ഉദ്യോഗസ്ഥ അനാസ്ഥ; അങ്കമാലിയിലെ റോഡ് നിര്‍മാണ പ്രവൃത്തികള്‍ താളം തെറ്റുന്നു
അങ്കമാലി: നിയോജക മണ്ഡലത്തിലെ പി.ഡബ്ല്യു.ഡി റോഡുകള്‍ക്ക് പണം അനുവദിച്ചിട്ടും ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. പി.ഡബ്ല്യു.ഡി റോഡുകളുടെ സെന്‍ട്രല്‍ സര്‍ക്കിള്‍ ആലുവ ഓഫിസിലെയും ഇതിന്റെ കീഴ് ഓഫിസുകളുടെയും കെടുകാരസ്ഥതയാണ് പണം അനുവദിച്ചിട്ടും റോഡുകളുടെ അറ്റകുറ്റപണികള്‍ നടക്കാത്തതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട് . യഥാസമയം റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതുമൂലം കോടികളുടെ നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടായികൊണ്ടിരിക്കുന്നത്.
നിയോജക മണ്ഡലത്തിലെ പി.ഡബ്ല്യു.ഡി വിഭാഗത്തില്‍പ്പെട്ട മിക്ക റോഡുകള്‍ക്കും ബജറ്റില്‍ ഉള്‍പ്പെടുത്തി അഡ്മിനിസ്‌ട്രേറ്റീവ് അനുമതി നല്‍കിയിട്ടുമുണ്ട്. ഇതനുസരിച്ച് ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കേണ്ട സൂപ്പരിന്റിങ് എന്‍ജിനിയര്‍, സെന്‍ട്രല്‍ സര്‍ക്കിള്‍ ആലുവ ഓഫിസിലെ പ്രവര്‍ത്തനങ്ങള്‍ വേണ്ട വിധത്തില്‍ നടക്കാത്തതാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും താളം തെറ്റുന്നതിന് കാരണമാകുന്നത്.
എം.സി റോഡില്‍ വേങ്ങൂരില്‍ നിന്ന് നായത്തോട് വഴി എയര്‍പോര്‍ട്ടിലെയ്ക്ക് പോകുന്ന റോഡിന്റെ ആരംഭസ്ഥലമായ വേങ്ങൂരില്‍ ടൈല്‍സ് വിരിക്കുന്നതിന് പണം അനുവദിച്ചിട്ടും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇപ്പോള്‍ ഇതിന്റെ ഫയല്‍ പോലും കാണാനില്ലെന്നാണ് ഉദ്യോഗസ്ഥരില്‍ നിന്നും അറിയാനായത്. സര്‍ക്കാര്‍ തലത്തില്‍ ടെന്‍ണ്ടര്‍ സ്വീകരിച്ച ഒരു നിര്‍മാണ ജോലിയുടെ ഫയല്‍ കാണാതായ സംഭവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുന്നതിനും ഇതുവരെ ആരും തയ്യാറായിട്ടില്ല.
2017 ന് മുന്‍പ് തീര്‍ക്കണമെന്ന് ഹൈക്കോടതി പറഞ്ഞിട്ടുള്ള ചേരനല്ലൂര്‍ ട്രേയ്ഡ് റോഡ് വര്‍ക്ക് എന്ന പേരിലുള്ള നടുവട്ടം നീലിശ്വരം റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കുവാന്‍ ഇതുവരെ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ ഈ റോഡിന് കഴിഞ്ഞ ഡിസബറില്‍ 2.90 കോടി രൂപയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുള്ളതാണ്. സമയത്തിന് ടെന്‍ണ്ടര്‍ നടപടികള്‍ പോലും തുടങ്ങുവാന്‍ കഴിയാത്ത ഈ റോഡിന്റെ പ്രവര്‍ത്തനങ്ങള്‍ യഥാസമയം നടത്താത്തിനാല്‍ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യത്തിന് കേസ് നേരിട്ടു കൊണ്ടിരിക്കുകയാണ് .
മണ്ഡലത്തിന്റെ കീഴില്‍ വരുന്ന ദേശീയ പാത ലിങ്ക് റോഡ് , മാര്‍ക്കറ്റ് ലാന്‍ഡിങ്ങ് റോഡ് എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ടെന്‍ഡര്‍ നടപടികള്‍ തെറ്റിച്ച് നല്‍കിയതുമൂലം ഹൈക്കോടതി ഇടപ്പെട്ട് സ്റ്റേ നല്‍കിയിരിക്കുകയാണ് . മഞ്ഞപ്ര മലയാറ്റൂര്‍ റോഡ്, എഫ്.ഐ.ടി കണ്ണിമംഗലം റോഡ് തുടങ്ങിയവയും പരിതാപകരമായ അവസ്ഥയിലാണ്. തുക അനുവദിച്ചിട്ടും തക്കസമയത്ത് റോഡിന്റെ നിര്‍മാണ പ്രവൃത്തികള്‍ നടത്താനായിട്ടില്ല. ഈ റോഡുകളുടെ പ്രവൃത്തികള്‍ ഒരിക്കലും നടത്തുവാന്‍ സാധിക്കാത്ത രീതിയിലുള്ള എസ്റ്റിമേറ്റുകളാണ് സ്വീകരിച്ചതെന്ന ആരോപണം അന്നേശക്തമായിരുന്നു.
മിക്‌സ് സീല്‍ സര്‍ഫേസിങ്ങ് എന്ന സ്‌പെസിഫിക്കേഷന്‍ ഉള്ള ഇരുപത് എം.എം ചിപ്പിങ്ങ് കാര്‍പെറ്റ് പവര്‍ ഉപയോഗിച്ച് ചെയുന്നതിനാണ് ടെന്‍ഡര്‍ ക്ഷണിച്ചിരുന്നത്. ഇത്തരത്തില്‍ ഈ റോഡുകളില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തുവാന്‍ കഴിയുകയില്ലന്ന് അറിയുന്ന ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ ടെന്‍ഡര്‍ ക്ഷണിച്ചത് വിവാദമായിട്ടുണ്ട്. അതു പോലെ തന്നെ അങ്കമാലി നിയോജക മണ്ഡലത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പല റോഡുകള്‍ക്കും നിയമനുസൃതമായ ടെന്‍ണ്ടര്‍ നടപടികള്‍ സ്വീകരിക്കാത്തതു മൂലം ടെന്‍ഡര്‍ നടപടികളില്‍ നിന്നും കരാറുകാര്‍ പലപ്പോഴും ഒഴിഞ്ഞു നില്‍ക്കുകയാണ്.
മാത്രവുമല്ല വേണ്ടപ്പെട്ടവര്‍ അപേക്ഷിക്കാത്തതുമൂലം പങ്കെടുത്തവര്‍ രേഖപ്പെടുത്തിയ നിരക്ക് കൂടുതലാണന്ന് പറഞ്ഞ് ടെന്‍ഡര്‍ നടപടികള്‍ റദ്ദ് ചെയ്ത നടപടികള്‍ വരെ ഉണ്ടായിട്ടുണ്ട് . ഇത്തരം സാഹചര്യം നിലനിന്നാല്‍ ഈ വര്‍ഷകാലം കഴിയുന്നതോടെ അങ്കമാലി നിയോജക മണ്ഡലത്തിലെ പ്രധാനപ്പെട്ടതും അല്ലാത്തതുമായ റോഡുകള്‍ തകര്‍ന്ന് തരിപ്പടമാക്കുവാന്‍ കാരണമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."