വിമാനത്താവളത്തിന് പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ അനധികൃത അറവുശാലകള്‍ക്ക് നിയന്ത്രണം
കൊണ്ടോട്ടി: പക്ഷിശല്യം തുരത്താന്‍ കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപത്തെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ അനധികൃത അറവുശാലകള്‍ നിര്‍ത്തിവയ്ക്കാനും മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടിയെടുക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് എയര്‍പോര്‍ട്ട് അതോറിറ്റി കത്ത് നല്‍കി. ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് റൂള്‍ പ്രാകാരമാണ് മാലിന്യംതള്ളുന്നവര്‍ക്കെതിരെ കേസെടുക്കുക.
ഇതിന്റെ ഭാഗമായി വരുന്നയാഴ്ച വ്യോമഗതാഗത സുരക്ഷിതത്വ വാരമായി ആചരിക്കാനും പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ പ്രചാരണം നടത്താനും എയര്‍പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചു. ജീര്‍ണിച്ച മൃഗാവശിഷ്ടങ്ങള്‍, വീടുകളില്‍ നിന്ന് പുറംതള്ളുന്ന മാലിന്യങ്ങള്‍, ഇറച്ചിക്കടകള്‍, മത്സ്യമാര്‍ക്കറ്റ് എന്നിവിടങ്ങളിലെ മാലിന്യങ്ങള്‍ തുടങ്ങിയവക്ക് നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി പരിഹാരം കാണാനാണ് സമീപത്തെ പള്ളിക്കല്‍ പഞ്ചായത്ത്, കൊണ്ടോട്ടി നഗരസഭ എന്നിവക്ക് എയര്‍പോര്‍ട്ട് അതോറിറ്റി നിര്‍ദേശം നല്‍കിയത്.ഇതുവഴി മേഖലയിലെ പക്ഷിശല്യം കുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കന്നത്.
ഉയരത്തില്‍ പറക്കുന്ന പരുന്തുകളാണ് കരിപ്പൂരില്‍ ഭീഷണി സൃഷ്ടിക്കുന്നത്. വിമാനങ്ങള്‍ പുറപ്പെടുന്നതിന് മുന്‍പ് പക്ഷികളെ തുരത്താന്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കേണ്ട ഗതികേടാണുള്ളത്. റണ്‍വേയിലെ പക്ഷി-മൃഗാദികളുടെ ശല്യം കൂടിയതോടെ റണ്‍വേക്ക് ഓരങ്ങളില്‍ കുറ്റിക്കാടുകള്‍ വെട്ടിത്തെളിയിച്ചിട്ടുണ്ട്. കരിപ്പൂരില്‍ പക്ഷികള്‍ക്ക് പുറമെ പനവെരുക്, കുറുക്കന്‍, തെരുവ് നായ തുടങ്ങിയവയിടിച്ചും ലക്ഷക്ഷങ്ങളുടെ നഷ്ടം വിമാന കമ്പനികള്‍ക്കുണ്ടായിരുന്നു. പക്ഷികള്‍ ഉയര്‍ത്തുന്ന ഭീഷണി, റണ്‍വേയില്‍ മനുഷ്യരുടേയും മൃഗങ്ങളുടേയും കടന്നു കയറ്റം, മറ്റുള്ളവരുടെ ലഗേജുകളും പെട്ടികളും കൊണ്ടുപോകല്‍ തുടങ്ങിയവയിലാണ് ഇത്തവണ വ്യോമ ഗതാഗത സുരക്ഷിത വാരത്തില്‍ ഊന്നല്‍ നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."