സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ആധാര്‍: ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: വിവിധ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് സവിശേഷ തിരിച്ചറിയല്‍ രേഖയായ ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരേ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രിം കോടതി വിസമ്മതിച്ചു.
ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ സാമൂഹ്യക്ഷേമ പദ്ധതികളുടെ പ്രയോജനം നിഷേധിക്കപ്പെട്ടത് ആര്‍ക്കാണെന്നു വ്യക്തമാകാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയില്ലെന്ന് അവധിക്കാല ബഞ്ച് അറിയിച്ചു. ക്ഷേമപദ്ധതിയുടെ ഗുണം ലഭിക്കാതെ പോയവരുടെ വിവരങ്ങള്‍ അറിയിക്കാതെ ഊഹത്തിന്റെ പേരില്‍ ഇത്തരത്തിലൊരുത്തരവ് പുറപ്പെടുവിക്കാന്‍ സാധിക്കില്ലെന്ന് ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, നവീന്‍ സിന്‍ഹ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. ആധാര്‍ വ്യക്തിയുടെ സ്വകാര്യത ഹനിക്കുന്നതാണോയെന്ന കേസില്‍ ഭരണഘടനാ ബെഞ്ച് വിധി പറയുംവരെ ഇതെല്ലാം നിലവിലുള്ള രീതിയില്‍ തുടരുമെന്ന ഈ മാസം ഒന്‍പതിനു പുറപ്പെടുവിച്ച ഉത്തരവ് ഇവിടെയും ബാധകമാണെന്നും അതിനാല്‍ കൂടുതല്‍ വിശദീകരിക്കേണ്ട കാര്യമില്ലെന്നും ചൂണ്ടിക്കാട്ടിയ സുപ്രിം കോടതി, ഇക്കാര്യങ്ങളെല്ലാം അന്നത്തെ ഉത്തരവിന്റെ 90-ാം ഖണ്ഡികയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും വിശദീകരിച്ചു.
ആദായ നികുതി റിട്ടേണിന് പുറമെ വിവിധ സബ്‌സിഡികള്‍, സ്‌കോളര്‍ഷിപ്പുകള്‍, പെന്‍ഷന്‍, ഉച്ചക്കഞ്ഞി പദ്ധതി എന്നിവയ്ക്കുകൂടി കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കി വിജ്ഞാപനം ഇറക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സാമൂഹ്യ പ്രവര്‍ത്തകരായ കല്യാണി സെന്‍ മേനോനും ശാന്താ സിന്‍ഹയും സമര്‍പ്പിച്ച ഹരജിയാണ് ഇന്നലെ പരിഗണിച്ചത്. ആധാര്‍ നിര്‍ബന്ധമാക്കാനുള്ള നീക്കം സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നിഷേധിക്കപ്പെടാന്‍ ഇടയാക്കുമെന്ന് ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."