സൂകിയുടെ മുഖംമൂടി അഴിഞ്ഞുവീഴുന്നു
#പിണങ്ങോട് അബൂബക്കര്‍
9847700450
ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടി പോരാടിയ മ്യാന്മറിലെ സൂകിയെ ഒരുകാലത്തു ലോകം ആദരവോടെ നോക്കിക്കണ്ടിരുന്നു. ലോകസമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പുറംലോകത്തിന് മുന്നില്‍ അവര്‍ പ്രദര്‍ശിപ്പിച്ചതു പൊയ്മുഖമായിരുന്നെന്നും അതിനുള്ളില്‍ വര്‍ഗീയ, വംശീയ, കുടിലതകളുടെ മറ്റൊരു ഭീകര മുഖമുണ്ടെന്നും പില്‍ക്കാലത്താണ് ലോകജനത തിരിച്ചറിഞ്ഞത്.
പതിനായിരക്കണക്കിനു റോഹിംഗ്യന്‍ മുസ്‌ലിംകളെ മ്യാന്മര്‍ പട്ടാളവും ബുദ്ധമതക്കാരും ഒന്നിച്ച് ഉന്മൂലനം ചെയ്തുകൊണ്ടിരുന്നപ്പോള്‍ സൂകി രാജനീതി നിര്‍വഹിച്ചില്ലെന്നു മാത്രമല്ല, ആ ക്രൂരതയ്ക്കു പ്രോത്സാഹനം നല്‍കുകയും തലസ്ഥാനഗരിയിലെ രാജകൊട്ടാരത്തില്‍ രാജ്ഞിയെ പോലെ സസുഖം വാഴുകയുമായിരുന്നു. നാവുകൊണ്ടുപോലും ഒരു പ്രതിഷേധസ്വരം അവര്‍ക്ക് ഉയര്‍ത്തിയില്ല.
വൃദ്ധരും കുഞ്ഞുങ്ങളും സ്ത്രീകളും രോഗികളുമടക്കം ദശലക്ഷക്കണക്കിനു മനുഷ്യര്‍ ജന്മനാട്ടില്‍നിന്ന് അഭയം തേടി ഓടിപ്പോകുമ്പോള്‍ ആ ലോകസമാധാന പുരസ്‌കാര ജേത്രി അര്‍ഥഗര്‍ഭമായ മൗനം പൂണ്ടു. മുസ്‌ലിം കോളനികളില്‍ കടന്നുചെന്ന പട്ടാളവും ബുദ്ധിസ്റ്റുകളും കുടിലുകള്‍ കൊള്ളയടിക്കുകയും പിന്നീടു തീവയ്ക്കുകയും സ്ത്രീകളെ മുഴുവന്‍ മാനഭംഗപ്പെടുത്തുകയും ജനങ്ങളെയൊന്നാകെ വെട്ടിനുറുക്കുകയും ചെയ്തപ്പോള്‍ മിണ്ടാതിരുന്ന സൂകി ചെയ്തതു മാപ്പര്‍ഹിക്കാത്ത അപരാധമാണ്.
മ്യാന്‍മറിലെ കൊടുംക്രൂരതയ്‌ക്കെതിരേ ലോകനേതൃത്വം ഒന്നിച്ചു രംഗത്തുവന്നപ്പോഴും ഐക്യരാഷ്ട്ര സംഘടന അതിനിശിതമായി വിമര്‍ശിച്ചപ്പോഴും സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടാനും അങ്ങനെ കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാനും സൂകിക്കു സാധിച്ചില്ല.
ആ മൗനത്തിനും നിസംഗതയ്ക്കും പിന്നില്‍ ദുരൂഹതയുണ്ടെന്നതില്‍ സംശയമില്ല. യുദ്ധക്കുറ്റവാളികളെ വിചാരണ നടത്താന്‍ അന്താരാഷ്ട്ര കോടതിക്കു കൈമാറുകയാണു വേണ്ടത്. അതിനുള്ള അന്താരാഷ്ട്ര ഉടമ്പടിയില്‍ ഒപ്പുവച്ചിട്ടില്ലാത്ത രാജ്യമായതിനാല്‍ മ്യാന്മറിനു നിയമപരമായി ആ ബാധ്യതയില്ല.
