ചെങ്ങോടുമല ഖനനത്തിനെതിരേ നിലപാടെടുത്ത ഡി.എഫ്.ഒയെ മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം
പേരാമ്പ്ര: പരിസ്ഥിതി ദുര്‍ബല പ്രദേശമായ ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനം നടത്താനുള്ള നീക്കത്തിനെതിരേ ശക്തമായ നടപടി സ്വീകരിച്ച കോഴിക്കോട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ കെ.കെ സുനില്‍ കുമാറിനെ സ്ഥലം മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ചെങ്ങോടുമല ഖനനവിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. അപ്രധാന വകുപ്പിലേക്കു മാറ്റി ഒതുക്കാനുള്ള നീക്കമാണ് നടക്കുന്നത്. ക്വാറി മാഫിയയുടെ സമ്മര്‍ദത്തിനു വഴങ്ങി അദ്ദേഹത്തെ സ്ഥലം മാറ്റുകയാണെന്നും കൗണ്‍സില്‍ ആരോപിച്ചു. ജില്ലാ പാരിസ്ഥിതികാഘാത വിലയിരുത്തല്‍ സമിതി യാതൊരു പഠനവും നടത്താതെ ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനം നടത്താന്‍ നല്‍കിയ പാരിസ്ഥിതികാനുമതി പുനഃപരിശോധിക്കണമെന്ന് സമിതി അംഗം കൂടിയായ ഡി.എഫ്.ഒ ആവശ്യപ്പെട്ടിരുന്നു.
കൂടാതെ ഈ സമിതിയില്‍ വിദഗ്ധനില്ലാത്തതിനെയും ഡി.എഫ്.ഒ ചോദ്യം ചെയ്തിരുന്നു. മലബാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് 10 കിലോ മീറ്ററിനുള്ളില്‍ ഖനനം നടത്തണമെങ്കിലും സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിക്കണമെങ്കിലും കേന്ദ്ര വനം, വന്യജീവി വകുപ്പുകളുടെ അനുമതി വേണം. എന്നാല്‍ ചെങ്ങോടുമല കരിങ്കല്‍ ഖനനത്തിന് അനുമതി നല്‍കിയത് ഈ അനുമതി വാങ്ങാതെയാണ്. അതുകൊണ്ടു തന്നെ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്നും ഡി.എഫ്.ഒ കലക്ടറോട് രേഖാമൂലമാവശ്യപ്പെട്ടിരുന്നു. ക്വാറി കമ്പനി ചെങ്ങോടുമലയില്‍നിന്ന് അനധികൃതമായി മരം മുറിക്കുന്നതു തടഞ്ഞ ഡി.എഫ്.ഒ നടപടിക്കെതിരേ ക്വാറി മുതലാളി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്. ക്വാറി മാഫിയയുടെ കണ്ണിലെ കരടായ ഈ ഉദ്യോഗസ്ഥനെ മാറ്റാന്‍ ഇവര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."