കാറ്റിലും മഴയിലും വ്യാപക നാശം
കാസര്‍കോട്: കനത്തമഴയില്‍ ബന്തടുക്ക, കുണ്ടംകുഴി, പരവനടുക്കം, ഉപ്പള മേഖലയില്‍ വ്യാപക നാശം. കനത്തമഴയില്‍ മരം വീണതിനെ തുടര്‍ന്ന് ബന്തടുക്ക പുളുവഞ്ചിയില്‍ വീട് തകര്‍ന്നു. പുളുവഞ്ചി പട്ടികവര്‍ഗ കോളനിയിലെ നാര്യമ്പാടിയുടെ വീടാണു മരം കടപുഴകിയതിനെ തുടര്‍ന്നു തകര്‍ന്നത്.
വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകരുകയും ചുമരുകള്‍ക്കു വിള്ളല്‍ വീഴുകയുമുണ്ടായി. കഴിഞ്ഞ ദിവസം രാത്രി പത്തോടെ വീട്ടുകാര്‍ കിടന്നുറങ്ങുമ്പോഴാണു വീടിനു മുകളില്‍ മരം വീണത്. മേല്‍ക്കൂരയിലെ ഓട് തകര്‍ന്ന് ഇവര്‍ കിടന്നിരുന്ന മുറിക്കു മുകളിലേക്കു വീണെങ്കിലും ആര്‍ക്കും പരുക്കേറ്റില്ല.
കുണ്ടംകുഴി പുക്കുന്നത്ത് പാറയിലെ പരേതനായ ചനിയന്റെ ഭാര്യ വെള്ളച്ചിയുടെ വീട് കനത്ത മഴയിലും കാറ്റിലും തകര്‍ന്നു. കാലപ്പഴക്കം മൂലം ജീര്‍ണാവസ്ഥയിലായിരുന്ന വീടാണ് തകര്‍ന്നത്. ഭാഗികമായി തകര്‍ന്ന വീടിന്റെ ബാക്കിഭാഗവും ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ്. വീട്ടില്‍ വെള്ളച്ചി തനിച്ചാണു താമസം. വീട് തകര്‍ന്നതോടെ ഇവരുടെ അവസ്ഥ ദുരിതത്തിലായി.
പരവനടുക്കം കൈന്താര്‍ ഹൗസില്‍ മാധവിയമ്മയുടെ വീട്ടുമുറ്റത്തെ കിണര്‍ കനത്തമഴയില്‍ ഇടിഞ്ഞു താഴ്ന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലോടെയാണു സംഭവം. ആറുവരിക്കല്‍ പണിത ആള്‍മറ പാടെ ഇടിഞ്ഞു വീഴുകയായിരുന്നു. രണ്ടു മാസം മുന്‍പാണ് കിണറിന് ആള്‍മറയും പമ്പ്ഹൗസും സ്ഥാപിച്ചത്. കിണര്‍ ഇടിഞ്ഞതില്‍ മൂന്നു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. റവന്യൂ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. കാഞ്ഞങ്ങാട്, നീലേശ്വരം മേഖലകളിലും കനത്ത മഴയില്‍ വ്യാപക നാശമുണ്ടായിട്ടുണ്ട്.
കാഞ്ഞങ്ങാട്: കനത്ത മഴയെ തുടര്‍ന്ന് വീട്ടുപറമ്പിലെ കിണര്‍ താഴ്ന്നു. ചിത്താരിയിലെ പൊതു പ്രവര്‍ത്തകനും ടോയോട്ടോ സെറാമിക്‌സിന്റെ ഡയറക്ടറുമായ സൗത്ത് ചിത്താരിയിലെ സി.പി സുബൈറിന്റെ വീട്ടുപറമ്പിലെ കിണറാണ് മഴയില്‍ ഇടിഞ്ഞു താഴ്ന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.
ചുറ്റു മതില്‍ കെട്ടിയ കിണര്‍ പൂര്‍ണമായും ഭൂമിയിലേക്ക് താഴ്ന്നിറങ്ങിയതിനാല്‍ പിന്നീട് മണ്ണിട്ടു മൂടി. കിണര്‍ താഴ്ന്നു വലിയൊരു കുഴി രൂപപ്പെടുകയായിരുന്നു. വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ വീടിനു പുറത്തിറങ്ങിയപ്പോള്‍ കിണര്‍ താഴുന്നതായാണ് കണ്ടത്. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ വീടിന്റെ ഭാഗത്തേക്ക് ഗര്‍ത്തം രൂപപ്പെടുന്നതിന് മണ്ണ് എത്തിച്ച് കുഴി നികത്തുകയായിരുന്നു.ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കിണര്‍ താഴുന്ന പ്രതിഭാസം ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. കാസര്‍കോട് പരവനടുക്കത്തും മുമ്പ് കിണര്‍ താഴ്ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."