കെ.എം.ഷാജിക്കെതിരായ പരാമര്‍ശം: ഖേദം രേഖപ്പെടുത്തി മന്ത്രി ജലീല്‍
തിരുവനന്തപുരം: മാര്‍ക്ക് ദാനം സംബന്ധിച്ച് കഴിഞ്ഞയാഴ്ച പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയവേ കെ.എം.ഷാജിക്കെതിരേ നടത്തിയ വ്യക്തിപരമായ പരാമര്‍ശങ്ങളില്‍ മന്ത്രി കെ.ടി.ജലീല്‍ നിയമസഭയില്‍ ഖേദം രേഖപ്പെടുത്തി. തന്റെ പരാമര്‍ശം ആര്‍ക്കെങ്കിലും വേദനയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ പിന്‍വലിക്കുന്നതായും ഖേദം രേഖപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു.
കെ.എം.ഷാജി കവലപ്രസംഗം നടത്തുകയാണെന്നും കോളജിന്റെ പടികയറിയിട്ടില്ലെന്നുമുള്ള പരാമര്‍ശങ്ങളാണ് മന്ത്രി കഴിഞ്ഞ ദിവസം നടത്തിയത്. ഇതിനെതിരേ ഷാജി ഇന്നലെ പോയിന്റ് ഓഫ് ഓര്‍ഡര്‍ അവതരിപ്പിച്ചു. താനും മന്ത്രിയും ഒരു കോളജിലാണ് പ്രീ ഡിഗ്രി വിദ്യാഭ്യാസം നടത്തിയതെന്നും അതിനുശേഷം ബി.ബി.എക്കു പോയതായും ഷാജി പറഞ്ഞു.
മന്ത്രി പഠിച്ചത് കോളജിലല്ലെങ്കില്‍ താനും കോളജിലല്ല പഠിച്ചത്. 141 എം.എല്‍.എമാര്‍ക്ക് ഏതൊക്കെ വിഷയങ്ങളില്‍ എങ്ങനെയൊക്കെ ഇടപെടാമെന്ന് മന്ത്രി ലിസ്റ്റ് പുറപ്പെടുവിക്കണമെന്നും തന്നെക്കുറിച്ച് മന്ത്രി പറഞ്ഞ കാര്യങ്ങള്‍ സഭാ രേഖകളില്‍നിക്കരുതെന്നാണ് അഭ്യര്‍ഥനയെന്നും ഷാജി പറഞ്ഞു.
വിഷയത്തില്‍ ഇടപെട്ട സ്പീക്കര്‍, കോളജില്‍ പഠിച്ചില്ലെന്നത് ഒരു കുറവായി കാണുന്നത് ശരിയല്ലെന്നും എന്ത് സാഹചര്യത്തിലായാലും അങ്ങനെയുള്ള പരാമര്‍ശം ശരിയല്ലെന്നാണ് അഭിപ്രായമെന്നും റൂളിങ്ങ് നല്‍കി. ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
ജൈവമനുഷ്യന്റെ ബോധവും അറിവും മണ്ണില്‍നിന്നാണ്. കോളജില്‍ പഠിച്ചതുകൊണ്ട് അതു ലഭിക്കണമെന്നില്ല. നിയമസഭാ സമാജികര്‍ കോളജില്‍ പഠിച്ചിട്ടില്ലെന്നത് ഒരു കുറവായി കാണേണ്ടതില്ലെന്നും സ്പീക്കര്‍ പറഞ്ഞു. തുടര്‍ന്നാണ് മന്ത്രി ഖേദം പ്രകടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."