നിയമസഭാ സമ്മേളനം 27 മുതല്‍
തിരുവനന്തപുരം: പൂര്‍ണമായും നിയമ നിര്‍മാണത്തിനായി മാറ്റിവയ്ക്കുന്ന പതിനാലാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം 27ന് ആരംഭിച്ച് ഡിസംബര്‍ 13ന് അവസാനിക്കും. ഈ കാലയളവില്‍ 13 ദിവസം സഭചേരുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന്റെ ആദ്യ ദിവസമായ 27ന് രാവിലെ, സഭാംഗമായിരുന്ന പി.ബി അബ്ദുല്‍ റസാക്കിന്റെ നിര്യാണത്തില്‍ ചരമോപചാരം അര്‍പ്പിച്ച് അന്നത്തേക്ക് സഭ പിരിയും. നിലവില്‍ പുറപ്പെടുവിച്ച 13 ഓര്‍ഡിനന്‍സുകള്‍ പരമാവധി വേഗത്തില്‍ നിയമമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളും.
ഇതില്‍ അഞ്ചുബില്ലുകള്‍ തയാറായിട്ടുണ്ട്. 28, 29 തിയതികളിലാണ് സുപ്രധാന അഞ്ചുബില്ലുകള്‍ സബ്ജക്ട് കമ്മിറ്റികളുടെ പരിശോധനയ്ക്കായി അയയ്ക്കണമെന്ന പ്രമേയങ്ങള്‍ പരിഗണിക്കുക.
2018ലെ കേരള മുനിസിപ്പാലിറ്റി (മൂന്നാം ഭേദഗതി)ബില്‍, 2018ലെ കേരള പഞ്ചായത്ത്‌രാജ് (മൂന്നാം ഭേദഗതി) ബില്‍, 2018ലെ കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് (ഭേദഗതി) ബില്‍ എന്നിവ 28ന് പരിഗണിക്കും. 29ന് 2018ലെ കേരള പൊലിസ് (ഭേദഗതി) ബില്‍, 2018ലെ കോഴിക്കോട് സര്‍വകലാശാല (സെനറ്റിന്റെയും സിന്‍ഡിക്കേറ്റിന്റെയും താല്‍ക്കാലിക ബദല്‍ ക്രമീകരണം) ബില്‍ എന്നിവയാണ് അവതരിപ്പിക്കുക. 2018-19 വര്‍ഷത്തെ ബജറ്റിലെ ഉപധനാഭ്യര്‍ഥനകളുടെ ചര്‍ച്ചയും വോട്ടെടുപ്പും ഡിസംബര്‍ 10ന് നടക്കും. നിയമനിര്‍മാണത്തിനായി നീക്കിവച്ചിട്ടുള്ള മറ്റുദിവസങ്ങളില്‍ കാര്യോപദേശകസമിതി തീരുമാനിക്കുന്നതിന്റെ അടിസ്ഥാനത്തിലുള്ള ബില്ലുകള്‍ സഭ പരിഗണിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.
കേരള നിയമസഭ രാജ്യത്തിന് മാതൃകയാകുന്ന പ്രവര്‍ത്തനമാണ് കഴിഞ്ഞ രണ്ടര വര്‍ഷമായി നടത്തിയതെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സഭാസമ്മേളനം ചേരുന്ന ദിവസങ്ങള്‍ ദേശീയ ശരാശരിയില്‍ ഏറെ മുന്നിലാണ്. കേരള നിയമസഭ രണ്ടര വര്‍ഷത്തിനുള്ളില്‍ 150 ദിവസത്തോളം ചേര്‍ന്നു.
കഴിഞ്ഞ വര്‍ഷത്തേതുപോലെ മാര്‍ച്ചില്‍ ബജറ്റ് അവതരിപ്പിച്ച് 31 നുള്ളില്‍ സമ്പൂര്‍ണ ബജറ്റിന്റെ നടപടിക്രമങ്ങള്‍ ഇക്കുറിയും പൂര്‍ത്തിയാക്കും. ജനുവരിയില്‍ നയപ്രഖ്യാപനം നടക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."