ദേശീയപാത വികസനം: വനംവകുപ്പ് നടപടിക്കെതിരേ പ്രതിഷേധം ശക്തം
സുല്‍ത്താന്‍ ബത്തേരി: ദേശീയപാത വികസനം തടസപ്പെടുത്തുന്ന വനംവകുപ്പ് നടപടിക്കെതിരേ ശക്തമായ പ്രതിഷേധം ഉയരുന്നു. ഇതിന്റെ ഭാഗമായി യു.ഡി.എഫ് നൂല്‍പ്പുഴ പഞ്ചായത്ത് കമ്മിറ്റി വനംവകുപ്പിന്റെ ധിക്കാരപരമായ നടപടിക്കെതിരേ ഹര്‍ത്താലടക്കമുള്ള സമരപരിപാടികള്‍ക്ക് തയാറെടുക്കുകയാണ്.
ദേശീയപാത 766ല്‍ മൂലങ്കാവുമുതല്‍ സംസ്ഥാന അതിര്‍ത്തിയായ മൂലഹള്ള വരെയുള്ള ദേശീയപാത വികസനമാണ് വനംവകുപ്പ് എതിര്‍ക്കുന്നത്. ഈ ഭാഗത്ത് ദേശീയപാതയുടെ വീതികൂട്ടലും കല്‍വര്‍ട്ടുകള്‍ നിര്‍മിക്കുന്നതും വനംവകുപ്പ് നിലവില്‍ തടഞ്ഞിരിക്കുകയാണ്. വികസനപ്രവര്‍ത്തി നടക്കുന്ന ഭാഗം വനഭൂമിയാണോ എന്ന സംശയത്തിന്റെ മറവിലാണ് വനംവകുപ്പ് ഇത്തരം നടപടികളുമായി മുന്നോട്ടുപോകുന്നത്. ഈ നടപടിക്കെതിരേയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.
വനംവകുപ്പിന്റെ ഈ നടപടിക്കെതിരേയാണ് നൂല്‍പ്പുഴ പഞ്ചായത്ത് കമ്മിറ്റി രംഗത്തുവന്നിരിക്കുന്നത്. നടപടി തിരുത്തിയില്ലങ്കില്‍ ഹര്‍ത്താലടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് യു.ഡി.എഫിന്റെ തീരുമാനം. ഇതിനുമുന്നോടിയായി നാളെ നായ്ക്കട്ടിയില്‍ കണ്‍വന്‍ഷനും തുടര്‍ന്ന് അടുത്തമാസം ആറിന് മുത്തങ്ങ റെയ്ഞ്ച് ഓഫിസിലേക്ക് മാര്‍ച്ചുനടത്താനാണ് തീരുമാനമെന്നും ഭാരവാഹികളായ ടി. അവറാന്‍, കൈനിക്കല്‍ ബെന്നി, എം.എ അസൈനാര്‍, എന്‍.കെ വാസു, ഗംഗാധരന്‍ മറുകര, മണി ചോയിമൂല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം വനംവകുപ്പിന്റെ നടപടിക്കെതിരേ സുല്‍ത്താന്‍ ബത്തേരിയിലെ യുവജനകൂട്ടായ്മയും രംഗത്തെത്തിയിരുന്നു. കര്‍ണാടകയില്‍ പോലും വനപാതകളിലെ വികസനം നടക്കുമ്പോഴാണ് ജില്ലയില്‍ ഇത്തരം പ്രതിഷേധനടപടികളുമായി വനംവകുപ്പ് രംഗത്തുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."