എങ്കിലും, ലോകത്തിനു മുന്നില്‍ സൂകിയും അവരുടെ ഭരണകൂടവും ആ നാട്ടിലെ പട്ടാളവും ബുദ്ധിസ്റ്റുകളും കുറ്റവാളികള്‍ തന്നെയാണ്. ഉപരോധം പോലുള്ള ചെറു ശിക്ഷയല്ല, ഏറ്റവും കടുത്ത ശിക്ഷയാണ് അവര്‍ അര്‍ഹിക്കുന്നത്.
ഇസ്‌റാഈല്‍ ഫലസ്തീനികളോടു കാണിച്ച ക്രൂരത തന്നെയാണ് മ്യാന്മര്‍ റോഹിംഗ്യകളോടും കാണിച്ചത്. സ്വന്തം നാട്ടില്‍ നിന്ന് ആട്ടിയോടിക്കുകയും കൊന്നു തീര്‍ക്കുകയുമാണ് ഇസ്‌റാഈല്‍ പട്ടാളം ഫലസ്തീനില്‍ ചെയ്തത്. അതു തന്നെയാണു മ്യാന്മറിലും സംഭവിച്ചത്.
ദരിദ്ര രാഷ്ട്രമായ ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാംപില്‍ അകപ്പെട്ടുപോയ റോഹിംഗ്യന്‍ മുസ്‌ലിംകളെ ജന്മദേശത്തേക്കു തിരിച്ചുകൊണ്ടുപോകാനുള്ള ഉടമ്പടി കഴിഞ്ഞ ഒക്ടോബറില്‍ മ്യാന്മറും ബംഗ്ലാദേശും ഒപ്പുവച്ചിരുന്നു. അതനുസരിച്ച് ആദ്യപടിയായി 2,200 പേരെ തിരിച്ചയക്കാനുള്ള ശ്രമത്തിലായിരുന്നു ബംഗ്ലാദേശ് ഉദ്യോഗസ്ഥര്‍.
എന്നാല്‍, അഭയാര്‍ഥി ക്യാംപിലെ മുഴുവനാളുകളും ഏകസ്വരത്തില്‍ പറഞ്ഞതു 'ഞങ്ങള്‍ ജന്മദേശത്തേക്കു തിരിച്ചുപോകുന്നില്ലെ'ന്നാണ്. തങ്ങളുടെ കണ്‍മുന്നില്‍വച്ചു പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലുകയും സഹോദരിമാരെയും ഭാര്യമാരെയും ബലാത്സംഗം ചെയ്യുകയും ചെയ്ത നടുക്കുന്ന ഓര്‍മകള്‍ അവരുടെ മനസിലുണ്ട്. അതാണ് ജനിച്ച നാട്ടിലേക്കു തിരിച്ചുപോകാന്‍ അവര്‍ ഭയക്കുന്നത്.
മ്യാന്മറില്‍ പുനരധിവാസ സാധ്യത ഇപ്പോഴുമില്ലെന്നു യു.എന്‍ പുനരധിവാസ സമിതി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകം മുഴുവനും ഒറ്റക്കെട്ടായി സൂകി ഭരണത്തിന്റെ വംശഹത്യ, വര്‍ഗീയ നിലപാടുകള്‍ ചൂണ്ടിക്കാണിച്ചിട്ടും അന്താരാഷ്ട്ര വേദികളില്‍ മറുപടി പറയാതെ സൂകി ഒളിച്ചോട്ടം ആവര്‍ത്തിക്കുകയാണ്. സൂകി അണിഞ്ഞ കപടതയുടെ മുഖംമൂടി ലോകസമൂഹം വലിച്ചുകീറിയെന്നതു മാത്രമാണ് ആശ്വസിക്കാവുന്ന ഏക കാര്യം.
