അമിത ചെലവ്: കശ്മിര്‍ നേതാക്കളെ ഹോട്ടലില്‍നിന്ന് മാറ്റിയേക്കും
ശ്രീനഗര്‍: ജമ്മുകശ്മിരിന്റെ പ്രത്യേക പദവി സംബന്ധിച്ച 370ാം വകുപ്പ് എടുത്തുകളയുന്നതിന് മുന്നോടിയായി വീട്ടുതടങ്കലിലാക്കിയ സംസ്ഥാനത്തെ മുഖ്യാധാരാ രാഷ്ട്രീയ നേതാക്കളുടെ തടവുകേന്ദ്രം മാറ്റുന്നു. നക്ഷത്ര സൗകര്യമുള്ള ഹോട്ടലുകളില്‍ താമസിപ്പിച്ചതിനെത്തുടര്‍ന്ന് അധികചെലവ് ഉണ്ടായതോടെയാണ് ഇവരെ കുറഞ്ഞ നിരക്കുള്ള ഹോട്ടലിലേക്കും സര്‍ക്കാരിന് കീഴിലുള്ള കെട്ടിടങ്ങളിലേക്കും മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
പ്രസിദ്ധമായ ദാല്‍ തടാകക്കരയിലെ സെന്റുവര്‍ ഹോട്ടലിലെ നേതാക്കളെയാണ് മാറ്റുന്നത്. നാഷനല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളുടെ 31 പ്രമുഖ നേതാക്കളാണ് ഈ ഹോട്ടലിലുള്ളത്. ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (ഐ.ടി.ഡി.സി) ഉടമസ്ഥതയിലുള്ള ഹോട്ടലാണ് ഇത്.
നേതാക്കളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണെന്നും ഒന്നുകില്‍ എം.എല്‍.എ ഹോസ്റ്റലിലേക്ക് അല്ലെങ്കില്‍ മറ്റേതെങ്കിലും ഹോട്ടലിലേക്ക് മാറ്റിത്താമസിപ്പിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നേതാക്കളെ താമസിപ്പിച്ചതിന് 2.65 കോടിരൂപയുടെ ബില്ലാണ് ഹോട്ടല്‍ മാനേജ്‌മെന്റ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.
ഓഗസ്റ്റ് അഞ്ച് മുതലുള്ള മൂന്നുമാസത്തെ ബില്ലാണ് മാനേജ്‌മെന്റ് നല്‍കിയത്. അതേസമയം സര്‍ക്കാര്‍ നിരക്ക് പ്രകാരമുള്ള തുക മാത്രമെ നല്‍കൂവെന്നാണ് അധികൃതരുടെ നിലപാട്. ഒരുമുറിയില്‍ രണ്ടുപേരെ വീതമാണ് താമസിപ്പിച്ചിരിക്കുന്നത്. ആഴ്ചയില്‍ ഒരിക്കല്‍ ഒരു കഷ്ണം കോഴിയിറച്ചി നല്‍കുന്നതൊഴിച്ചാല്‍ ഏറെക്കുറേ പൂര്‍ണമായി സസ്യാഹാരമാണ്.
നിലവില്‍ എം.എല്‍.എ ഹോസ്റ്റലില്‍ ജമ്മു സ്വദേശികളായ രാഷ്ട്രീയ നേതാക്കളും കൗണ്‍സിലര്‍മാരുമാണ് കഴിയുന്നത്.
ഈ സാഹചര്യത്തില്‍ ഉയര്‍ന്ന സുരക്ഷയുള്ള കന്റോണ്‍മെന്റ് ഏരിയയിലെ ഹോട്ടലിലേക്ക് നേതാക്കളെ മാറ്റിയേക്കുമെന്നും സൂചനയുണ്ട്. ശൈത്യകാലത്തെ താമസത്തിന് ചെലവേറുമെന്നത് മുന്നില്‍ കണ്ടാണ് ഇപ്പോഴത്തെ നടപടിയെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, അമിത ചെലവ് അല്ലെന്നും ഹോട്ടലിനെ സബ്ജയില്‍ ആക്കിയതിനാല്‍ അതിനു തൊട്ടടുത്ത് പരിപാടികള്‍ നടത്താന്‍ കഴിയാത്തതിനാലാണ് തടവുകാരെ മാറ്റുന്നതെന്നുമാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല, മഹ്ബൂബ മുഫ്തി എന്നിവരുടെ തടവുകേന്ദ്രത്തില്‍ മാറ്റമുണ്ടാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."