കുടുംബശ്രീ സ്ത്രീ ശാക്തീകരണത്തിന്റെ കേരള മാതൃക: മുഖ്യമന്ത്രി
രാജ്യത്തെ ആദ്യ മഹിളാ മാള്‍ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്:വൈവിധ്യവല്‍ക്കരണത്തിനു സ്ത്രീകള്‍ ഊന്നല്‍ നല്‍കി എന്നതിന്റെ മികച്ച ഉദാഹരണമാണ് രാജ്യത്തെ ആദ്യ വനിതാ സൗഹൃദ മാളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീ ശാക്തീകരണത്തിന്റെ കേരള മാതൃകയാണ് കുടുംബശ്രീ. വലിയ കോര്‍പറേറ്റുകള്‍ കൈയടക്കിയ മാളുകളെയാണ് കുടുംബശ്രീ ഏറ്റെടുക്കുന്നത്. കഴിയാവുന്ന മേഖലകളില്‍ നിന്നെല്ലാം സ്ത്രീകളെ ഒഴിവാക്കാന്‍ ശ്രമിക്കുന്ന കാലമാണിത്. എന്നാല്‍ സ്ത്രീകള്‍ ആരുടെയും പിന്നിലല്ല എന്ന സന്ദേശം ഉയര്‍ത്തുന്നതിനും അതു സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും ഇത്തരത്തിലുള്ള സംരംഭങ്ങള്‍ സഹായകരമാണ്.ഇന്ത്യയിലെ ആദ്യ സ്ത്രീ സൗഹൃദ മഹിളാ മാള്‍ കോഴിക്കോട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വനിതകള്‍ മാത്രമായുള്ള വാണിജ്യ കൂട്ടായ്മയാണിത്. ഉല്‍പാദനം, വിപണനം, വിതരണം എന്നിവയെല്ലാം സ്ത്രീകള്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. ഇത് രാജ്യത്തിനു മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരുടെയും അടിമയായുള്ള വളര്‍ച്ചയല്ല, മറിച്ച് സ്വന്തം കാലില്‍ നില്‍ക്കാനുള്ള സാഹചര്യമാണ് കുടുംബശ്രീ ഉറപ്പാക്കുന്നത്. ചെറിയ വരുമാനം മാത്രം ലഭിക്കുന്ന സ്ഥാപനങ്ങളില്‍നിന്ന് വലിയതിലേക്ക് ഉയര്‍ന്നുവന്നിരിക്കുകയാണ് വനിതകള്‍. തൊഴില്‍പരമായ ഏതു വെല്ലുവിളികളെയും സ്വീകരിക്കാനും സ്ത്രീകള്‍ക്ക് കഴിയുമെന്ന് ഇതിലൂടെ തെളിയിക്കുന്നു. കുടുംബശ്രീയില്‍ നിന്ന് ഇത്തരമൊരു സംരംഭം ഉയര്‍ന്നുവന്നതില്‍ അത്ഭുതപ്പെടാനില്ല. കാരണം അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം മികച്ചതാണ്. കുടുംബശ്രീയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏടില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും മുഖ്യമന്ത്രി ചടങ്ങില്‍ പങ്കുവച്ചു.
മൈക്രോ ബസാറിന്റെ ഉദ്ഘാടനം മന്ത്രി എ.സി മൊയ്തീന്‍ നിര്‍വഹിച്ചു. കിച്ചണ്‍മാര്‍ട്ട് മിനി സൂപ്പര്‍ മാര്‍ക്കറ്റ് മന്ത്രി ടി.പി രാമകൃഷ്ണനും കഫേ റസ്റ്ററന്റ് മന്ത്രി എ.കെ ശശീന്ദ്രനും ഉദ്ഘാടനം ചെയ്തു. ഫാമിലി കൗണ്‍സലിങ് സെന്റര്‍ മന്ത്രി കെ.കെ ശൈലജയും ട്രെയിനിങ് സെന്റര്‍ മന്ത്രി കടന്നപ്പള്ളി രാമന്ദ്രനും ഉദ്ഘാടനം ചെയ്തു. മാള്‍ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം സിനിമാതാരം സുരഭി ലക്ഷ്മിയും നിര്‍വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി. ബ്രാന്റിങ് കണ്‍സള്‍ട്ടന്റ് ചേരാസ് രവിദാസ്, ആര്‍ക്കിടെക്ട് കണ്‍സള്‍ട്ടന്റ് പി.എന്‍ നസീര്‍, എം.കെ രാഘവന്‍ എം.പി, എളമരം കരീം എം.പി, ബിനോയ് വിശ്വം എം.പി, പ്രദീപ് കുമാര്‍ എം.എല്‍.എ, വി.കെ.ി മമ്മദ്‌കോയ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍, ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സന്മാരായ അനിതാ രാജന്‍, ആശാ ശശാങ്കന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി.സി കവിത, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ എസ്. സുചിത്ര, പി. സി രാജന്‍, കെ.വി ബാബുരാജ്, എം.സി അനില്‍കുമാര്‍, എം. രാധാകൃഷ്ണന്‍, അഡ്വ പി.എം സുരേഷ്ബാബു, സി. അബ്ദുറഹിമാന്‍, പൊറ്റങ്ങാടി കിഷന്‍ചന്ദ്, നമ്പിടി നാരായണന്‍, കെ.പി വിനയന്‍, പി.എം ഗിരീഷന്‍, ടി. ഗിരീഷ് കുമാര്‍, എന്‍. ജയശീല, ഒ. രജിത, ടി.കെ ഗീത, കെ. ബീന പങ്കെടുത്തു. ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് സ്വാഗതവും പി.എം യൂനിറ്റ് ഗ്രൂപ്പ് സെക്രട്ടറി കെ. വിജയ നന്ദിയും പറഞ്ഞു. 54 സെന്റില്‍ 36,000 സ്‌ക്വയര്‍ ഫീറ്റില്‍ അഞ്ചു നിലകളുള്ള മാള്‍ 103 സംരംഭക ഗ്രൂപ്പുകളെ സംയോജിപ്പിച്ചുകൊണ്ടാണു പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതില്‍ 70 സംരംഭകര്‍ കുടുംബശ്രീയും ബാക്കിയുള്ളവ സ്വകാര്യ വനിതാ സംരംഭകരുമാണ്. ഏകദേശം അഞ്ഞൂറോളം സ്ത്രീകളാണു തൊഴില്‍ ചെയ്യുന്നത്. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണു പ്രവര്‍ത്തന സമയം. കൂടാതെ ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."