ഇമ്രാന്‍ഖാന്‍ രാജിവച്ചില്ലെങ്കില്‍ രാജ്യം നിശ്ചലമാകും: ഫസലുറഹ്മാന്‍
ഇസ്‌ലാമാബാദ്: ഇമ്രാന്‍ഖാന്‍ രാജിവയ്ക്കാനുള്ള അന്ത്യശാസന തിയതി ഞായറാഴ്ച അവസാനിച്ചതോടെ രാജിവച്ചില്ലെങ്കില്‍ രാജ്യത്തെ നിശ്ചലമാക്കുമെന്ന് ജംഇയത്തു ഉലമായെ ഇസ്‌ലാം പ്രസിഡന്റ് മൗലാന ഫസലുര്‍റഹ്മാന്‍.
ലക്ഷക്കണക്കിനു വരുന്ന അനുയായികളോടൊപ്പം തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ കൂറ്റന്‍ ആസാദി മാര്‍ച്ച് നടത്തിയ അദ്ദേഹം ലക്ഷ്യം നേടിയെടുക്കുംവരെ പ്രതിഷേധം തുടരുമെന്നും വ്യക്തമാക്കി.
ഇമ്രാന്‍ഖാന്‍ പുറത്തുപോയ ശേഷം സുതാര്യമായ തെരഞ്ഞെടുപ്പിലൂടെ പുതിയ ഭരണാധികാരിയെ തെരഞ്ഞെടുക്കണം. മറ്റു പോംവഴിയില്ല. ഇപ്പോള്‍ നടക്കുന്ന പ്രതിഷേധം പ്ലാന്‍ എയാണ്. ഇതു കഴിഞ്ഞാല്‍ പ്ലാന്‍ ബിയും പ്ലാന്‍ സിയുമുണ്ട്. ഇന്ന് തലസ്ഥാനമേ സ്തംഭിച്ചിട്ടുള്ളൂ. നാളെ രാജ്യം മുഴുവനായും സ്തംഭിക്കും. ഇതിന്റെ ഭാഗമായി മറ്റു പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താന്‍ മുസ്‌ലിം ലീഗ്-നവാസ്, പാകിസ്താന്‍ പീപിള്‍സ് പാര്‍ട്ടി, പക്തൂണ്‍ഖ്വ മില്ലി അവാമി പാര്‍ട്ടി, ഖൗമി വതന്‍ പാര്‍ട്ടി, നാഷനല്‍ പാര്‍ട്ടി, അവാമി നാഷനല്‍ പാര്‍ട്ടി എന്നിവയും ഫസലുറഹ്മാനെ പിന്തുണയ്ക്കുന്നുണ്ട്.
അതേസമയം, രാജിയാവശ്യം തള്ളിക്കളഞ്ഞ ഇമ്രാന്‍ഖാന്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധം അഴിമതിക്കേസില്‍ ജയിലിലുള്ള മുസ്‌ലിംലീഗ്-പി.പി.പി നേതാക്കളെ ജയില്‍മോചിതരാക്കാനുള്ള ശ്രമമാണെന്ന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."