സന്ദീപ് പറഞ്ഞു- 'നിങ്ങള്‍ വരേണ്ട, ഞാന്‍ കൈകാര്യം ചെയ്യാം'
ബംഗളൂരു: 2008 നവംബര്‍ 26നു മുംബൈയിലുണ്ടായ ഭീകരാക്രമണത്തിനു പത്താണ്ട് പിന്നിടുകയാണ്. അന്നു സൈനിക നടപടിക്കിടെ രക്തസാക്ഷിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ എന്‍.എസ്.എസ്.ജിയിലെ സഹപ്രവര്‍ത്തകരോട് അവസാനം പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു, 'നിങ്ങള്‍ ആരും വരേണ്ട, ഞാന്‍ തന്നെ കൈകാര്യം ചെയ്‌തോളാം'. ഭീകരവാദികളെ നേരിടുന്നതില്‍ സഹപ്രവര്‍ത്തകര്‍ക്ക് അന്നു കരുത്തായതും ആ വാക്കുകളായിരുന്നു.
രാജ്യത്തിനായി അര്‍പ്പിതമായ ജീവിതമായിരുന്നു സന്ദീപിന്റേതെന്നു പിതാവ് ഉണ്ണികൃഷ്ണന്‍ പറയുന്നു. ജയിക്കണമെന്ന മനോഭാവമായിരുന്നു എപ്പോഴും അവനെന്നും പിതാവ് പറഞ്ഞു. അക്കാരണത്താലാണ് സച്ചില്‍ തെണ്ടുല്‍ക്കറെ ഇഷ്ടപ്പെട്ടത്. രാജ്യം എപ്പോഴും ജയിക്കണമെന്നായിരുന്നു അവന്റെയാഗ്രഹം. ഇന്ത്യ ഒരു മത്സരത്തില്‍ തോല്‍ക്കുമ്പോള്‍ വളരെയധികം നിരാശനായിരുന്നു. മികച്ച ശമ്പളമുണ്ടായിരുന്നെങ്കിലും മരിക്കുമ്പോള്‍ നാലായിരം രൂപയ്ക്കു താഴെമാത്രമായിരുന്നു സന്ദീപിന്റെ ബാങ്ക് ബാലന്‍സെന്നും പിതാവ് അനുസ്മരിച്ചു.
സന്ദീപ് നിരവധി ചാരിറ്റി സംരംഭങ്ങള്‍ക്കു സംഭാവന നല്‍കാറുണ്ടായിരുന്നു. തന്റെ മാതാവിനു സ്‌പൈനല്‍കോഡില്‍ അസുഖമുണ്ടായതിന്റെ ചെലവ് മുഴുവന്‍ വഹിച്ചത് സന്ദീപായിരുന്നെന്ന് അവന്റെ സഹപ്രവര്‍ത്തകന്‍ പറഞ്ഞിരുന്നതും പിതാവ് അനുസ്മരിച്ചു. മുംബൈ ഭീകരാക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സന്ദീപ് നവംബര്‍ 28നാണ് വീരമൃത്യു വരിച്ചത്. 2009 ജനുവരി 26നു രാജ്യം അദ്ദേഹത്തിന് അശോകചക്ര ബഹുമതി നല്‍കി.
ലഷ്‌കറെ ത്വയ്ബയുടെ പത്തു ഭീകരര്‍ നടത്തിയ അന്നത്തെ ആക്രമണത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ 166 പേരാണ് കൊല്ലപ്പെട്ടിരുന്നത്. ഭീകരരില്‍ ഒന്‍പതു പേരെയും സുരക്ഷാ സേന കൊലപ്പെടുത്തിയിരുന്നു. ജീവനോടെ പിടികൂടിയ അജ്മല്‍ കസബിനെ പിന്നീട് തൂക്കിലേറ്റി.
ആക്രമണത്തിനു പിന്നിലെ മുഖ്യ ആസൂത്രകനായ ഹാഫിസ് സഈദ് ഉള്‍പ്പെടെ ഏഴു പേര്‍ ഇപ്പോഴും പാകിസ്താനിലുണ്ട്. ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും പാകിസ്താന്‍ പരിഗണിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."