ഇന്‍ഫൊപാര്‍ക്കില്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത ടെക്കി അറസ്റ്റില്‍
കാക്കനാട്: ഇന്‍ഫൊപാര്‍ക്കിലെ കമ്പനിയുടെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത് നശിപ്പിച്ച് 23 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയ ഐ.ടി ജീവനക്കാരന്‍ അറസ്റ്റില്‍. ആലുവ തായിക്കാട്ടുകര നിര്‍മാല്യം വീട്ടില്‍ നിര്‍മല്‍(34) ആണ് അറസ്റ്റിലായത്.
രണ്ട് വിദേശ കമ്പനികളുമായി കരാറടിസ്ഥാനത്തില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന വെബ്‌സൈറ്റുകളാണു വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ നശിപ്പിച്ചെന്നാണ് കേസ്. ഇന്‍ഫൊപാര്‍ക്കിലെ യൂണിറ്റി ബീസ് എന്ന കമ്പനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ ഇന്‍ഫൊപാര്‍ക്ക് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നടത്തിയ അന്വേഷണത്തില്‍ കൊരട്ടി ഇന്‍ഫൊപാര്‍ക്കിലുള്ള കംപ്യൂട്ടറില്‍ നിന്നാണ് ഹാക്ക് ചെയ്‌തെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
അറസ്റ്റിലായ പ്രതി ഇന്‍ഫൊപാര്‍ക്കിലെ കമ്പനിയില്‍ പ്രോജക്ട് മാനേജരായി ജോലി ചെയ്തിരുന്നയാളാണ്.
പെര്‍ഫോര്‍മന്‍സ് മോശമായതിന്റെ അടിസ്ഥാനത്തില്‍ ഇയാളില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടതിന്റെ പേരില്‍ ജോലിയില്‍ നിന്നും അനധികൃതമായി വിട്ടുനില്‍ക്കുകയായിരുന്നു. ഇതെത്തുടര്‍ന്ന് ഇയാള്‍ കൊരട്ടി ഇന്‍ഫൊപാര്‍ക്കില്‍ കമ്പനിയില്‍ ജോലിക്ക് കയറിയത്.
ഈ കമ്പനിയില്‍ പ്രതി ഉപയോഗിച്ചിരുന്ന കംപ്യൂട്ടറില്‍ നിന്നു യൂണിറ്റി ബീസ് കമ്പനിയുടെ പ്രോജക്ടിന്റെ യൂസര്‍നെയിമും പാസ്‌വേഡും ഉപയോഗിച്ചാണു സൈറ്റുകള്‍ ഹാക്ക് ചെയ്തു നശിപ്പിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കൃത്യത്തിനുപയോഗിച്ച കംപ്യൂട്ടറില്‍ നിന്നും ഹാര്‍ഡ് സിസ്‌കുകളും മറ്റു തെളിവുകളും പൊലിസ് ഫോറന്‍സിക് പരിശോധനക്ക് അയച്ചു.
പ്രതിയെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇന്‍ഫൊപാര്‍ക്ക് സി.ഐ പി.കെ രാധാമണിയുടെ നേതൃത്വത്തില്‍ എസ്.ഐ ത്രിദീപ് ചന്ദ്രന്‍, എ.എസ്.ഐ.സജി, സീനിയര്‍ സിപിഒമാരായ സജീഷ്, സി.പി.ഒ ഡെല്‍ഫിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."