ജനാധിപത്യമെന്ന വ്യാജേന സൂകി കൊണ്ടുവന്ന ആശയങ്ങളും വാദങ്ങളും കാപട്യമായിരുന്നു. അവര്‍ ഉള്ളില്‍ താലോലിച്ചു വളര്‍ത്തിയതു വര്‍ഗീയ കാട്ടാളത്തമായിരുന്നു. അതു അര്‍ഥഗര്‍ഭമായ മൗനത്തില്‍ ഒളിച്ചുവയ്്ക്കാന്‍ അവര്‍ ശ്രമിച്ചു. മ്യാന്മാറിലെ ക്രൂരതകള്‍ ലോകം അറിയാതിരിക്കാന്‍ പരമാവധി ശ്രമം നടത്തി. എങ്കിലും അതു ഫലം കണ്ടില്ല. ലോകവേദികളില്‍ മൗനം പൂണ്ടു മറുപടി പറയാതെ രക്ഷപ്പെടാനാണിപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര സമൂഹം ഇക്കാര്യത്തില്‍ കാണിച്ച ജാഗ്രത തീര്‍ച്ചയായും പ്രതീക്ഷ നല്‍കുന്നതാണ്.
മ്യാന്മറിനെ പിന്തുണച്ച ഏക രാഷ്ട്രം ചൈന മാത്രമാണ്. ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്കു താടി വയ്ക്കാനോ തലപ്പാവു ധരിക്കാനോ വ്രതമനുഷ്ഠിക്കാനോ പള്ളിയില്‍ പോകാനോ അനുവാദം നല്‍കാതെ അവരുടെ മുഴുവന്‍ മനുഷ്യാവകാശങ്ങളും നിഷേധിക്കുന്ന ചൈനയില്‍ നിന്നു മറ്റൊരു ശബ്ദം പ്രതീക്ഷിക്കാനാവില്ലല്ലോ. മനുഷ്യാവകാശം മാനിക്കാത്ത രാഷ്ട്രത്തിന്റെ മാന്യതയില്ലായ്മയായി മാത്രമേ ഇതിനെ വിലയിരുത്താനാവൂ.
അമിത്ഷായുടെ ഭീഷണി
ബി. ജെ.പി അധ്യക്ഷന്‍ അമിത്ഷാ നരേന്ദ്രമോദിക്ക് എല്ലാം കൊണ്ടും ഒത്ത കൂട്ടുകാരനാണ്. ഗുജറാത്തില്‍ ഈ കൂട്ടുകെട്ടു കാണിച്ച ന്യൂനപക്ഷ ഉന്മൂലനം ചരിത്രത്താളുകളിലുണ്ട്. അസം ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ ഭാഗത്തെയും ന്യൂനപക്ഷങ്ങള്‍ പൗരത്വം തെളിയിക്കേണ്ടിവരുമെന്ന ഭീഷണിയാണ് അമിത്ഷാ ഈയിടെ പുറത്തുവിട്ടത്. ജനിച്ച നാട്ടില്‍ വര്‍ഷംതോറും പൗരത്വം തെളിയിക്കേണ്ടി വരുന്നത് അസഹ്യമാണ്.
അസമിലെ പൗരത്വ രജിസ്‌ട്രേഷന്‍ ഇപ്പോഴും നീറിപ്പുകയുകയാണ്. ന്യൂനപക്ഷങ്ങളെ കൂട്ടത്തോടെ കുടിയേറ്റക്കാരായി വിലയിരുത്തി വോട്ടര്‍പട്ടികയില്‍ നിന്നു പേരു നീക്കിക്കൊണ്ടിരിക്കുകയാണ്. ഫാസിസ്റ്റുകള്‍ക്കു തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ അവസരമൊരുക്കുകയാണു ലക്ഷ്യം. ഒരു സമുദായത്തെ അപ്പാടെ പാര്‍ശ്വവല്‍ക്കരിച്ചു സര്‍ക്കാര്‍ ജോലിയുള്‍പ്പെടെയുള്ള പ്രധാന തൊഴില്‍ രംഗങ്ങളില്‍നിന്ന് അകറ്റി നിര്‍ത്തുകയെന്നതു മറ്റൊരു ലക്ഷ്യം. ഇങ്ങനെ ന്യൂനപക്ഷങ്ങളെ മാനസിക പീഡനത്തിനിരയാക്കി ഒറ്റപ്പെടുത്താന്‍ സംഘ്പരിവാര്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്. വര്‍ഗീയത മാത്രമാണു ബി.ജെ.പിയുടെ പ്രധാന അജന്‍ഡ. കര്‍ണാടക തെരഞ്ഞെടുപ്പില്‍ പാകിസ്താനെയാണു പ്രതിസ്ഥാനത്തു കൊണ്ടുവരാന്‍ ശ്രമിച്ചത്. പ്രദേശത്തിന് അനുസരിച്ചു വര്‍ഗീയത വളര്‍ത്തുകയാണു ബി.ജെ.പി. കേരളത്തില്‍ ഒരു പിള്ളയെ വച്ചു ശബരിമല കത്തിച്ചു വര്‍ഗീയധ്രുവീകരണമുണ്ടാക്കാന്‍ ശ്രമിച്ചു. അതിപ്പോള്‍ സകലര്‍ക്കും ബോധ്യമായി.
