കത്തിക്കുത്ത് കേസിലെ പ്രതികള്‍ ജാമ്യത്തിലിറങ്ങിയതോടെ യൂണിവേഴ്സിറ്റി കോളേജില്‍ വീണ്ടും എസ്.എഫ്.ഐ ഗുണ്ടായിസം: രണ്ടു വിദ്യാര്‍ഥികള്‍ക്ക് മര്‍ദനം, പരാതി പറയാന്‍ ഭയന്ന് വിദ്യാര്‍ഥികള്‍
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിലെ പ്രതികള്‍ ജാമ്യത്തിലിറങ്ങിയതോടെ കോളേജില്‍ വീണ്ടും എസ്.എഫ്.ഐ ഗുണ്ടായിസം തുടങ്ങിയെന്ന് പരാതി.നിരവധി വിദ്യാര്‍ഥികളാണ് പരാതിയുമായി രംഗത്തുവരുന്നത്.എന്നാല്‍ പൊലിസില്‍ പരാതി നല്‍കാന്‍ ഭയക്കുകയാണ്. ജാമ്യത്തിലിറങ്ങിയ നസീമിനെതിരേ പ്രതികരിച്ച മുന്‍ യൂണിവേഴിസിറ്റി കോളജ് വിദ്യാര്‍ഥിക്കും സുഹൃത്തിനും കഴിഞ്ഞ ദിവസം മര്‍ദനമേറ്റിരുന്നു. കേസിലെ കൂട്ടുപ്രതിയുടെ നേതൃത്വത്തിലുള്ള എസ്.എഫ്.ഐക്കാരാണ് മര്‍ദിച്ചത്. ഒരു വര്‍ഷം മുമ്പ് പഠിച്ചിറങ്ങിയ തമലം സ്വദേശി അനൂപ് ആര്യങ്കോട് സ്വദേശി ശ്യം എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഫേയ്സ്ബുക്കിലെ നസീമിന്റെ വിവാദ പരാമര്‍ശത്തിന് എതിരേ ഇവര്‍ പ്രതികരിച്ചതാണ് എസ്.എഫ് ഐയെ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.
യൂണിവേഴ്സിറ്റി കോളേജില്‍ ടി.സി.വാങ്ങാനെത്തിയ രണ്ടുപേരെ സംസ്‌കൃത കോളേജില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെത്രെ. നസീം ഏതാനും ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. കഴിഞ്ഞ ദിവസം ഇയാള്‍ പരീക്ഷാത്തട്ടിപ്പ് തന്റെ കഴിവാണെന്ന തരത്തില്‍ പ്രതികരണമിട്ടിരുന്നു. ഇതിനെതിരെയാണ് അനൂപ് രംഗത്തെത്തിയത്. ഇതിനെ ചോദ്യം ചെയ്താണ് കത്തിക്കുത്ത് കേസില്‍ നസീമിന്റെ കൂട്ടുപ്രതിയായിരുന്ന വിദ്യാര്‍ഥിയുടെ നേതൃത്വത്തില്‍ ഇവരെ മര്‍ദിച്ചത്.
നസീമിന്റെ ഫേയ്സ്ബുക്ക് പോസ്റ്റിനെതിരേ വന്ന കമന്റുകള്‍ക്ക് ഇവര്‍ ലൈക്ക് ചെയ്തിരുന്നു. എതിര്‍ത്ത് കമന്റ് ഇട്ടതിനേയും ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു മര്‍ദനം. ഇതില്‍ ഒരാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. മൊഴിയെടുക്കാന്‍ പൊലിസ് ജനറല്‍ ആശുപത്രിയിലെത്തിയെങ്കിലും മര്‍ദനമേറ്റവര്‍ ഒഴിഞ്ഞുമാറി. തുടര്‍ന്ന് പൊലിസ് സ്റ്റേഷനിലെത്തി തങ്ങള്‍ക്കു പരാതിയില്ലെന്ന് അറിയിച്ചു. തമലം സ്വദേശിക്കാണ് കൂടുതല്‍ മര്‍ദനമേറ്റത്. സംഘം ചേര്‍ന്നു മര്‍ദിച്ചശേഷം സംസ്‌കൃത കോളേജിലുണ്ടായിരുന്നവര്‍ ഇവരെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. പരാതി നല്‍കിയാല്‍ തങ്ങള്‍ക്കിവിടെ തുടര്‍ന്ന് പഠിക്കാനാവില്ല എന്നറിയാവുന്നതുകൊണ്ടാണ് പലരും പരാതിയുമായി രംഗത്തുവരാത്തതെന്നാണ് പലരും പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."