വില നിയന്ത്രിക്കാന്‍ നടപടി: നാസിക്കില്‍ നിന്ന് സവാള എത്തിക്കും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വില നിയന്ത്രണ നടപടികളുടെ ഭാഗമായി നാസിക്കില്‍ നിന്ന് വീണ്ടും സവാള എത്തിക്കാന്‍ സിവില്‍ സപ്ലൈക് വകുപ്പ് തീരുമാനം.
കഴിഞ്ഞ പ്രാവശ്യത്തെപോലെ 40 ടണ്‍ എത്തിക്കാനാണ് ആലോചിക്കുന്നത്. ഇതിനായുള്ള തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സപ്ലൈകോയെ ചുമതലപ്പെടുത്തിയതായി സിവില്‍ സപ്ലൈസ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
കഴിഞ്ഞ പ്രാവശ്യം നാസിക്കില്‍ നിന്നെത്തിച്ച സവാള കിലോയ്ക്ക് 38 രൂപ നിരക്കിലായിരുന്നു സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ വഴി വിതരണംചെയ്തത്. എന്നാല്‍, ഇത്തവണ രാജ്യവ്യാപകമായി വിലക്കയറ്റം ഉണ്ടായ സാഹചര്യത്തില്‍ ഏതുനിരക്കില്‍ വിതരണം ചെയ്യാനാകുമെന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥതലത്തില്‍ കൂടിയാലോചനകള്‍ നടക്കുകയാണ്. വില സംബന്ധിച്ചും ലോഡ് എപ്പോള്‍ എത്തിക്കാനാകുമെന്നത് സംബന്ധിച്ചും അന്തിമ തീരുമാനം വരുംദിവസങ്ങളിലുണ്ടാകും. കഴിഞ്ഞ തവണത്തെ അതേനിരക്കില്‍ വിതരണം ചെയ്യാനായില്ലെങ്കിലും വിപണിയിലുണ്ടായ വിലക്കയറ്റത്തിന് ഒരുപരിധിവരെ ആശ്വാസകരമാകുംവിധം ഇടപെടാനാകുമെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ പ്രതീക്ഷ.
കഴിഞ്ഞ മാസം സംസ്ഥാനത്ത് സവാള വില കിലോയ്ക്ക് 50 രൂപക്ക് മുകളിലായപ്പോഴാണ് നാസിക്കില്‍ നിന്ന് 40 ടണ്‍ സവാള എത്തിച്ചത്. തിരുവനന്തപുരത്തെയും കൊച്ചിയിലെയും സപ്ലൈകോയുടെ സംഭരണശാലകളില്‍ ലോഡ് എത്തിച്ച് പ്രധാന ഔട്ട്‌ലെറ്റുകള്‍ വഴി വിതരണം ചെയ്യുകയായിരുന്നു. സപ്ലൈകോയുടെ ഇടപെടല്‍ ഉണ്ടായതിനുപിന്നാലെ വിപണിയില്‍ സവാള വില കുറയുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."