വര്‍ഗീയത കളിക്കുന്നതില്‍ അമിത്ഷാ ഏറെ മുന്‍പിലാണെന്നതില്‍ തര്‍ക്കമില്ല. ഇന്ത്യ ഭരിക്കാന്‍ വികസന കാഴ്ചപ്പാടുകളും സാമ്പത്തികനയങ്ങളും വൈദേശിക നയങ്ങളും രാജ്യസ്‌നേഹപരമായ സമീപനങ്ങളും ഉപയോഗപ്പെടുത്തേണ്ടതില്ലെന്നും വര്‍ഗീയത മാത്രം മതിയെന്നുമുള്ള സിദ്ധാന്തം നടപ്പാക്കിയവരാണ്. ഒരിക്കല്‍ രഥമുരുട്ടി ഇന്ത്യയുടെ അധികാരം പിടിച്ചെടുത്തവരാണവര്‍. അതിനു വര്‍ഗീയതയാണ് ആയുധമായി ഉപയോഗിച്ചത്.
രാമനും അയോധ്യാക്ഷേത്രവും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പായുധം മാത്രമായിരുന്നു. ഒരു വിഭാഗം ജനങ്ങളില്‍ തീവ്രഹിന്ദുത്വവും മുസ്‌ലിം വിരോധവും ന്യൂനപക്ഷ വിരുദ്ധതയും വളര്‍ത്തി അതിലൂടെ അധികാരം പിടിച്ച മുന്‍ അനുഭവം അവര്‍ മറന്നിട്ടില്ല. ഇപ്പോഴും അതേ ആയുധമാണ് ഉപയോഗിക്കുന്നത്. ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കുമെന്ന സ്വപ്‌നം വര്‍ഗീയവാദികളുടെ മനസില്‍ വളര്‍ത്തിയെടുത്ത് അതിലൂടെ അധികാരത്തിലെത്താനാണു സംഘ്പരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ മുഖംമൂടി അഴിഞ്ഞുവീഴുകയാണ്.
ലോകത്തെ വലതുപക്ഷ പ്രസ്ഥാനങ്ങളൊക്കെ വര്‍ഗീയതയും വംശീയതയും അധികാരം പിടിക്കാന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലും ഇസ്‌റാഈലിലും അതു സംഭവിച്ചു. മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ഈ അവസ്ഥ നിലവിലുണ്ട്. യു.എസ് തെരഞ്ഞടുപ്പുഫലം മറ്റെന്തു ചിത്രമാണു നല്‍കുന്നത്.
ശബരിമലയില്‍
സംഭവിക്കുന്നത്
ഇന്ത്യയിലെ അറിയപ്പെടുന്ന ഹൈന്ദവ തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നാണു ശബരിമല. ആചാരമനുഷ്ഠിച്ചുവേണം ശബരിമല സന്നിധാനത്തു പ്രവേശിക്കാന്‍. വ്രതമനുഷ്ഠിച്ച് ഇരുമുടിക്കെട്ടുമായേ പതിനെട്ടാം പടി ചവിട്ടാന്‍ പാടുള്ളൂ. ഇതൊക്കെ ഹൈന്ദവ ദര്‍ശന വിധിയനുസരിച്ച വ്യവസ്ഥകളാണ്. അയ്യപ്പനില്‍ വിശ്വസിക്കുന്നവര്‍ അതു മാനിക്കും. ക്ഷേത്രാചാരം ലംഘിക്കുമെന്നു പറയുന്നതു ശരിയല്ല.
