ഷാര്‍ജ വാഹനാപകടം: പത്തനംതിട്ട സ്വദേശിക്ക് 1.40 കോടി നഷ്ടപരിഹാരം
ഷാര്‍ജ: വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ പത്തനംതിട്ട കോന്നി പയ്യനമണ്‍ മലയില്‍ പുത്തന്‍വീട്ടില്‍ കെ.ബി പീറ്ററിന് (37) ഏഴു ലക്ഷം ദിര്‍ഹം (1.40 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ദുബൈ കോടതി ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷം ഷാര്‍ജയിലെ അല്‍മുസല്ല ഭാഗത്ത് റോഡ് മുറിച്ചുകടക്കുകയായിരുന്ന പീറ്ററിനെ പാകിസ്താന്‍ പൗരന്‍ മന്‍സൂര്‍ ഹുസൈന്‍ മഖ്ബൂല്‍ ഓടിച്ച വാഹനം ഇടിച്ചായിരുന്നു അപകടം. സാരമായി പരുക്കേറ്റ പീറ്ററിനെ ആദ്യം ഷാര്‍ജ അല്‍ഖാസിമി ആശുപത്രിയിലും പിന്നീട് നാട്ടിലെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
വാഹനം ഓടിച്ച ഡ്രൈവറെ ഷാര്‍ജ ട്രാഫിക് കോടതിയില്‍ ഹാജരാക്കുകയും കുറ്റവാളിയെന്ന് കണ്ടെത്തി നാലു മാസത്തേക്ക് ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുകയും 3000 ദിര്‍ഹം പിഴ ശിക്ഷ നല്‍കി വിട്ടയക്കുകയും ചെയ്തു. ഇതോടെ വാഹനാപകട നഷ്ടപരിഹാരത്തിനായി പീറ്ററിന്റെ പിതാവും നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് നിയമ സ്ഥാപനമായ അലി ഇബ്രാഹിം അഡ്വക്കേറ്റ്‌സിലെ പ്രതിനിധി സലാം പാപ്പിനിശ്ശേരിയെ കേസ് ഏല്‍പ്പിക്കുകയായിരുന്നു.
കേസ് ഏറ്റെടുത്ത ലീഗല്‍ ഓഫിസ് ഇന്‍ഷുറന്‍സ് കമ്പനിയെയും വാഹനം ഓടിച്ച പാകിസ്താനി ഡ്രൈവറെയും എതിര്‍കക്ഷിയാക്കി വാഹനാപകട നഷ്ടപരിഹാരത്തിനായി കേസ് ഫയല്‍ ചെയ്തു. ഇരു വിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട കോടതി, മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്ന പ്രകാരമുള്ള പരുക്കുകള്‍ വ്യക്തമാണെന്നും നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനി ഉത്തരവാദിയാണെന്നും വിധിക്കുകയായിരുന്നു.
നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കാന്‍ അപ്പീല്‍ കോടതിയെ സമീപിച്ചിരിക്കുകയാണെന്ന് സലാം പാപ്പിനിശ്ശേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."