പശുവിന്‍റെ പേരില്‍ കൊല്ലപ്പെട്ടവരില്‍ 86 ശതമാനം പേര്‍ മുസ്‌ലിംകള്‍, മോദി വന്ന ശേഷം ആക്രമണങ്ങള്‍ അധികരിച്ചു
ന്യൂഡല്‍ഹി: ഗോ സംരക്ഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ 86 ശതമാനവും മുസ്‌ലിങ്ങളാണെന്ന് റിപ്പോര്‍ട്ട്. ആക്രമണ സംഭവങ്ങളില്‍ 51 ശതമാനവും മുസ്‌ലിങ്ങളെ ലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യാ സ്‌പെന്റ് നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.
2010 മുതല്‍ 2017 വരെയുള്ള കാലയളവാണ് ഡാറ്റ തയ്യാറാക്കാനായി പരിഗണിച്ചത്. 63 സംഭവങ്ങളിലായി 28 പേര്‍ കൊല്ലപ്പെട്ടെന്നും ഇതില്‍ 24 പേരും (86 ശതമാനം) മുസ്‌ലിങ്ങളായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. പരിക്കേറ്റത് 124 പേര്‍ക്കാണ്. പകുതിയിലധികം (52%) ആക്രമത്തിനും കാരണമായത് കിംവദന്തികളായിരുന്നുവെന്നും ഇന്ത്യാസ്‌പെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാസം 25 വരെയുള്ള അക്രമങ്ങളാണ് ഇന്ത്യസ്‌പെന്റ് പഠനത്തിനായി തെരഞ്ഞെടുത്തത്.
അക്രമണ സംഭവങ്ങളില്‍ 97 ശതമാനവും നടന്നത് മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ എട്ടുവര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നടന്ന 63 ആക്രമസംഭവങ്ങളില്‍ 32 എണ്ണവും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ളതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പശുവുമായി ബന്ധപ്പെട്ടുള്ള ആക്രമസംഭവങ്ങള്‍ ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 2017 ന്റെ ആദ്യ പകുതിയിലാണ്. 20 ആക്രമണങ്ങളാണ് ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2016ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 75% വര്‍ധനയുണ്ട്. ആള്‍ക്കൂട്ട ഭീകരത, കൊലപാതക ശ്രമം, കൂട്ട ബലാത്സംഗം എന്നീ അക്രമ സംഭവങ്ങളും പശുവുമായി ബന്ധപ്പെട്ട നടന്നു. പലരെയും ചങ്ങല കൊണ്ട് കെട്ടിയിട്ട് മര്‍ദ്ദിച്ചുവെന്നും രണ്ടുപേരെ കൊന്ന് കെട്ടിത്തൂക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടന്നത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ഇതില്‍ ഉത്തര്‍പ്രദേശും, ഹരിയാനയുമാണ് മുന്നില്‍. പുറകെ മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളുമുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ണാടകയിലാണ് കൂടുതല്‍ ആക്രമണങ്ങള്‍ നടന്നത്. അക്രമികള്‍ക്ക് വിശ്വഹിന്ദു പരിഷത്ത്, ബംജറംഗ്ദള്‍, ഗോരക്ഷാ സേന എന്നിവയുമായി ബന്ധമുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇത്തരമൊരു ഡാറ്റ തയ്യാറാക്കാനായി, ഈ അക്രമവുമായി ബന്ധപ്പെട്ട വാക്കുകളുപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ചിന്റെ സഹായം തേടുകളാണ് തങ്ങള്‍ ആദ്യ ചെയ്തതെന്ന് ഇന്ത്യാസ്‌പെന്റ് ടീം പറയുന്നു. ശേഷം ആ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത് മാധ്യമപ്രവര്‍ത്തകരുമായും ബന്ധപ്പെട്ടു. മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള ഇരകളെ തിരിച്ചറിഞ്ഞത് പേര് വെച്ചിട്ടാണ്. ആകെ കേസുകളിലെ 8 ശതമാനവും തെളിയിക്കുന്നത് നിറത്തിന്റെയും ബീഫ് കഴിക്കുന്നതിന്റെയും പേരില്‍ ദളിതരും ആക്രമിക്കപ്പെട്ടുവെന്നാണ്. പക്ഷേ, ഇരയുടെ കൃത്യമായ മതം വാര്‍ത്തകളില്‍ നിന്ന് മാത്രം തിരിച്ചറിയാന്‍ സാധിക്കുമായിരുന്നില്ല. 32 കേസുകളില്‍ മുസ്‌ലിങ്ങളും 5 കേസുകളില്‍ ദലിതുകളും മൂന്ന് കേസുകളില്‍ സിഖുകളോ ഹിന്ദുക്കളോ, ഒരു കേസില്‍ ക്രിസ്ത്യനും ഇരയാക്കപ്പെട്ടു. 13 കേസുകളില്‍ ഇരയുടെ മതം തിരിച്ചറിയാന്‍ സാധിച്ചില്ല. ഇതില്‍ 9 കേസുകളില്‍ ഇരകളുടെ സ്ഥാനത്ത് ഹിന്ദുമതവിശ്വാസികളാണുള്ളത്. പക്ഷേ അവര്‍ ദലിതരാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. എട്ട് ശതമാനത്തോളം പൊലിസുകാര്‍ക്കും അതുപോലുള്ള മറ്റ് ഉദ്യോഗസ്ഥര്‍ക്കും ഇത്തരം അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. 27 ശതമാനം അക്രമങ്ങളും സ്ത്രീകളെ ലക്ഷ്യംവെച്ചുള്ളതായിരുന്നു.
ദേശീയ സംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യൂറോകള്‍ പശുവുമായി ബന്ധപ്പെട്ടുള്ള ആക്രമണങ്ങളെ വേര്‍തിരിച്ച് വ്യക്തമാക്കാത്ത സാഹചര്യത്തില്‍ ഇത്തരത്തില്‍ പുറത്ത് വരുന്ന ആദ്യ റിപ്പോര്‍ട്ടാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."