സംഘര്‍ഷ ഭൂമിയാക്കി മാറ്റേണ്ട സ്ഥലമല്ല ആരാധനാലയങ്ങള്‍. മനസമാധാനം തേടിവരുന്നവര്‍ക്കു ശാന്തി നല്‍കേണ്ട സ്ഥലമാണ്. ശബരിമലയില്‍ യുവതികള്‍ക്കും പ്രവേശിക്കാമെന്ന് സുപ്രിംകോടതി വിധിച്ചത് ലിംഗനീതിയുടെ പേരിലാണ്. ഭരണഘടനാപരമായ വ്യാഖ്യാനത്തിന് അനുസൃതമായാണു വിധി. അതിനര്‍ഥം ആചാരങ്ങളും അനുഷ്ഠാനങ്ങളും ലംഘിച്ച് ആര്‍ക്കും എന്തുമാവാമെന്നല്ല.
ആചാരങ്ങള്‍ മാനിക്കുന്ന സന്ദര്‍ഭത്തില്‍ത്തന്നെ ഭരണഘടനയെ മാനിക്കാനും പഠിക്കണം. സമവായത്തിന്റെ സാധ്യത ഉപയോഗപ്പെടുത്താന്‍ ഭരണകൂടങ്ങളും പൗരന്മാരും ശ്രദ്ധ കാണിക്കണം. അതാണു നാടിന്റെ നന്മയ്ക്കു നല്ലത്. പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തില്‍ അകാല്‍ തക്ത് എന്ന വിശുദ്ധസ്ഥലമുണ്ട്. അവിടെയെത്തുന്ന എല്ലാവരും ആ സ്ഥലത്തിന് ആദരവ് നല്‍കണമെന്നാണു വ്യവസ്ഥ. എല്ലാ മതക്കാര്‍ക്കും മതവിശ്വാസമില്ലാത്തവര്‍ക്കും ഇതു ബാധകമാണ്.
ആരാധനാലയങ്ങള്‍ എന്തിനു വേണ്ടിയാണോ സ്ഥാപിക്കപ്പെട്ടത് ആ ലക്ഷ്യം അവിടെ സാധിക്കണം. അതതു മതവിശ്വാസികള്‍ സ്വയം ആര്‍ജിത സ്വത്തില്‍ നിന്നു വിഹിതമെടുത്തു നിര്‍മിച്ചതാണ് ഒട്ടുമിക്ക ആരാധനാലയങ്ങളും. അതിനാല്‍ ആരാധനാലയങ്ങളുടെ വിഷയം അതതു മതവിശ്വാസികള്‍ക്കു വിട്ടുകൊടുക്കണം. അതില്‍ ഭരണകൂടമോ നീതിപീഠമോ ഇടപെടുന്നതു ശരിയല്ല.
ഭരണഘടനാപരമായ ബാധ്യത നിര്‍വഹിക്കുന്നതിന്റെ ഭാഗമായി ഭരണകൂടങ്ങളും കോടതികളും നല്‍കുന്ന വ്യാഖ്യാനങ്ങളും വിലയിരുത്തലുകളും സദുദ്ദേശപരമായി കൈകാര്യം ചെയ്യാന്‍ പൗരന്മാര്‍ക്കും ബാധ്യതയുണ്ട്.
സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ ഓരോരുത്തര്‍ക്കും ബാധ്യതയുണ്ട്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചേ അടങ്ങൂവെന്ന വാശി ആരുടെ ഭാഗത്തുമുണ്ടായിക്കൂടാ.വാശിയാണു സംഘര്‍ഷങ്ങള്‍ക്കു വഴിവയ്ക്കുന്നത്. സംഘര്‍ഷം രാജ്യത്തിന്റെ പൈതൃകവും സംസ്‌കാരവും കളങ്കപ്പെടുത്തും. അതിനു വഴിയൊരുക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."