ദാറുല്‍ ഹുദയില്‍ മന്ത്രി കെ.ടി ജലീനു സ്വീകരണം നല്‍കി
തിരൂരങ്ങാടി: ഇസ്‌ലാമിക ദര്‍ശനങ്ങള്‍ക്കു വികൃത മുഖം നല്‍കുന്നവരും സമാധാനവും സൗഹൃദവും ഉദ്‌ഘോഷിക്കുന്ന മതവിശ്വാസത്തെ നികൃഷ്ടമാക്കുന്നവരുമാണ് ഐസിസ് പോരാളികളെന്നു തദ്ദേശ വകുപ്പ് മന്ത്രി കെ.ടി ജലീല്‍. ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ഒരുക്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുസ്വരതയെ കൂടുതല്‍ പ്രോത്സാഹിപ്പിച്ച മതമാണ് ഇസ്‌ലാം. മത സംഘട്ടനങ്ങളെ ശക്തമായി വിമര്‍ശിക്കുകയും സമാധാന ജീവിതത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന ഇസ്‌ലാമില്‍ തീവ്രവാദമില്ലെന്നും എന്നാല്‍ ഇസ്‌ലാമിന്റെ ലേബലില്‍ തീവ്ര ഭീകര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും ഐസിസ് അടക്കമുള്ള തീവ്ര സംഘടനകളെ മുസ്‌ലിം വിരോധികളായിട്ടാണു വിലയിരുത്തേണ്ടതെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ മുസ്‌ലിം വിദ്യാഭ്യാസ പുരോഗതിക്കായി ഇടതുസര്‍ക്കാര്‍ വഖ്ഫ്‌ബോര്‍ഡില്‍ നിന്നും കൂടുതല്‍ ഫണ്ട് വകയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദാറുല്‍ഹുദാ വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാഴ്‌സിറ്റിയുടെ ഉപഹാരവും അദ്ദേഹം മന്ത്രിക്കു കൈമാറി. ഡോ. യു.വി.കെ മുഹമ്മദ് അധ്യക്ഷനായി. യു.ശാഫി ഹാജി ചെമ്മാട്, സി. യൂസുഫ് ഫൈസി മേല്‍മുറി, ഹംസ ഹാജി മൂന്നിയൂര്‍, സി.കെ മുഹമ്മദ് ഹാജി, അബ്ദുല്‍ ഖാദിര്‍ ഫൈസി അരിപ്ര, സിദ്ദീഖ് ഹാജി ചെറുമുക്ക്, സൈദുഹാജി കരുമ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഡോ.സുബൈര്‍ ഹുദവി സ്വാഗതവും പി.കെ അബ്ദുന്നാസ്വിര്‍ ഹുദവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."