കേസെടുത്ത ഉദ്യോഗസ്ഥന്‍ തുടരന്വേഷണം നടത്തേണ്ട
ബാസിത് ഹസന്‍
തൊടുപുഴ: മയക്കുമരുന്ന് കേസുകളില്‍ (എന്‍.ഡി.പി.എസ്) കേസെടുത്ത ഉദ്യോഗസ്ഥര്‍ തുടരന്വേഷണം നടത്തരുതെന്ന് ഡി.ജി.പി യുടെ ഉത്തരവ്. കേസ് ചാര്‍ജ് ചെയ്ത ഉദ്യോഗസ്ഥരുടെ മേലുദ്യോഗസ്ഥരായിരിക്കണം അന്വേഷിക്കേണ്ടത്. മയക്കുമരുന്ന് കേസുകളുടെ അന്വേഷണത്തില്‍ ജില്ലാ പൊലിസ് മേധാവിയുടെ നേരിട്ടുള്ള നിരീക്ഷണം ഉണ്ടാകണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പുറപ്പെടുവിച്ചു.
എന്‍.ഡി.പി.എസ് കേസുകളുടെ അന്വേഷണത്തില്‍ പൊലിസ് ഗുരുതര വീഴ്ച വരുത്തുന്നതായി നിരന്തര പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് മയക്കുമരുന്ന് കേസ് അന്വേഷണത്തിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. തൊണ്ടി മുതലുകള്‍ പ്രോപ്പര്‍ട്ടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സീല്‍ ചെയ്ത പാക്കറ്റുകളിലാക്കി കോടതിയില്‍ ഹാജരാക്കണം. വലിയ അളവില്‍ മയക്കുമരുന്ന് കണ്ടെത്തുന്ന പല കേസുകളും വിസ്താര വേളയില്‍ ചെറിയ അളവായി കാണുന്നത് ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് നടപടി. തൊണ്ടി കണ്ടെത്തുന്ന സ്ഥലവും സാക്ഷി മൊഴിയും തമ്മില്‍ പരസ്പരം വൈരുധ്യമുണ്ടാകുന്നുണ്ട്. കേസ് ചാര്‍ജ് ചെയ്ത് 72 മണിക്കൂറുകള്‍ക്കുള്ളില്‍ തൊണ്ടി സാംപിളുകള്‍ രാസ പരിശോധനക്കായി അയക്കണം. ബന്ധപ്പെട്ട കോടതിയുടെ കുറിപ്പോടെയായിരിക്കണം ഇത്. രജിസ്റ്ററില്‍ വേണ്ടവിധം തൊണ്ടി സാധനങ്ങള്‍ രേഖപ്പെടുത്താത്തത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. എന്‍.ഡി.പി.എസ് ആക്ടിലെ സെക്ഷന്‍ 42, 43, 50, 52, 55, 57 വകുപ്പുകള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. സാക്ഷികള്‍ പ്രതിഭാഗം ചേരുന്ന പ്രവണത ഒഴിവാക്കാന്‍ കഴിയുന്ന നടപടി കൈക്കൊള്ളണം. കണ്ടെടുക്കുന്ന തൊണ്ടി മുതല്‍ സൂക്ഷിക്കുന്ന വിഷയത്തില്‍ മനഃപൂര്‍വമായ വീഴ്ച ഉണ്ടാകാന്‍ പാടില്ലെന്ന് ഡി.ജി.പി യുടെ സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.
എന്നാല്‍ പുതിയ സര്‍ക്കുലര്‍ കേസെടുക്കുന്നതിനെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്ന് ദീര്‍ഘകാലം എന്‍.ഡി.പി.എസ് കോടതിയിലെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. പി.എച്ച് ഹനീഫ റാവുത്തര്‍ സുപ്രഭാതത്തോട് പറഞ്ഞു. റിസ്‌ക് എടുത്ത് കേസ് പിടിക്കുമ്പോള്‍ തുടരന്വേഷണം കൈവിട്ടുപോകുന്നതിനാല്‍ പലരും റിസ്‌ക് എടുക്കുന്നതില്‍ നിന്നും ഒഴിവാകാനാണ് സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു.
മയക്കുമരുന്നു കേസുകളിലെ പല പ്രതികളും വിസ്താര വേളയില്‍ നിയമത്തിലെ പഴുത് മുന്‍നിര്‍ത്തി രക്ഷപ്പെടുന്നത് പതിവായിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടര്‍മാരും തമ്മില്‍ ഉണ്ടാകുന്ന ആശയവിനിമയത്തിലെ കുറവും ഇതിന് കാരണമാണ്. കേസ് പിടിക്കുമ്പോള്‍തന്നെ പ്രോസിക്യൂട്ടറുമായി ആശയവിനിമയം നടത്തി വകുപ്പുകള്‍ ചേര്‍ത്താല്‍ പ്രതികള്‍ എളുപ്പത്തില്‍ ഊരിപ്പോകുന്ന സാഹചര്യം ഒഴിവാക്കാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."