കാസര്‍കോട് പാക്കേജ് മുതലമട എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കും നല്‍കാത്തത് നീതി നിഷേധമെന്ന് ദയാബായ്
മുതലമട: കാസര്‍കോട്ടിലെ പാക്കേജ് മുതലമട എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കും നല്‍കാത്തത് നീതി നിഷേധമെന്ന് ദയാബായ്. മുതലമട പഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍ ഇരകളെസന്ദര്‍ശിക്കാനെത്തിയതായിരുന്നു അവര്‍. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചുപോലും വിശദ്ധമായ പഠനത്തിനോ പാക്കേജിനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സര്‍ക്കാരും കൃഷി വകുപ്പും എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള മാരക കീടനാശിനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ ഇപ്പോഴും മരുന്ന് കമ്പനികള്‍ക്കൊപ്പമാണ്.മാരക കീടനാശിനികളുടെവിതരണവും വില്‍പനയും നിലവില്‍ തടയുവാന്‍ കൃഷി വകുപ്പിന് സാധിച്ചിട്ടില്ല. ലാഭം മാത്രം ലക്ഷ്യം വെച്ച് കൃഷി ചെയ്യുബോഴാണ് മരുന്നു കമ്പനികള്‍ ഇരകളെ സൃഷ്ടിക്കുന്നത്. മാരക കീടനാശിനി ഉപയോഗം മൂലമുണ്ടായ ഇരകളെ സര്‍ക്കാര്‍ അവഗണിക്കുന്ന സ്ഥിതിയാണ് കേരളത്തിലുള്ളത്. കാസര്‍കോട്ടില്‍ ഇരകള്‍ക്ക് പൂര്‍ണമായും സംരക്ഷണം ലഭിച്ചിട്ടില്ല. കാസര്‍കോടിലെ പാക്കേജ് അര്‍ഹരായവര്‍ക്കുംമുതലമടയിലുള്ള ഇരകള്‍ക്കും സര്‍ക്കാര്‍ നടപ്പിലാക്കുവാന്‍ വൈകരുത്.മുതലമടയില്‍ സര്‍ക്കാര്‍ കണ്ടെത്തീയിട്ടുള്ള എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അര്‍ഹമായ പരിഗണന സര്‍ക്കാര്‍ ഉടന്‍ നല്‍കണം. മുതലമടയിലെ എന്‍ഡോസള്‍ഫാന്‍ ഇരകളെ സര്‍ക്കാര്‍ അവഗണിക്കരുത്. മുതലമടയിലെ എന്‍ഡോസള്‍ഫാന്‍ ഇരകളെ കൃത്യമായ സംരക്ഷണമില്ലാത്തതാണ് ഇരകളുടെ ദുരിതത്തിന് വഴിവെച്ചത് .തുടര്‍ചികിത്സകള്‍ പോലും നല്‍കാതെ മുതലമടയിലെ ഇരകളെസര്‍ക്കാര്‍ അവഗണിച്ചു. ആരോഗ്യ വകുപ്പിന്റെ നിര്‍ത്തിവെച്ച വിദഗ്ധ വൈദ്യ പരിശോധന വീണ്ടും മുതലമടയില്‍ തുടരണമെന്ന് ദയാബായ് ആവശ്യപ്പെട്ടു.വെള്ളരന്‍കടവ് ബാബു പതി കോളനിയിലെത്തിയ ദയാബായ് അഞ്ച് വയസുകാരിയായ തലവീര്‍ത്ത് സംസാരിക്കാനും നടക്കാനും സാധിക്കാത്ത ഹേമലതയെ സന്ദര്‍ശിച്ചു. ഹേമലതയെ പോലുള്ളവരെ ചികിത്സക്ക് സഹായിക്കാത്ത സര്‍ക്കാറിന്റെ നിലപാട് മനുഷ്യാവകാശ നിഷേധമാണെന്ന് ദയാബായ് പറഞ്ഞു. ഡിസംബര്‍ പത്തിനുംജനുവരി 26നും തിരുവനന്തപുരത്ത് നടത്തുന്ന കേരളത്തിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായുള്ള സമരക്കാരെ മുതലമടയിലെ ഇരകളെയും ഉള്‍പെടുത്തുമെന്ന് ദയാഭായ് പറഞ്ഞു. വിളയോടി വേണുഗോപാല്‍, നളിപ്പാറ മാരിയപ്പന്‍, വി.