സംശയ നിവാരണത്തിന് യുദ്ധമുറിയൊരുക്കി കേന്ദ്രം; രാജ്യം ജി.എസ്.ടിയിലേക്ക്
ന്യൂഡല്‍ഹി: ഇന്ത്യ ജി.എസ്.ടിയിലേക്ക് കടക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കവേ നികുതി പരിഷ്‌കാരം സംബന്ധിച്ച സംശയങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കേന്ദ്രം യുദ്ധമുറി സമാനമായ സൗകര്യങ്ങള്‍ ഒരുക്കി.
ജി.എസ്.ടി നടപ്പാക്കുമ്പോഴുണ്ടാകുന്ന ഏത് പ്രതിസന്ധിയും പരിഹരിക്കാന്‍ എല്ലാവിധ സംവിധാനങ്ങളും ഒരുക്കികഴിഞ്ഞതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. ജൂലൈയില്‍ രാജ്യത്ത് പുതിയ നികുതി പരിഷ്‌കരണം വരുമ്പോള്‍ അത് ചരിത്രത്തിന്റെ ഭാഗമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഈ പുതിയ നികുതി പരിഷ്‌കരണ സംവിധാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ എല്ലാ സൗകര്യങ്ങളും സംശയങ്ങള്‍ക്കുള്ള നിവാരണ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജി.എസ്.ടി നടപ്പാക്കുമ്പോള്‍ അതിന്റെ പ്രതികരണം, ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് പരിഹരിക്കാനുള്ള നൂതന സംവിധാനങ്ങള്‍, അന്വേഷണങ്ങള്‍ക്കുള്ള മറുപടി തുടങ്ങിയവയെല്ലാം യുദ്ധമുറിയില്‍ സജ്ജമാക്കിയിട്ടുണ്ട്.
യുദ്ധമുറിയുടെ പ്രവര്‍ത്തനം രാവിലെ 8 മുതല്‍ രാത്രി 10വരെയുണ്ടായിരിക്കും. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഉണ്ടാകുന്ന ഏതൊരു സംശയ നിവാരണത്തിനും ഇവിടെ വിളിച്ചാല്‍ മതിയെന്നാണ് ധനകാര്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്.
സാങ്കേതിക വിദഗ്ധരായ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് സംശയ നിവാരണത്തിനായി നിയോഗിക്കപ്പെട്ടിട്ടുള്ളത്. കമ്പ്യൂട്ടറുകള്‍, ഫോണ്‍ സൗകര്യം ഉള്‍പ്പെടെയുള്ള സൗകര്യത്തോടെയുള്ള ഇവിടെ ഏകാജാലക സംവിധാനം വഴി എല്ലാ വിവരങ്ങളും ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."