HOME
DETAILS
MAL
വഖ്ഫ് ബോര്‍ഡിനു വേണ്ടി ധവാന്‍ ഹാജരായത് ഭീഷണി വകവയ്ക്കാതെ
backup
November 09 2019 | 18:11 PM
ന്യൂഡല്‍ഹി: ഭീഷണിയും തെറിയഭിഷേകവും വകവയ്ക്കാതെയാണ് മുതിര്‍ന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ രാജീവ് ധവാന്‍, ബാബരി കേസില്‍ സുന്നി വഖ്ഫ് ബോര്‍ഡിനു വേണ്ടി ഹാജരായത്. ഒരുഘട്ടത്തില്‍ കോടതിയില്‍ നിന്നുള്ള സമീപനത്തില്‍ അസംതൃപ്തി അറിയിച്ച് ഇനി കോടതിയിലേക്കില്ലെന്ന് ധവാന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് തീരുമാനം മാറ്റി. സംഘ്പരിവാരില്‍ നിന്നുള്ള ഭീഷണിയെത്തുടര്‍ന്ന് ധവാന്‍ സുരക്ഷയാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കുകയും ഭീഷണിപ്പെടുത്തിയവര്‍ക്കെതിരേ കോടതി നടപടിയെടുക്കുകയും ചെയ്തു.
ബാബരി മസ്ജിദ് വിഷയത്തില്‍ ധവാന്‍ സ്വീകരിച്ച കടുത്ത നിലപാടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. അഫ്ഗാനില്‍ ബാമിയാന്‍ ബുദ്ധപ്രതിമകള്‍ താലിബാന്‍ തകര്‍ത്തതുപോലെ ഇന്ത്യയില്‍ ബാബരി മസ്ജിദ് ഹിന്ദുതാലിബാനികള്‍ തകര്‍ക്കുകയായിരുന്നുവെന്ന കേസിലെ വാദത്തിനിടെ അദ്ദേഹം നടത്തിയ നിരീക്ഷണം സംഘ്പരിവാര്‍ സംഘടനകളെ ഏറെ പ്രകോപിപ്പിച്ചിരുന്നു. ഹിന്ദുക്കളെ ഏത് അര്‍ഥത്തിലാണ് താലിബാന്‍ എന്നു വിശേഷിപ്പിച്ചതെന്ന് വാദത്തിനിടെ ഹിന്ദുമഹാസഭയുടെ അഭിഭാഷകന്‍ ചോദിച്ചപ്പോള്‍, അന്ന് പള്ളി തകര്‍ക്കുന്നതില്‍ പങ്കാളികളായ ഹിന്ദുക്കളെ കുറിച്ചുള്ള അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നായിരുന്നു ധവാന്റെ മറുപടി.
1992 ഡിസംബര്‍ ആറിന് തന്നെ ഹിന്ദുക്കളുടെ പ്രതിച്ഛായക്കു മങ്ങലേറ്റിട്ടുണ്ട്. ഒരു മതവിഭാഗത്തിന്റെ ആരാധനാലയം തകര്‍ക്കപ്പെട്ടപ്പോള്‍ നിങ്ങള്‍ എന്തെടുക്കുകയായിരുന്നു? ഞാന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു, അതൊരു ഭീകരപ്രവര്‍ത്തനം തന്നെയായിരുന്നു- എന്നായിരുന്നു ധവാന്റെ വാക്കുകള്‍.
2010ലെ അലഹബാദ് ഹൈക്കോടതി വിധിയിലും ധവാന്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. 'മുസ്‌ലിംകളുടെ നിയമപരമായ അവകാശങ്ങളെ എടുത്തുകളയുകയും ഹിന്ദുക്കളുടെ വൈകാരികതകളെ നിയമപരമായ അവകാശമാക്കി മാറ്റുകയും ചെയ്യുന്ന പഞ്ചായത്ത് നീതിയാണിത്- ധവാന്‍ പറഞ്ഞു. 1994ലാണ് ധവാന് സുപ്രിംകോടതിയുടെ മുതിര്‍ന്ന അഭിഭാഷക പദവി ലഭിക്കുന്നത്. കാംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയിലായിരന്നു ഉപരിപഠനം. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ ധവാന്‍, ഇന്റര്‍നാഷനല്‍ കമ്മിഷന്‍ ഓഫ് ജൂറിസ്റ്റ്‌സ് കമ്മിഷനര്‍ കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."