71കാരന്‍ ഓടുന്നു, നവകേരളത്തിനായി
കോഴിക്കോട്: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രവാസികളുടെ സഹായം തേടി 71കാരനായ പ്രവാസിയുടെ ഹാഫ് മാരത്തണ്‍ കോഴിക്കോട്ടെത്തി. പന്തളം അരൂരിനടുത്ത് കടമ്പനാട് സ്വദേശിയായ ഗണിത ശാസ്ത്രജ്ഞന്‍ ഡോ. ജോര്‍ജ് തോമസാണ് കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്താന്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് ജില്ലയിലെ കര്‍ണാടക അതിര്‍ത്തിവരെ ഓടുന്നത്. 25 വര്‍ഷമായി അമേരിക്കയിലും ചൈനയിലും ഗണിതശാസ്ത്ര പ്രതിഭകള്‍ക്കു വഴികാട്ടിയാണ് ഇദ്ദേഹം. പ്രവാസികള്‍ നാടിനു വേണ്ടി നല്‍കേണ്ടത് സംഭാവനയല്ലെന്നും അവരുടെ ഉത്തരവാദിത്തമാണെന്നും ഡോ. ജോര്‍ജ് പറഞ്ഞു.
പിതാവിനോടും മാതാവിനോടും ചെയ്യുന്നതു പോലെ സ്വന്തം നാടിനോടും കടപ്പാടുണ്ടെന്ന് നവകേരളത്തിന് നല്‍കുന്ന സംഭാവന കടംവീട്ടലാണെന്നും അദ്ദേഹം സൂചിപ്പിച്ചു. നവംബര്‍ ഏഴിന് തിരുവനന്തപുരത്ത് നിന്നാണ് ഹാഫ് മാരത്തണ്‍ ആരംഭിച്ചത്. ഇന്നലെ 18 ദിവസത്തെ ഓട്ടം പൂര്‍ത്തിയാക്കി. ഓട്ടത്തിനുള്ള ചെലവുകള്‍ ഡോ. ജോര്‍ജ് സ്വന്തമായാണ് വഹിക്കുന്നത്. ഓട്ടത്തിന്റെ തുടക്കത്തില്‍ അദ്ദേഹം വീടിനു സമീപത്തെ ഗ്രാമത്തില്‍ വായനശാല, അങ്കണവാടി, കുട്ടികളുടെ പാര്‍ക്ക് എന്നിവയ്ക്കായി 20 സെന്റ് സ്ഥലം സര്‍ക്കാരിനു ദാനം ചെയ്തിരുന്നു. ഇന്നലെ വരെ അദ്ദേഹം 404 കി.മീ ദൂരം പിന്നിട്ടു. കര്‍ണാടക അതിര്‍ത്തിവരെ ഏകദേശം 650 കി.മീ ദൂരമാണ് പ്രതീക്ഷിക്കുന്നത്. ദിവസം രാവിലെ 22 കിലോമീറ്ററാണ് ഓട്ടം. രാവിലെ 6.15ന് ഓട്ടം തുടങ്ങും. 4.15 മണിക്കൂര്‍ സമയമാണ് ഇത്രയും ദൂരം പിന്നിടാന്‍ എടുക്കുന്നത്. ഒരു ദിവസം ഓട്ടം അവസാനിപ്പിച്ച പോയിന്റില്‍ നിന്നാണ് പിറ്റേ ദിവസവും യാത്ര പുനരാരംഭിക്കുക.
റോഡരികിലെ ചെരിഞ്ഞ പ്രതലത്തിലൂടെയുള്ള ഓട്ടവും മാലിന്യത്തില്‍ നിന്നുള്ള ദുര്‍ഗന്ധവും ബുദ്ധിമുട്ടുണ്ടാക്കുന്നതായി അദ്ദേഹം പറയുന്നു. കഴിഞ്ഞ 50 വര്‍ഷമായി അമേരിക്കയില്‍ കഴിയുന്ന ജോര്‍ജ് ലോകം മുഴുവന്‍ സഞ്ചരിച്ചിട്ടുണ്ട്. ഇന്നു രാവിലെ തൊണ്ടയാട് ബൈപാസില്‍നിന്ന് കണ്ണൂരിലേക്കാണ് ഓട്ടം. 2011ല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതം ജനങ്ങളിലെത്തിക്കാന്‍ ആലപ്പുഴയില്‍നിന്ന് കോട്ടയം വരെ 53 കി.മീ തുടര്‍ച്ചയായി ഓടിയാണ് അദ്ദേഹം പൊതുവിഷയങ്ങളില്‍ സന്ദേശ വാഹകനായത്. 2008ല്‍ പ്ലാസ്റ്റിക് കത്തിക്കരുതേ എന്ന സന്ദേശവുമായി കന്യാകുമാരി മുതല്‍ മൂകാംബിക വരെയും ഓടി.
തന്റെ ഓട്ടം കാണാന്‍ ഇരുചക്രവാഹന യാത്രക്കാര്‍ തിരിഞ്ഞുനോക്കി അപകടമുണ്ടാക്കരുത്, ഹോണടിച്ച് പിന്തുണ പ്രഖ്യാപിക്കരുത് എന്നിങ്ങനെ നിര്‍ദേശങ്ങളും അദ്ദേഹത്തിനു നല്‍കാനുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വേേു:െറീിമശേീി.രാറൃള.സലൃമഹമ.ഴീ്.ശി എന്ന ലിങ്കില്‍ പോയി സംഭാവന ചെയ്താണ് പ്രവാസികള്‍ തനിക്ക് പിന്തുണ പ്രഖ്യാപിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."