തൊഴിലുറപ്പ് പദ്ധതി: കെ.സി വേണുഗോപാലിനെ അഭിനന്ദിച്ചു
ആലപ്പുഴ: തൊഴിലുറപ്പ് പദ്ധതിയുടെ കുലിയിനത്തില്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും കിട്ടേണ്ട 760 കോടി രൂപ കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രിയെ കൊണ്ട് അനുവദിപ്പിച്ച കെ.സി.വേണുഗോപാല്‍ എം.പിയെ ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി അഭിനന്ദിച്ചതായി പ്രസിഡന്റ് എം.ലിജു പറഞ്ഞു.
തൊഴിലാളികള്‍ കഴിഞ്ഞ ആറുമാസമായി കൂലി കിട്ടാതെ പട്ടിണിയിലാണ്. ആലപ്പുഴക്ക് മാത്രം കൂലികുടിശ്ശിഖ 99 കോടിയായി ഉയര്‍ന്നു. എം.പിയും, കോണ്‍ഗ്രസ്സ് പാര്‍ട്ടിയും ഈ വിഷയത്തില്‍ വിവിധ പ്രതിഷേധ പരിപാടികളും ഇടപെടലുകളും നടത്തിയിട്ടും കുടിശ്ശിക ലഭ്യമാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായ യാതൊരു ഇടപെടലുകളും നടത്തിയില്ല. കെ.സി.വേണുഗോപാല്‍ ഇക്കാര്യം പാര്‍ലമെന്റിലടക്കം പലതവണ ഉന്നയിച്ചിരുന്നു.
എന്നാല്‍ പദ്ധതിയുടെ സ്ഥിതി വിവര കണക്കുകള്‍ ഉള്‍പ്പെട്ട ആസ്ഥിവികസനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഒന്നുംതന്നെ സംസ്ഥാനം കേന്ദ്രത്തിന് നല്‍കാതിരുന്നതാണ് കൂലി നല്‍കാന്‍ തടസ്സമായി കേന്ദ്രം പറഞ്ഞിരുന്നത്.കുടിശ്ശിക റിലീസ് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലും കെ.സി.വേണുഗോപാല്‍ ഇടപെടല്‍ നടത്തിയിരുന്നു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തില്‍ പദ്ധതിയുടെ ചുമതല വഹിക്കുന്ന ജോയിന്റ് സെക്രട്ടറി അപരാജിത സാരംഗിയുമായും എം.പി ചര്‍ച്ച നടത്തി. നേരത്തെ ആലപ്പുഴയില്‍ തന്നെ ഇക്കാര്യത്തില്‍ നിരവധി യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി കേന്ദ്ര മന്ത്രിയുമായും ചര്‍ച്ച നടത്തി. ഗ്രാമവികസ വകുപ്പ് ചുമതല വഹിക്കുന്ന നര്ന്ദ്രസിംഗ് തോമറുമായി കെ.സി.വേണുഗോപാല്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയിലാണ് കുടിശ്ശിക നല്‍കാന്‍ തീരുമാനമായതെന്നും ഡി.സി.സി പ്രസിഡന്റ് എം.ലിജു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."