പി.നി ജാമുദീന്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.മണ്ണാര്‍ക്കാട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ സന്ദര്‍ശിക്കാന്‍ ദയാബായ് മണ്ണാര്‍ക്കാടെത്തി. കേരളത്തെ പിടിച്ചു കുലുക്കിയ എന്‍ഡോസള്‍ഫാന്‍ ദുരന്തം കാസര്‍കോട് ജില്ലയിലും പാലക്കാട് ജില്ലയിലും ആണ് സാരമായി ബാധിച്ചത്. ജില്ലയിലെ ചിറ്റൂര്‍ മേഖലയിലും മണ്ണാര്‍ക്കാട് തത്തേങ്ങലം, മേലാമുറി, അരയന്‍ങ്കോട് എന്നിവിടങ്ങളിലും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നിലവില്‍ ദുരിതമനുഭവിക്കുന്നവരുണ്ട്. ആദിവാസി സമൂഹങ്ങളുടെയും മറ്റു പിന്നോക്ക വിഭാഗങ്ങളുടെയും ഉന്നമനത്തിനുവേണ്ടി അഹോരാര്‍ഥം പ്രവര്‍ത്തിക്കുന്ന ദയാബായി ഇന്നലെയാണ് മണ്ണാര്‍ക്കാടെത്തിയത്.
അരയന്‍ങ്കോട് എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുടുംബത്തെ ഇവര്‍ സന്ദര്‍ശിച്ചു. അവര്‍ക്കുവേണ്ട മാര്‍ഗനിര്‍േദശങ്ങള്‍ നല്‍കുകയും ധൈര്യം പകരുകയും ചെയ്തു. പാലക്കാട് സന്ദര്‍ശനം നടത്തിയശേഷമാണ് ഇവര്‍ മണ്ണാര്‍ക്കാടെത്തിയത്. ദുരിതബാധിതരോട് മാറിമാറിവരുന്ന സര്‍ക്കാരുകളുടെ അവഗണനക്കെതിരേ ശക്തമായി പോരാടുമെന്നും, ദുരിതബാധിതര്‍ക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ നേടിക്കൊടുക്കുകയും ചെയ്യുമെന്നും ദയാബായി പറഞ്ഞു. ഇതിനായി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പിന്തുണയോടുകൂടി ജില്ലയില്‍ ക്യാംപ്് സംഘടിപ്പിക്കുമെന്നും പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ എന്ന മാരകവിഷം അഞ്ച് തലമുറയെങ്കിലും ബാധിക്കുമെന്നും ഇവര്‍ പറഞ്ഞു. പൊതു സമൂഹം ഇതിനെതിരേ ഒന്നിക്കണമെന്നും അവകാശങ്ങള്‍ നേടിയെടുക്കാന്‍ പ്രാപ്തരാകണമെന്നും കൂട്ടിച്ചേര്‍ത്തു. അരയങ്കോട് സന്ദര്‍ശനത്തിനുശേഷം തത്തേങ്ങലം, മേലാമുറി എന്നിവിടങ്ങളിലും ദയാബായ് സന്ദര്‍ശനം നടത്തി. സാമൂഹ്യ പ്രവര്‍ത്തകന്‍ ദിലീപ് കണ്ണമ്പ്ര, പരിസ്ഥിതി പ്രവര്‍ത്തകനായ കലൂര്‍ ശ്രീധരന്‍ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."