സ്വകാര്യ ബസുകള്‍ റൂട്ടുമാറിയോടുന്നു; നെട്ടോട്ടമോടി യാത്രക്കാര്‍
ഒലവക്കോട്: നഗരത്തിലൂടെ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകള്‍ തോന്നിയതു പോലെ സേവനം നടത്തുന്നത് യാത്രക്കാരെ ദുരിതത്തിലാഴ്ത്തുന്നു. എന്നാല്‍ അനുവദിച്ചിട്ടുള്ള പെര്‍മിറ്റിനെ പുല്ലുവില നല്‍കിയിട്ടുള്ള ഇത്തരം അനധികൃത സര്‍വിസ് ബന്ധപ്പെട്ടവരും അറിഞ്ഞ മട്ടില്ലെന്നതാണ് സത്യം.
റെയില്‍വേ കോളനിയില്‍ നിന്നുള്ള ബസുകള്‍ ഒലവക്കോട് കഴിഞ്ഞാല്‍ ശേഖരീപുരത്തുനിന്നും താരേക്കാട് വഴി പോകാതെ മണലി ബൈപ്പാസ് വഴിയാണ് തിരക്കു സമയങ്ങളില്‍ സര്‍വിസ് നടത്തുന്നത്. ഇതുമൂലം അയ്യാപുരത്തേക്കു പോകേണ്ടവര്‍ ശേഖരീപുരത്തിറങ്ങി ഓട്ടോറിക്ഷ പിടിക്കുകയോ നടക്കുകയോ ചെയ്യണം.
മിക്കപ്പോഴും വൈകുന്നേരങ്ങളില്‍ ബസുകളില്‍ യാത്രക്കാരും കണ്ടക്ടര്‍മാരും തമ്മില്‍ സംഘര്‍ഷം പതിവാണ്. അതുപോലെ തന്നെ പറളി ഭാഗത്തു നിന്നും വരുന്ന കെ.എസ്.ആര്‍.ടി.സിയും ദീര്‍ഘദൂര ബസുകളും മേലാമുറി വഴി വരാതെ മേപ്പറമ്പ് ജങ്ഷനില്‍ നിന്നും ഇടത്തോട്ടു തിരിഞ്ഞാണ് മേഴ്‌സി വഴി പാലക്കാട്ടെത്തുന്നത്. ഇതു മൂലം മേലാമുറി ഭാഗത്തേക്കു പോകേണ്ടവര്‍ മേപ്പറമ്പിലോ മേഴ്‌സിയിലോ ഇറങ്ങി ബദല്‍ സംവിധാനം കാണണം.
എന്നാല്‍ പാലക്കാട് നിന്നും മലമ്പുഴ റെയില്‍വേ കോളനി ഭാഗത്തേക്കുള്ള ബസുകള്‍ രാവിലെ എട്ട് മണിവരെ പടിക്കര ബൈപ്പാസില്‍ നിന്നും മേല്‍പാലത്തിന്റെ അടിയിലൂടെ ചുണ്ണാമ്പുത്തറ ഭാഗത്തേക്കും സര്‍വിസ് നടത്തുന്നുണ്ട്. ഇതുവഴി താരേക്കാട്, കോളജ്, പറക്കുന്നം ഭാഗത്തേക്കുള്ളവരും ദുരിതത്തിലാണ്. പാലക്കാട്ട് നിന്നും കൊടുന്തിരപ്പുള്ളി, അത്താലൂര്‍ എം.എല്‍.എ റോഡുവഴി എടത്തറ പോകുന്ന ബസുകളും ഇടയ്ക്കിടയ്ക്ക് യാത്രക്കാരെ വട്ടം കറക്കുന്നുണ്ട്. രാവിലെ തിരക്കുള്ള സമയത്ത് എം.എല്‍.എ റോഡുവഴി വരാതെ മേപ്പറമ്പ് ബൈപ്പാസ് വഴിയാണ് അനധികൃത സേവനംനടത്തുന്നത്. ഇതുമൂലം ഇവിടെ ബസുകാത്തുനിന്നവര്‍ നോക്കുകുത്തിയാവുകയാണ്. ഇതിനുപുറമെയാണ് ചെറുപ്പുളശ്ശേരി-മണ്ണാര്‍ക്കാട് ഭാഗത്തേക്കുള്ള ബസുകള്‍ വൈകുന്നേരമായാല്‍ വിക്‌ടോറിയ കോളജ്- ചാത്തപുരം വഴി പോകാതെ നിയമവിരുദ്ധമായി ചുണ്ണാമ്പുത്തറ വഴി പോകുന്നതും.
മലമ്പുഴ റെയില്‍വേ കോളനി ബസ്സുകള്‍ മിക്കതും സമയത്തിന്റെ പേരില്‍ സ്റ്റേഡിയം സ്റ്റാന്‍ഡില്‍ കയറാതെ തോന്നിയിടത്ത് ആളുകളെ ഇറക്കി പോകുന്നതിനാല്‍ സ്റ്റാന്റില്‍ ബസു കാത്തുനില്‍ക്കുന്നവര്‍ക്കും ബുദ്ധിമുട്ടാണ്. റെയില്‍വേ കോളനി ബസുകള്‍ ചിലത് താരേക്കാടു നിന്നും കൊപ്പം വഴി മണലി ബൈപ്പാസ് വഴി സര്‍വിസ് നടത്തുന്നുണ്ട്. കൊട്ടേക്കാട്ടു നിന്നും വരുന്ന ബസുകളും താരേക്കാട് വഴിവരാതെ കൊപ്പത്തുനിന്നും നേരെ ഹെഡ്‌പോസ്റ്റോഫീസ് റോഡിലേക്കു കയറുന്നുണ്ട്.
ഇത്തരത്തില്‍ അനുവദിച്ചിട്ടുള്ള പെര്‍മിറ്റിന് നിയമ വിധേയമായി അനധികൃതസര്‍വിസ് നടത്തി യാത്രക്കാരെ ദുരിതത്തിലാക്കുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും തിരക്കേറിയ സമയങ്ങളില്‍ ഇത്തരം നിയമലംഘനം പിടിക്കപ്പെടുന്നതിനായി കവലയില്‍ ട്രാഫിക്ക് പോല ിസിന്റെ സേവനം വേണമെന്നുമുള്ള ആവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."