്കെടുത്തവര്‍ക്കെല്ലാം സമ്മാനം നല്‍കി ഒരു 'ഹരിതവിവാഹം'
പറവൂര്‍: വിവാഹ ആഘോഷത്തില്‍ പങ്കെടുത്ത് വധൂവരന്‍മാരെ ആശീര്‍വദിച്ച് വേദി വിടാനൊരുങ്ങിയവര്‍ക്ക് താങ്ക്‌സ് കാര്‍ഡിനും മിഠായികള്‍ക്കും പകരം കിട്ടിയത് തുണിസഞ്ചി, സഞ്ചിക്കുള്ളില്‍ നാം കണ്ടു മറന്നുകൊണ്ടിരുന്ന ഔഷധചെടിയായ ആരിവേപ്പിന്‍ തൈയും. പുത്തന്‍വേലിക്കര പഞ്ചായത്തിലെ ആദ്യത്തേതും പറവൂര്‍ താലൂക്കിലെ രണ്ടാമത്തേതുമായ ഹരിതപ്രോട്ടോകോള്‍ അനുസരിച്ച് തേലത്തുരുത്തില്‍ നടന്ന വിവാഹത്തിന്റേതായിരുന്നു വേദി. ദേശാഭിമാനി പറവൂര്‍ ലേഖകന്‍ എം.കെ സുബ്രഹ്മണ്യന്റേയും കുറുമശ്ശേരി ഗവ. യു.പി. സ്‌കൂളിലെ ഹിന്ദി അധ്യാപിക പി.കെ ശാന്തയുടേയും മകന്‍ സുബിന്റെതായിരുന്നു വിവാഹം. മുസരിസ് പട്ടണം കൃഷ്ണവിലാസത്തില്‍ പരേതനായ വേണുഗോപാലിന്റേയും സുജാതയുടേയും മകള്‍ ഉപാസനയായിരുന്നു വധു. കൊച്ചിന്‍ എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥനാണ് സുബിന്‍. ഉപാസന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയും.
കവര്‍ ഒഴിവാക്കി മൂന്നു മടക്കിലുള്ള വിലകുറഞ്ഞ കാര്‍ഡിലായിരുന്നു ക്ഷണക്കത്ത്. വരന്റെ വസതിയല്‍ ഡിസ്‌പോസിബിള്‍ ഗ്ലാസ്സും പ്ലെയ്റ്റും ഒഴിവാക്കി സിറാമിക് പ്ലെയ്റ്റുകളും ചില്ലുഗ്ലാസുകളുമാണ് ഭക്ഷണം വിളമ്പാന്‍ ഉപയോഗിച്ചത്. ഭക്ഷണാവശിഷ്ടങ്ങള്‍ ശേഖരിച്ചത് പച്ചോലയില്‍ നെയ്ത വല്ലങ്ങളിലായിരുന്നു. പച്ചോല മെടഞ്ഞ് അതില്‍ കുരുത്തോല കൊണ്ട് ''വന്നാലും'' എന്നെഴുതിയ പുതുമയാര്‍ന്ന സ്വാഗത കമാനം ഉയര്‍ത്തിയാണ് അതിഥികളെ വരവേറ്റത്.
വരനും വധുവും ഉപയോഗിച്ച ബൊക്കെകളും തൊപ്പികളും നിര്‍മ്മിച്ചത് കുരുത്തോലകള്‍കൊണ്ടായിരുന്നു. വേദിക്കു മുന്നില്‍ കുരുത്തോലയും വാഴപ്പിണ്ടികളും ഉപയോഗിച്ച് നിര്‍മിച്ച ഭാഗിക നിലവിളക്കാണ്. വേദിയുടെ പശ്ചാത്തലത്തില്‍ പച്ചോല കൊണ്ടുള്ള ഹൃദയചിഹ്നവും അരയന്നങ്ങളും ശ്രദ്ധേയമായി. പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കി വിവാഹം നടത്തിയതിന് ജില്ലാ കലക്ടര്‍ ഒപ്പിട്ട് ഫ്രെയിം ചെയ്ത സര്‍ട്ടിഫിക്കറ്റ് പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സെബാസ്റ്റ്യന്‍, പുത്തന്‍വേലിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ലാജു എന്നിവര്‍ ചേര്‍ന്ന് വധൂവരന്‍മാര്‍ക്ക് സമ്മാനിച്ചു. വി.ഡി. സതീശന്‍ എം.എല്‍.എ., ജില്ലാ ശുചിത്വമിഷന്‍ അസി. കോ-ഓര്‍ഡിനേറ്റര്‍ സി.കെ. മോഹനന്‍, മുന്‍ കില ഡയറക്ടര്‍ ഡോ. എന്‍. രമാകാന്തന്‍, നടന്‍മാരായ കെടാമംഗലം വിനോദ്, കോട്ടയം പുരുഷന്‍, ഒ.യു. ഖാലിദ് തുടങ്ങിയവര്‍ ഹരിതസന്ദേശം നല്‍കി.
ജില്ലയില്‍ തന്നെ അറിയിച്ച് 31 വിവാഹങ്ങള്‍ ഹരിത പ്രോട്ടോക്കോള്‍ അനുസരിച്ച് നടന്നിട്ടുണ്ടെങ്കിലും തുണിസഞ്ചിയും ഔഷധ തൈയും നല്‍കിയതുള്‍പ്പെടെയുള്ള നിരവധി പ്രത്യേകതകളുള്ളതായിരുന്നു ഈ വിവാഹമെന്ന് ശുചിത്വമിഷന്‍ ജില്ലാ അസി. കോ-ഓര്‍ഡിനേറ്റര്‍ സി.കെ. മോഹനന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."