ഇ.എം.എസിന്റെ പേരിലുള്ള കുട്ടികളുടെ പാര്‍ക്കിനോട് നഗരസഭയുടെ അവഗണന; വിനോദ ഉപകരണങ്ങള്‍ നശിച്ചിട്ടും തിരിഞ്ഞു നോക്കാനാളില്ല
തിരൂര്‍: ഇ.എം.എസിന്റെ പേരില്‍ നഗരസഭ സ്ഥാപിച്ച തിരൂര്‍ കോരങ്ങത്തെ കുട്ടികളുടെ പാര്‍ക്ക് പരിപാലനമില്ലാതെ അവസ്ഥയില്‍. മഴക്കാലമായതോടെ പാര്‍ക്കിനുള്ളില്‍ പലയിടത്തും വെള്ളം കെട്ടിനിന്ന് കുട്ടികളുടെ വിനോദ ഉപകരണങ്ങള്‍ പലതും നശിക്കുകയാണ്. പാര്‍ക്കിനുള്ളില്‍ പുല്‍ക്കാടും നിറഞ്ഞിട്ടുണ്ട്. സന്ദര്‍ശകര്‍ നിക്ഷേപിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ വേസ്റ്റ് ബിന്നുകളില്‍ കിടന്ന് വെള്ളം നിറഞ്ഞ് കൊതുകുകള്‍ പെരുകാനും ഇടയാക്കുന്ന സാഹചര്യമാണ്.
പാര്‍ക്കിന് പിറകുവശത്തെ മതില്‍ മരം വീണ് തകര്‍ന്നിട്ടും മരക്കഷ്ണങ്ങള്‍ എടുത്തുമാറ്റാനോ മതില്‍ പുതുക്കിപണിയാനോ നടപടിയുണ്ടാകുന്നുമില്ല. ആയിരകണക്കിന് രൂപ ചെലവഴിച്ച് വാങ്ങിയ കുട്ടികളുടെ വിനോദ സാമഗ്രികള്‍ പാര്‍ക്കിനുള്ളില്‍ വെള്ളത്തിലും പുല്‍ക്കാടിലും കിടന്ന് മഴകൊണ്ട് നശിക്കുന്നു. തിരൂര്‍ നഗരസഭ പാര്‍ക്ക് നടത്തിപ്പ് അഞ്ചു വര്‍ഷത്തേക്ക് കരാര്‍ നല്‍കിയതാണ്.
എന്നാല്‍ കരാറുകാരനോ നഗരസഭാ അധികൃതരോ ആരും തന്നെ പാര്‍ക്കിലേക്ക് തിരിഞ്ഞുനോക്കാത്ത സ്ഥിതിയാണെന്നാണ് പാര്‍ക്കിലെ സാഹചര്യം വ്യക്തമാക്കുന്നത്. മഴക്കാലമായതിനാല്‍ പെരുന്നാളിന് പോലും പാര്‍ക്ക് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."