സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടവര്‍ക്കൊപ്പം ഓടിപ്പോയ പെണ്‍കുട്ടികളടക്കം ആറുപേരെയും കണ്ടെത്തി: ഞെട്ടല്‍ മാറാതെ കുടുംബങ്ങള്‍
തൃശൂര്‍: തൃശൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി കാണാതായ ആറ് വിദ്യാര്‍ഥിനികളെയും കണ്ടെത്തി. ചൊവ്വാഴ്ചയാണ് ആറുപേരെയും കാണാതായതായത്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടവര്‍ക്കൊപ്പമാണ് നാല് പെണ്‍കുട്ടികളും ഓടിപോയതെന്ന് പൊലിസ് പറയുന്നു. ഒരാള്‍ അയല്വാസിക്കൊപ്പവും.
വടക്കാഞ്ചേരി വെസ്റ്റ്, അയ്യന്തോള്‍, പുതുക്കാട്, മാള, പാവറട്ടി തുടങ്ങിയ പൊലിസ് സ്റ്റേഷന് പരിധിയിലുള്ള സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന പെണ്‍കുട്ടികളെയാണ് ഒരേ ദിവസം കാണാതായത്. ഒരേ ദിവസം ഇത്രയും പെണ്‍കുട്ടികളെ കാണാതായ സംഭവം പൊലിസിനേയും ബന്ധുക്കളെയും ഏറെ ഞെട്ടിച്ചു. തൃശൂര്‍ നഗരത്തിലേയും റൂറലിലേയും ഉദ്യോഗസ്ഥര്‍ കാണാതായ പെണ്‍കുട്ടികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതോടെയാണ് വിവിധയിടങ്ങളില്‍ നിന്ന് ഇവരെ കണ്ടെത്തിയത്. 24 മണിക്കൂറിനുള്ളിലാണ് ആറ് പരാതികളും പൊലിസിന് ലഭിച്ചത്. ആറു പേരും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന പരിശോധിച്ചപ്പോള്‍ ഇല്ലെന്നാണ് ആദ്യം കണ്ടെത്തിയത്. ആണ്‍സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ കണ്ടെത്താനായത്.
ഇവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. ഈ കുട്ടി നാലാം തവണയാണ് വീട് വിട്ടിറങ്ങുന്നത്. കുടുംബപ്രശ്നമാണ് കുട്ടി നിരന്തരം ഓടിപ്പോകാന്‍ കാരണമെന്ന് പൊലിസ് പറയുന്നു.
പുതുക്കാടുനിന്ന് കാണാതായ കുട്ടിയെ കൊല്ലത്തുനിന്നാണ് കണ്ടെത്തിയത്. വടക്കാഞ്ചേരിയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ ആണ്‍സുഹൃത്തിനൊപ്പം കാസര്‍കോട് നിന്നാണ് ലഭിച്ചത്. ചാലക്കുടിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടി പോയത് അയല്‍വാസിക്കൊപ്പമായിരുന്നു. മറ്റുള്ളവരെ വിവിധ സ്ഥലങ്ങളില്‍ നിന്നും
കണ്ടെത്തി.
ഇവരില്‍ ഒരാള്‍ നേരത്തെ പുരുഷ സുഹൃത്തിനൊപ്പം പോയിരുന്നു. സംഭവത്തില്‍ പുരുഷ സുഹൃത്തിനെതിരേ പോക്സോ കേസ് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രായപൂര്‍ത്തിയായപ്പോള്‍ വീണ്ടും ഇയാളോടൊപ്പം പെണ്‍കുട്ടി കടന്നുകളയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."