'ഭാര്യമാരായി' കാമുകിമാരും അടുപ്പക്കാരികളും: സി.ഐ.എസ്.എഫില്‍ പരിശോധന കര്‍ക്കശമാക്കുന്നു
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെകൂടെ താമസിക്കുന്നവരെക്കുറിച്ച് അന്വേഷണം. സി.ഐ.എസ്.എഫിലെ ഉന്നത ഉദ്യോഗസ്ഥരും പൊലിസുമാണ് പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കുന്നത്. സി.ഐ.എസ് എഫ് ജീവനക്കാര്‍ക്കെതിരേ കൂടുതല്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ജീവനക്കാരുടെ കൂടെ താമസിക്കുന്നവരുടെ വ്യക്തമായ മേല്‍വിലാസങ്ങളടക്കം ശേഖരിക്കുന്നത്.
കരിപ്പൂര്‍ സി.ഐ.എസ്.എഫ് സബ് ഇന്‍സ്‌പെക്ടറുടെ ക്വാര്‍ട്ടേഴ്‌സില്‍ യുവതിയുടെ മരണത്തിന് പിന്നാലെ മറ്റൊരു പീഡനക്കേസ് കൂടി വന്നതോടെയാണ് പരിശോധന ശക്തമാക്കുന്നത്. കരിപ്പൂര്‍ സി.ഐ.എസ്.എഫ് സബ് ഇന്‍സ്‌പെക്ടറും യു.പി സ്വദേശിയുമായ വിശ്വജിത്ത് സിങ്ങിന്റെ താമസസ്ഥലത്താണ് ജാര്‍ഖണ്ഡ് സ്വദേശിയായ ഫാത്തിമ ഖത്തൂലിനെ തിങ്കളാഴ്ച രാത്രി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളായി തന്നോടൊപ്പമുള്ള സ്ത്രീയെക്കുറിച്ച് മേല്‍വിലാസം അടക്കം അറിയില്ലെന്നാണ് പൊലിസ് ചോദ്യംചെയ്യലില്‍ ഇയാള്‍ മൊഴിനല്‍കിയത്.
ഇതര സംസ്ഥാനക്കാരനായ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന്‍ ഭാര്യയാണെന്ന് മേലുദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചാണ് ഒരുവര്‍ഷമായി യുവതിയെ കൂടെ താമസിപ്പിച്ചത്. സി.ഐ.എസ്.എഫ് ജവാന്‍മാരില്‍ വിവാഹം കഴിച്ചവര്‍ക്ക് മാത്രമാണ് ബാരക്കിന് പുറത്ത് താമസത്തിന് അനുമതി നല്‍കുന്നത്. ഉദ്യോഗസ്ഥരുടെകൂടെ താമസിക്കുന്ന സ്ത്രീകളെ കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും സേനയുടെ കൈവശമില്ല. ഇതുകൂടി കണക്കിലെടുത്താണ് സ്ത്രീകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. യുവതി മരിച്ച സംഭവത്തില്‍ പൊലിസ് അന്വേഷണം വിലയിരുത്തി വിശ്വജിത്ത് സിങ്ങിനെതിരേ നടപടിയെടുക്കും.
ഇതര സംസ്ഥാനക്കാരായ താമസക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണമെന്ന നിബന്ധനയും പൊലിസ് കര്‍ശനമാക്കുന്നുണ്ട്. ലോഡ്ജ് ഉടമകള്‍ക്കും താമസസ്ഥലങ്ങള്‍ വാടകയ്ക്ക് നല്‍കുന്നവര്‍ക്കും അറിയിപ്പ് നല്‍കി ഇത്തരക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. ലോഡ്ജ് ഉടമകളും മറ്റും, താമസക്കാരായ ഇതരസംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണമെന്ന നിബന്ധന നേരത്തേയുണ്ട്. എന്നാല്‍ വിമാനത്താവളത്തിലെ ജീവനക്കാരുടെ കാര്യത്തില്‍ പൊലിസ് നിര്‍ബന്ധം പിടിച്ചിരുന്നില്ല.
നിലവിലെ സാഹചര്യത്തില്‍ കരിപ്പൂര്‍ സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന മുഴുവന്‍ ഇതര സംസ്ഥാനക്കാരില്‍നിന്നും തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടാനാണ് പൊലിസ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."